2021ല്‍ മാധ്യമ-വിനോദ വ്യവസായം 25% വളരും
1 min readഡിജിറ്റല്‍ മീഡിയ കഴിഞ്ഞ വര്‍ഷം അച്ചടി മേഖലയെ പരസ്യ വരുമാനത്തില്‍ മറികടന്നു.
ന്യൂഡെല്‍ഹി: ഏറെ വെല്ലുവിളികള്‍ നിറഞ്ഞ 2020നു ശേഷം ആഭ്യന്തര മാധ്യമ-വിനോദ വ്യവസായം 2021 ല്‍ വീണ്ടും വളര്‍ച്ചയുടെ പാതയിലേക്ക് എത്തുമെന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇ.വൈ നിരീക്ഷിക്കുന്നു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് & ഇന്‍ഡസ്ട്രിയുമായി (ഫിക്കി) ചേര്‍ന്ന് പുറത്തിറക്കിയ ഈ മേഖലയെക്കുറിച്ചുള്ള വാര്‍ഷിക പഠനത്തിലാണ് നിരീക്ഷണങ്ങള്‍.
കോവിഡ് -19 മഹാമാരി മൂലം കഴിഞ്ഞ വര്‍ഷം മാധ്യമ-വിനോദ വിപണി 24 ശതമാനം ഇടിവാണ് പ്രകടമാക്കിയത്. എന്നാല്‍ ഈ വര്‍ഷം 25 ശതമാനം വളര്‍ച്ച നേടി 1.73 ട്രില്യണ്‍ രൂപയിലേക്ക് മാധ്യമ വ്യവസായം എത്തുമെന്നാണ് വിലയിരുത്തല്‍. 2023 ഓടെ ഈ വിപണി 2.2 ട്രില്യണ്‍ രൂപയുടെ മൂല്യം മറികടക്കും. 17 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് ഇക്കാലയളവില്‍ പ്രകടമാക്കുക.
മാധ്യമ വ്യവസായത്തിലെ ഏറ്റവും വലിയ വിഭാഗമായി ടിവി തുടരുന്നു. അതേസമയം ഡിജിറ്റല്‍ മീഡിയ കഴിഞ്ഞ വര്‍ഷം അച്ചടി മേഖലയെ പരസ്യ വരുമാനത്തില്‍ മറികടന്നു. തിയറ്ററുകള്‍ ഭൂരിഭാഗം സമയവും അടഞ്ഞുകിടന്ന കളിഞ്ഞ വര്‍ഷം ചലച്ചിത്ര വ്യവസായത്തെ പരസ്യ വരുമാനത്തില്‍ മറികടക്കാന്‍ ഓണ്‍ലൈന്‍ ഗെയ്മിംഗിനായി. എന്നാല്‍ 2021ലും 2022ലും ഓണ്‍ലൈന്‍ ഗെയ്മിംഗിനെ മറികടന്ന് മുന്നിലെത്താന്‍ ചലച്ചിത്ര വ്യവസായത്തിന് സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.