ക്രിപ്റ്റോ കറന്‍സികളിലെ നിക്ഷേപം കമ്പനികള്‍ വെളിപ്പെടുത്തേണ്ടത് നിര്‍ബന്ധിതം
1 min readഓഡിറ്റ് റിപ്പോര്‍ട്ടിംഗിന്‍റെ വ്യാപ്തി വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് മറ്റ് ചില ഭേദഗതികള്‍
ന്യൂഡെല്‍ഹി: ക്രിപ്റ്റോകറന്‍സികളിലെ നിക്ഷേപം വെളിപ്പെടുത്തുന്നത് കമ്പനികള്‍ക്ക് നിര്‍ബന്ധിതമാക്കിക്കൊണ്ട് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) കമ്പനി നിയമത്തിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിനായുള്ള (സിഎസ്ആര്‍) ചെലവഴിക്കല്‍ ബിനാമി പ്രോപ്പര്‍ട്ടി ഇടപാടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റുമെന്‍റുകളില്‍ രേഖപ്പെടുത്തണം. സ്ട്രൈക്ക്-ഓഫ് സ്ഥാപനങ്ങളുമായുള്ള ബന്ധവും കമ്പനിയുടെ പേരിലല്ലാതെ കൈവശം വയ്ക്കുന്ന സ്ഥാവര വസ്തുക്കളുടെ ടൈറ്റില്‍ ഡീഡുകളുടെ വിശദാംശങ്ങളും കമ്പനികള്‍ വെളിപ്പെടുത്തേണ്ടതുണ്ട്.
കമ്പനികള്‍ ക്രിപ്റ്റോകറന്‍സികളില്‍ നടത്തിയ വ്യാപാരവും അത്തരം വ്യാപാരങ്ങളിലെ ലാഭവും നഷ്ടവും വ്യക്തമാക്കണം. മറ്റ് വ്യക്തികളില്‍ നിന്ന് ക്രിപ്റ്റോ കറന്‍സികള്‍ വഴി സ്വീകരിച്ച നിക്ഷേപവും വായ്പയും വെളിപ്പെടുത്തേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ക്രിപ്റ്റോ കറന്‍സികളെ സംബന്ധിച്ച ബില്‍ തയാറാക്കുന്നതിന് സര്‍ക്കാര്‍ ഇതിനകം ശ്രമിക്കുന്നുണ്ട്. ഡിജിറ്റല്‍ കറന്‍സികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച പുതിയ നിയമങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് നന്‍ഗിയ ആന്‍ഡേഴ്സണ്‍ പാര്‍ട്ണറായ നിശ്ചല്‍ എസ് അരോറ ചൂണ്ടിക്കാണിക്കുന്നു.
ഓഡിറ്റ് റിപ്പോര്‍ട്ടിംഗിന്‍റെ വ്യാപ്തി വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് മറ്റ് ചില ഭേദഗതികള്‍. അഡ്വാന്‍സ്, ലോണ്‍, നിക്ഷേപം മുതലായവയിലെ മാനേജ്മെന്‍റ് പ്രാതിനിധ്യം ഇനി മുതല്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ഓരോ ഇടപാടിന്‍റെയും ഓഡിറ്റ് ട്രയല്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്ന തരരത്തില്‍ ബുക്കുകള്‍ പരിപാലിക്കുന്നതിന് ആ എക്കൗണ്ടിംഗ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ കമ്പനികളോട് ആവശ്യപ്പെടുന്നതാണ് ഒരു ഭേദഗതി.
ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് പ്രകാരം കമ്പനിയുടെ ആസ്തികള്‍ക്കുള്ള മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങളും പാപ്പരത്തം സംബന്ധിച്ച കാര്യങ്ങളും കമ്പനികള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. പുതിയ നിയമങ്ങള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. മുന്‍വര്‍ഷങ്ങളിലെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകളും കമ്പനികള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. ഇതുവരെ, സിഎസ്ആര്‍ ചെലവ് ഡയറക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്‍റെ ഭാഗമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്പനികള്‍ അവരുടെ സാമ്പത്തിക പ്രസ്താവനകളില്‍ അത് വെളിപ്പെടുത്തേണ്ടതുണ്ട്.