ഇന്ത്യയില്‍ ഈ വര്‍ഷം ഏഴ് എഎംജി മോഡലുകള്‍ അവതരിപ്പിക്കും
മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ എംഡി ആന്‍ഡ് സിഇഒ മാര്‍ട്ടിന്‍ ഷ്വെങ്ക് ഇക്കാര്യം സ്ഥിരീകരിച്ചു
ഇവയില്‍ ചില എഎംജി മോഡലുകള്‍ ഇന്ത്യയില്‍ തദ്ദേശീയമായി അസംബിള്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതായത്, മഹാരാഷ്ട്രയിലെ പുണെയ്ക്കു സമീപം ചാകണ്‍ പ്ലാന്റില്‍ വാഹന ഘടകങ്ങളും പാര്‍ട്ടുകളും കൂട്ടിയോജിപ്പിച്ച് പൂര്‍ണമായ എഎംജി കാറുകള്‍ നിര്‍മിക്കും. എഎംജി ജിഎല്‍സി 43 കൂപ്പെ, എഎംജി എ35 സെഡാന്‍ എന്നീ മോഡലുകള്‍ ഇതിനകം ഇന്ത്യയില്‍ അസംബിള്‍ ചെയ്തുതുടങ്ങിയിരുന്നു. വൈകാതെ കൂടുതല്‍ എഎംജി മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും.
മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യയില്‍ ഈ വര്‍ഷം ഇ ക്ലാസ് ഫേസ്‌ലിഫ്റ്റ്, എ ക്ലാസ് ലിമോസിന്‍ എന്നീ മോഡലുകള്‍ അവതരിപ്പിച്ചിരുന്നു. ഇനി പുതു തലമുറ ജിഎല്‍എ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കും. സി ക്ലാസ് കൂടി വൈകാതെ ഇന്ത്യയിലെത്തും. മാത്രമല്ല, ഈ രണ്ട് കാറുകളുടെയും എഎംജി വേര്‍ഷനുകളും വരും. ഈ രണ്ട് എഎംജി മോഡലുകളും ഇന്ത്യയില്‍ നിര്‍മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വൈകാതെ ലഭിച്ചുതുടങ്ങും.
ദിവസങ്ങള്‍ക്കുമുമ്പാണ് മെഴ്സേഡസ് ബെന്‍സ് എ ക്ലാസ് ലിമോസിന്‍, പെര്‍ഫോമന്‍സ് വേര്‍ഷനായ എഎംജി എ35 മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 39.90 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെങ്ങും എക്സ് ഷോറൂം വില. ജൂണ്‍ 30 വരെയുള്ള പ്രാരംഭ വിലയാണ് ജര്‍മന്‍ ആഡംബര ബ്രാന്‍ഡ് പ്രഖ്യാപിച്ചത്. പ്രോഗ്രസീവ് ലൈന്‍ എന്ന ഫുള്ളി ലോഡഡ് വേരിയന്റില്‍ മാത്രമാണ് എ ക്ലാസ് ലിമോസിന്‍ ലഭിക്കുന്നത്. മെഴ്സേഡസിന്റെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയാണ് എ ക്ലാസ് ലിമോസിന്‍ മോഡലിന് നല്‍കിയിരിക്കുന്നത്.