45 ശതമാനം വിപണി വിഹിതവുമായി ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി
കൊവിഡ് 19 ബാധിച്ച 2020 ല്‍ ഏഴ് ശതമാനം വളര്‍ച്ച ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കൈവരിച്ചു
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കഴിഞ്ഞ വര്‍ഷം കൈവരിച്ചത് 45 ശതമാനം വിപണി വിഹിതം. എക്കാലത്തെയും ഉയര്‍ന്ന വിപണി വിഹിതമാണ് ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കരസ്ഥമാക്കിയത്. മാത്രമല്ല, മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍, കൊവിഡ് 19 മഹാമാരി ബാധിച്ച 2020 ല്‍ ഏഴ് ശതമാനം വളര്‍ച്ച ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കൈവരിച്ചു.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ 48 ശതമാനം വിഹിതവുമായി ഫ്‌ളിപ്കാര്‍ട്ട് തന്നെയാണ് ഒരിക്കല്‍കൂടി മുന്നില്‍. 44 ശതമാനം വിഹിതവുമായി ആമസോണ്‍ രണ്ടാം സ്ഥാനത്താണ്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ആമസോണ്‍ 34 ശതമാനം വളര്‍ച്ച നേടി. ഇതോടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ കാര്യത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായി ആമസോണ്‍ മാറിയെന്ന് കൗണ്ടര്‍പോയന്റ് റിസര്‍ച്ച് പറയുന്നു.
ഷവോമിയാണ് ടോപ് ഓണ്‍ലൈന്‍ ബ്രാന്‍ഡ്. റെഡ്മി, പോക്കോ ബ്രാന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളുടെ കരുത്തില്‍ 40 ശതമാനം വിപണി വിഹിതമാണ് ഷവോമി നേടിയത്. 19 ശതമാനം വിഹിതവുമായി ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസംഗ് രണ്ടാം സ്ഥാനം നേടിയെടുത്തു. ഗാലക്‌സി എം സീരീസാണ് ഇതിനു സഹായിച്ചത്. ആമസോണില്‍നിന്നുള്ള ആകെ ഷിപ്‌മെന്റുകളുടെ മൂന്നിലൊന്ന് സാംസംഗ് ഫോണുകളാണ്. റിയല്‍മിയാണ് മൂന്നാം സ്ഥാനത്ത്. 19 ശതമാനം തന്നെയാണ് വിഹിതം. 2020 ല്‍ ഫ്‌ളിപ്കാര്‍ട്ടിലെ ടോപ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് റിയല്‍മിയാണെന്ന് കൗണ്ടര്‍പോയന്റ് വ്യക്തമാക്കി. 2019 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 27 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. വൈ91ഐ, വൈ20, വി20 സീരീസുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ നാലാം സ്ഥാനം വിവോ നേടി. ആമസോണിലെ ടോപ് ഓണ്‍ലൈന്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് എന്ന ബഹുമതി വണ്‍പ്ലസ് നേടി. ഇന്ത്യയിലെ ആകെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അഞ്ചാമനാണ് വണ്‍പ്ലസ്. ഓണ്‍ലൈന്‍ വിപണിയിലെ ആകെ ഷിപ്‌മെന്റുകളുടെ 82 ശതമാനത്തില്‍ കൂടുതല്‍ ടോപ് 5 ബ്രാന്‍ഡുകള്‍ കരസ്ഥമാക്കി.
റിയല്‍മി, പോക്കോ എന്നിവയാണ് ഫ്‌ളിപ്കാര്‍ട്ടിലെ ടോപ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍. ഫ്‌ളിപ്കാര്‍ട്ടിലെ ആകെ ഷിപ്‌മെന്റുകളുടെ അമ്പത് ശതമാനത്തില്‍ കൂടുതല്‍ ഈ രണ്ട് ബ്രാന്‍ഡുകളും ചേര്‍ന്ന് നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്, ഓണ്‍ലൈന്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണി നേടിയത് 22 ശതമാനം വളര്‍ച്ചയാണ്. ആപ്പിള്‍, വണ്‍പ്ലസ്, സാംസംഗ് ബ്രാന്‍ഡുകളാണ് ഈ സെഗ്‌മെന്റിനെ നയിക്കുന്നത്. മാത്രമല്ല, ഈ സെഗ്‌മെന്റിലെ ആകെ ഷിപ്‌മെന്റുകളുടെ 90 ശതമാനത്തോളം ഈ മൂന്ന് ബ്രാന്‍ഡുകളുടെയും ഫോണുകളാണ്.