എണ്ണവിലയും വാക്‌സിന്‍ വിതരണവും രണ്ടാംപകുതിയില്‍ പശ്ചിമേഷ്യയില്‍ സാമ്പത്തിക വളര്‍ച്ച വേഗത്തിലാകും
1 min readകഴിഞ്ഞ വര്‍ഷത്തെ 5.2 ശതമാനം സാമ്പത്തിക ഞെരുക്കത്തിന് ശേഷം പശ്ചിമേഷ്യന്‍ സമ്പദ് വ്യവസ്ഥകള്‍ ഈ വര്‍ഷം 2.5 ശതമാനം വളര്‍ച്ച നേടുമെന്ന് ഒക്‌സ്ഫഡ് ഇക്കണോമിക്‌സ്
ദുബായ് എണ്ണവില മെച്ചപ്പെട്ട നിലയില്‍ തുടരുകയും മേഖലയിലെ രാജ്യങ്ങളില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള വാക്‌സിന്‍ വിതരണം കാര്യക്ഷമമായി തുടരുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം രണ്ടാംപകുതിയില്‍ പശ്ചിമേഷ്യയില്‍ സാമ്പത്തിക വളര്‍ച്ച വേഗത്തിലാകുമെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷത്തെ 5.2 ശതമാനം സാമ്പത്തിക ഞെരുക്കത്തിന് ശേഷം പശ്ചിമേഷ്യന്‍ സമ്പദ് വ്യവസ്ഥകള്‍ ഈ വര്‍ഷം 2010ലും 2019ലും രേഖപ്പെടുത്തിയതിന് സമാനമായി 2.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഇന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് (ഐസിഎഇഡബ്ല്യൂ) കമ്മീഷന്‍ ചെയ്ത ഒക്‌സ്ഫഡ് ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ജിസിസി മേഖല പ്രത്യേകിച്ച് കഴിഞ്ഞ വര്‍ഷത്തെ 5.4 ശതമാനം സാമ്പത്തിക ഞെരുക്കത്തിന് ശേഷം ഈ വര്‍ഷം 1.6 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോട് കൂടിയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വളരെ മന്ദഗതിയിലാണ് കഴിഞ്ഞ വര്‍ഷം ആഗോള സമ്പദ് വ്യവസ്ഥ നീങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമേഷ്യയിലും പല രാജ്യങ്ങളും സാമ്പത്തികമായി തകരുന്ന സ്ഥിതിയുണ്ടായി. വൈറസ് വ്യാപനം കുറയ്ക്കുന്നതിനായി യാത്രാ മേഖലയിലും തദ്ദേശീയ സമ്പദ് വ്യവസ്ഥകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എങ്കിലും, രോഗ നിയന്ത്രണം ലക്ഷ്യമിട്ടുകൊണ്ടുള്ള വാക്‌സിന്‍ വിതരണം ആരംഭിച്ച സാഹചര്യത്തില്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയോടെ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നും ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന വിലയും പുറത്ത് നിന്നുള്ള ശക്തമായ ഡിമാന്‍ഡും പശ്ചിമേഷ്യന്‍ മേഖലയ്ക്ക് നേട്ടമാകുമെന്നും റിപ്പോര്‍ട്ടില്‍ ഓക്‌സ്ഫഡ് ഇക്കോണമിക്‌സ് അഭിപ്രായപ്പെട്ടു.
എണ്ണ വിതരണം കുറയ്ക്കുന്നതിനായി ഒപെക് പ്ലസ് കരാറില്‍ ഒപ്പുവെച്ചതിന് ശേഷം എണ്ണവിലയുണ്ടായ വര്‍ധന പശ്ചിമേഷ്യന്‍ മേഖലയിലുള്ള രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകള്‍ക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ വില നിലവാരം നേരത്തെ ജിസിസി മേഖലയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന വിലയേക്കാള്‍ വളരെ കുറവാണെങ്കിലും ബജറ്റ് വിടവ് കുറയ്ക്കാനും കൂടുതല്‍ സാമ്പത്തിക ഏകീകരണത്തിനായുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും നിലവിലെ എണ്ണവിലയിലൂടെ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നത്. ധനക്കമ്മി കുറയ്ക്കുന്നതിനുള്ള വായ്പ ആവശ്യങ്ങള്‍ ഈ വര്‍ഷം കുറയുമെങ്കിലും വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ക്കുള്ള ഫണ്ടിംഗിനും കാലാവധിയെത്തിയ വായ്പകള്‍ക്കായി കുറഞ്ഞ പലിശയില്‍ പണം കണ്ടെത്തുന്നതിനുമായി ജിസിസി രാജ്യങ്ങള്‍ അന്താരാഷ്ട്ര കടപ്പത്ര വിപണിയില്‍ നിന്നുള്ള കടമെടുപ്പ് തുടരുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
എണ്ണവിപണിയെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നതിനായി ഒപെക് പ്ലസ് ഉല്‍പ്പാദനം തുടര്‍ന്നും വെട്ടിച്ചുരുക്കുമെന്നതിനാല്‍ ഈ വര്‍ഷം എണ്ണയ്ക്ക് ബാരലിന് ശരാശരി 62 ഡോളര്‍ വിലയാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. യുഎഇയില്‍ പാര്‍പ്പിടങ്ങളുടെ വരുമാനത്തില്‍ കുത്തനെയുള്ള ഇടിവിന് സാധ്യതയുണ്ടെങ്കിലും പ്രവാസികളുടെ മന്ദഗതിയിലുള്ള തിരിച്ചുവരവ് റിയല്‍എസ്റ്റേറ്റ് രംഗത്തെ സമ്മര്‍ദ്ദത്തിന് അയവ് വരുത്തിയേക്കും. പ്രാദേശികമായുള്ള പണപ്പെരുപ്പം 2019-2020ല്‍ കണ്ടതിനേക്കാള്‍ അധികമായിരിക്കുമെന്നും ശരാശരി 2.5 ശതമാനമാനമായിരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഇടപെടലിനെ തുടര്‍ന്ന് ഇറാന്‍ ലോകശക്തികളുമായുള്ള ആണവ കരാറിലേക്ക് തിരിച്ചുവരികയും ഇറാനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കപ്പെടുകയും ചെയ്യുന്നതോടെ ഇറാന്റെ എണ്ണ സമ്പദ് വ്യവസ്ഥ വലിയ നേട്ടമുണ്ടാക്കുമെന്നും രണ്ടക്ക പണപ്പെരുപ്പം കുറയ്ക്കാന്‍ അതിലൂടെ ഇറാന് സാധിക്കുമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. അതേസമയം ലെബനനില്‍ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും ആരോഗ്യമേഖലയിലെ ആശങ്കാജനകമായ സ്ഥിതിവിശേഷങ്ങളും സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ഇരുട്ടിലാക്കും. ഈ വര്‍ഷം ലെബനനില്‍ ജിഡിപി വളര്‍ച്ച 5.3 ശതമാനം താഴേക്ക് പോകുമെന്നാണ് ഒക്‌സ്ഫഡ് ഇക്കോണമിക്‌സിന്റെ പ്രവചനം. കഴിഞ്ഞ വര്‍ഷം 25 ശതമാനം സാമ്പത്തിക ഞെരുക്കമാണ് ലെബനനില്‍ ഉണ്ടായത്.
മേഖലയിലെ ഏറ്റവും മോശം വൈവിധ്യാത്മക സമ്പദ് വ്യവസ്ഥയായ ഇറാഖ് വീണ്ടും അന്താരാഷ്ട്ര നാണ്യ നിധിയില്‍ നിന്നും സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ്-19 കേസുകള്‍ കുറയ്ക്കുന്നതിനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഐസിഎഇഡബ്ല്യൂ യുഎഇയുടെ വളര്‍ച്ച നിഗമനം താഴ്ത്തിയിട്ടുണ്ട്. യുഎഇയിലെ എണ്ണ-ഇതര ജിഡിപി ഈ വര്‍ഷം 3.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഐസിഎഇഡബ്ല്യൂ കണക്കുകൂട്ടുന്നത്. മൂന്ന് മാസം മുമ്പുള്ള റിപ്പോര്‍ട്ടില്‍ ഇത് 4.2 ശതമാനമായിരുന്നു. വിദേശികള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം, യുഎഇ കമ്പനികളില്‍ സമ്പൂര്‍ണ വിദേശ ഉടമസ്ഥാവകാശം അനുവദിക്കാനുള്ള തീരുമാനം തുടങ്ങിയ പുതിയ നിയമങ്ങള്‍ യുഎഇക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറില്‍ ഈ വര്‍ഷം 2.8 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഐസിഎഇഡബ്ല്യൂ കണക്കുകൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ 3.1 ശതമാനം സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടിരുന്നു. മറ്റ് ജിസിസി രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിനുള്ള നടപടികള്‍ ഈജിപ്ത് സമ്പദ് വ്യവസ്ഥയ്ക്ക് ഈ വര്‍ഷം കാര്യമായ നേട്ടങ്ങള്‍ സമ്മാനിക്കില്ലെങ്കിലും കോവിഡാനന്തര കാലത്തെ വീണ്ടെടുപ്പിന് ഇത് അടിത്തറയാകുമെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു.
യുഎഇ, സൗദി അറേബ്യ,ബഹ്‌റൈന്‍, ജോര്‍ദാന്‍ അടക്കം മേഖലയിലെ നിരവധി രാജ്യങ്ങള്‍ പകര്‍ച്ചവ്യാധി കുറയ്ക്കുന്നതിനായി വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. യുഎഇ ഇതിനോടകം തന്നെ 7.6 ജശലക്ഷം വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു. ജനസംഖ്യയുടെ 35.4 ശതമാനം ആളുകളാണ് യുഎഇയില്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ സൗദി അറേബ്യയില്‍ 3.6 ദശലക്ഷം വാക്‌സിന്‍ വിതരണം ചെയ്തു. ജനസംഖ്യയുടെ 5.3 ശതമാനം പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ വാക്‌സിന്‍ ലഭിച്ചത്. മേഖലയിലെ മറ്റ് രാജ്യങ്ങളായ ജോര്‍ദാനിലും ലെബനനിലും പകര്‍ച്ചവ്യാധി വ്യാപനം കുറയ്ക്കുന്നതിനായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും വാക്‌സിനേഷന്‍ പരിപാടികളും കാര്യക്ഷമമായി നടക്കുന്നുണ്ട്.