സൂപ്പര്‍ സോക്കോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയിലേക്ക്
ബേര്‍ഡ് ഗ്രൂപ്പുമായി വിമോട്ടോ കരാറില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു
ന്യൂഡെല്‍ഹി: സൂപ്പര്‍ സോക്കോ ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം നടത്തിയേക്കും. സൂപ്പര്‍ സോക്കോ എന്ന ഇവി ബ്രാന്‍ഡിന്റെ ഉടമസ്ഥരായ വിമോട്ടോ ഒരു ഇന്ത്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പുവെയ്ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വൈകാതെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ബേര്‍ഡ് ഗ്രൂപ്പുമായി വിമോട്ടോ കരാറില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇന്ത്യയില്‍ സൂപ്പര്‍ സോക്കോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കുന്നതും വിപണനം ചെയ്യുന്നതും ബേര്‍ഡ് ഗ്രൂപ്പ് ആയിരിക്കും. ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന് പതിനായിരം യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ബേര്‍ഡ് ഗ്രൂപ്പ് ഓര്‍ഡര്‍ ചെയ്യും. ഇന്ത്യയിലെ ഉപയോക്താക്കളുടെ പ്രതികരണം അറിയുന്നതിന് ഇതിനുമുമ്പായി കുറച്ച് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വരുത്തും.
നിലവില്‍ ഏതാനും ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകളാണ് സൂപ്പര്‍ സോക്കോ നിര്‍മിക്കുന്നത്. ഇവയില്‍ ഏതെല്ലാമാണ് ഇന്ത്യയില്‍ വരികയെന്ന് ഇപ്പോള്‍ വ്യക്തമല്ല. പൂര്‍ണമായി നിര്‍മിച്ചശേഷം ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്‌തേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനും സാധ്യത കാണുന്നു.