യുഎഇയിലെ വിദേശ നാണ്യ ശേഖരം 2.3 ശതമാനം ഉയര്‍ന്ന് 519 ബില്യണ്‍ ദിര്‍ഹമായി
1 min readരാജ്യത്തെ ബാങ്കുകളിലെ പണലഭ്യത പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തി
ദുബായ്: യുഎഇ ബാങ്കുകളുടെ വിദേശ നാണ്യ ശേഖരത്തില്‍ മൂന്ന് മാസത്തിനിടെ 12.6 ബില്യണ്‍ ദിര്‍ഹത്തിന്റെ വര്‍ധന. കഴിഞ്ഞ വര്‍ഷം നവംബറിനും ഈ വര്‍ഷം ജനുവരിക്കുമിടയിലാണ് ഈ വര്‍ധന. ഇതോടെ യുഎഇയുടെ മൊത്തത്തിലുള്ള വിദേശനാണ്യ ശേഖരം കഴിഞ്ഞ നവംബറിലെ 507 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്നും 519 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ വ്യക്തമാക്കി.
യുഎഇ ബാങ്കിംഗ് മേഖലയുടെ മികച്ച സാമ്പത്തിക അടിത്തറയ്ക്കും സാമ്പത്തിക, ധനകാര്യ വെല്ലുവിളികളെയും വിദേശ വിനിമയ നിരക്കുകളിലെ മാറ്റങ്ങളെയും നേരിടാനുള്ള കഴിവിനും തെളിവാണ് ബാങ്കുകളിലെ വിദേശനാണ്യ ശേഖരത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വര്‍ധന. സമീപകാലത്ത് ബാങ്കിംഗ് മേഖലയില്‍ പ്രകടമായിട്ടുള്ള ശുഭസൂചനകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ വരുംമാസങ്ങളിലും വിദേശ നാണ്യ ശേഖരത്തിലുള്ള വര്‍ധന തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യുഎഇ ബാങ്കിംഗ് മേഖലയിലെ പണലഭ്യത പകര്‍ച്ചവ്യാധിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്ക് തിരിച്ചെത്തിയതായി യുഎഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദുള്‍ഹമീദ് എം സയീദ് അല്‍അഹമ്മദി കഴിഞ്ഞിടെ വെളിപ്പെടുത്തിയിരുന്നു. 2.5 ശതമാനം ജിഡിപി വളര്‍ച്ചയോടെ യുഎഇ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കുമെന്നും അല്‍അഹമ്മദി അഭിപ്രായപ്പെട്ടു.
കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക ആഘാതത്തില്‍ നിന്നും രാജ്യത്തെ ബിസിനസുകളെ സംരക്ഷിക്കുന്നതിനും ബാങ്കുകളിലെ പണലഭ്യത വര്‍ധിപ്പിക്കുന്നതിനുമായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കേന്ദ്ര ബാങ്ക് 100 ബില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ് (ടെസ്)പ്രഖ്യാപിച്ചിരുന്നു. യുഎഇ ആസ്ഥാനമായുള്ള ബാങ്കുകള്‍ക്കുള്ള 50 ബില്യണ്‍ ദിര്‍ത്തിന്റെ പലിശ രഹിത വായ്പയും പാക്കേജിന്റെ ഭാഗമായിരുന്നു. ടെസിലെ പലിശ രഹിത വായ്പ പദ്ധതിയിലൂടെ യുഎഇ ബാങ്കുകള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ 22 ബില്യണ്‍ ദിര്‍ഹം വായ്പയെടുത്തതായി കേന്ദ്രബാങ്ക് വ്യക്തമാക്കി. അതേസമയം കഴിഞ്ഞ വര്‍ഷം രണ്ടാംപാദത്തില്‍ 44 ബില്യണ്‍ ദിര്‍ഹമായിരുന്നു ബാങ്കുകള്‍ ഈ പദ്ധതി വഴി വായ്പയെടുത്തത്. വ്യക്തികളും ചെറുകിട ഇടത്തരം സംരംഭങ്ങളും സ്വകാര്യ കോര്‍പ്പറേഷനുകളുമടക്കം 320,000 ഉപഭോക്താക്കള്‍ക്ക് ടെസ് പദ്ധതി നേട്ടമായതായി കേന്ദ്രബാങ്ക് അറിയിച്ചു.
തുടക്കത്തില്‍ ആറുമാസത്തേക്കായിരുന്നു ഈ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് കൂടുതല്‍ കാലത്തേക്ക് നീട്ടി. പലിശ രഹിത വായ്പ അടക്കം ടെസിന്റെ ഭാഗമായ പ്രധാന പദ്ധതികളുടെ കാലാവധി 2021 ജൂണ്‍ 30 വരെ നീട്ടിയതായി കഴിഞ്ഞ വര്‍ഷം കേന്ദ്രബാങ്ക് അറിയിച്ചിരുന്നു. ടെസ് പദ്ധതി യുഎഇയിലെ ബാങ്കിംഗ് മേഖലയ്ിലും സമ്പദ് വ്യവസ്ഥയിലും ഉണ്ടാക്കിയ മികച്ച പ്രതികരണത്തില്‍ സംതൃപ്തിയുണ്ടെന്ന് അല്‍അഹമ്മദി പറഞ്ഞു.
അതേസമയം ഡിജിറ്റല്‍വല്‍ക്കരണ, ചിലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി യുഎഇ ബാങ്കുകളില്‍ ശമ്പളം വെട്ടിക്കുറയ്ക്കലും ശാഖകള്‍ അടയ്ക്കലും തുടരുന്നതായി കേന്ദ്രബാങ്കില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനും ഡിസംബറിനുമിടയില്‍ രാജ്യത്തെ പതിനെട്ട് ബാങ്ക് ശാഖകളെങ്കിലും പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതോടെ രാജ്യത്തെ മൊത്തം ബാങ്ക് ശാഖകളുടെ എണ്ണ്ം 541 ആയി കുറഞ്ഞു. ഇതേ കാലഘട്ടത്തില്‍ ബാങ്കിംഗ് മേഖലയിലുള്ള 447 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇതോടെ മൊത്തത്തിലുള്ള ബാങ്ക് ജീവനക്കാരുടെ എണ്ണം 1.3 ശതമാനം കുറഞ്ഞ് 33,444 ആയി.