ഡിഎഫ്ഐ-യിലൂടെ ഇന്‍ഫ്രാ മേഖലയ്ക്ക് മൂലധന ഒഴുക്ക് ഉറപ്പാക്കും: ധനകാര്യ സേവന സെക്രട്ടറി
ന്യൂഡെല്‍ഹി: അടുത്തിടെ പാസാക്കിയ നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ഡവലപ്മെന്‍റ് (നഫ്ഫിഡ്) ആക്റ്റിലൂടെ സ്ഥാപിക്കപ്പെടുന്ന ഡെവലപ്മെന്‍റല്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ (ഡിഎഫ്ഐ) ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലേക്ക്ഫണ്ടുകളുടെ സ്ഥിരമായ ഒഴുക്ക് ഉറപ്പാക്കുമെന്ന് ധനകാര്യ സേവന സെക്രട്ടറി ദേബാശിഷ് പാണ്ഡ്യ. നിലവിലെ മൂലധന അപര്യാപ്തതയ്ക്ക് ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യവല്‍ക്കരണത്തിനായി ബാങ്കുകളെ തെരഞ്ഞെടുക്കുന്ന നടപടികളിലാണ് കേന്ദ്രസര്‍ക്കാര്‍ എന്നും ഇതുവരെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിഷ്ക്രിയാസ്തി പ്രശ്നം വര്‍ധിച്ചതിന്‍റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പകള്‍ നല്‍കുന്നത് ബാങ്കുകള്‍ ഒഴിവാക്കിയിരുന്നതിനാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖല മൂലധനത്തിന്‍റെ അപര്യാപ്തത അനുഭവിക്കുന്നു.
ബാങ്കുകള്‍ക്ക് ദീര്‍ഘകാല വായ്പ നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഡിഎഫ്ഐ പോലുള്ള ഒരു ഉദ്യമത്തിലേക്ക് നീങ്ങിയത് എന്ന് ദേബാശിഷ് പാണ്ഡ്യ വ്യക്തമാക്കി. 2024 മുതല്‍ 7,671 അടിസ്ഥാന സൗകര്യ പദ്ധതികളിലായി 111 ട്രില്യണ്‍ രൂപ നിക്ഷേപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ മൂലധനച്ചെലവ് 5.54 ട്രില്യണ്‍ രൂപയിലെത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.