അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് ഈ വര്‍ഷം 1.87 ബില്യണ്‍ ദിര്‍ഹം ലാഭവിഹിതം നല്‍കിയേക്കും
2020ല്‍ ബാങ്കിന് ലഭിച്ച അറ്റാദായത്തിന്റെ 49 ശതമാനം ലാഭവിഹിതമായി വിതരണം ചെയ്യാനാണ് ശുപാര്‍ശ
അബുദാബി: കഴിഞ്ഞ വര്‍ഷം ലഭിച്ച അറ്റാദായത്തിന്റെ 49 ശതമാനം ലാഭവിഹിതമായി വിതരണം ചെയ്യാന്‍ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് (എഡിസിബി) ഡയറക്ടര്‍ ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തു. ഓഹരിയൊന്നിന് 0.27 ദിര്‍ഹമെന്ന കണക്കില്‍ 1.878 ബില്യണ്‍ ദിര്‍ഹമാണ് ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യാന്‍ ബാങ്ക് പദ്ധതിയിടുന്നത്. 36മാത് വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ ബാങ്കിന്റെ പുതിയ ചെയര്‍മാന്‍ ഖല്‍ദൂണ്‍ ഖലീഫ അല്‍ മുബാറകാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പുതിയ ചെയര്‍മാനെന്ന നിലയില്‍ പല പ്രവര്‍ത്തന മണ്ഡലങ്ങളിലും നടക്കുന്ന അടിസ്ഥാനപരമായ പരിവര്‍ത്തനങ്ങളില്‍ മൂലധന നിക്ഷേപം നടത്താനുള്ള ബാങ്കിന്റെ ശക്തി വര്‍ധിപ്പിക്കുന്നതില്‍ മറ്റ് ഓഹരിയുടമകള്‍ക്കൊപ്പം ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെമനന്ന് ഖല്‍ദൂണ്‍ പറഞ്ഞു. 2020ലെ വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തന അന്തരീക്ഷത്തിലും യൂണിയന്‍ നാഷണല്‍ ബാങ്കുമായും അല്‍ ഹിലാല്‍ ബാങ്കുമായുള്ള ലയനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ബാങ്കിന് സാധിച്ചു. മാത്രമല്ല, ബിസിനസ്, ഉപഭോക്തൃ രംഗങ്ങളിലെ മാറ്റം ലക്ഷ്യമാക്കി പഞ്ചവല്‍സര വികസന നയം എഡിസിബി നടപ്പിലാക്കിയതായും ബാങ്കിന്റെ ഉല്‍പ്പന, സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുകയുമാണ് ആ നയത്തിന്റെ ലക്ഷ്യമെന്നും ഖല്‍ദൂണ്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് യൂണിയന്‍ ബാങ്കും അല്‍ ഹിലാല്‍ ബാങ്കുമായുള്ള ലയന നടപടികള്‍ എഡിസിബി പൂര്‍ത്തിയാക്കിയത്. ഇതോടെ പത്ത് ലക്ഷത്തില്‍ പരം ഉപഭോക്താക്കളുമായി ആസ്തി നിലവാരത്തില്‍ യുഎഇയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി എഡിസിബി മാറി. ഡിജിറ്റല്‍ പരിവര്‍ത്തനം, സുസ്ഥിര വളര്‍ച്ച, മെച്ചപ്പെട്ട ഉപഭോക്തൃ സേവനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് എഡിസിബി വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ഖല്‍ദൂണ്‍ പറഞ്ഞു. ഏണ്‍സ്റ്റ് ആന്‍ഡ് യംഗിനെ പുറത്തുനിന്നുള്ള ഓഡിറ്ററായി നിയമിക്കാനുള്ള തീരുമാനത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി.
അബുദാബി ഫിനാന്‍സില്‍ നിന്നുള്ള ഏതാണ്ട് 1,000ത്തോളം പണയ ഇടപാടുകള്‍ ഏറ്റെടുക്കുന്നതിനായുള്ള കരാറില്‍ കഴിഞ്ഞ മാസം എസിഡിബി ഒപ്പുവെച്ചിരുന്നു.റീട്ടെയ്ല്‍, എസ്എംഇ മേഖലകളില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ ഈ കരാര്‍ എഡിസിബിയെ സഹായിക്കും. കഴിഞ്ഞ വര്‍ഷം 3.8 ബില്യണ്‍ ദിര്‍ഹമാണ് എഡിസിബി അറ്റാദായമായി റിപ്പോര്‍ട്ട് ചെയ്തത്. 2019ലെ 4.79 ബില്യണ്‍ ദിര്‍ഹത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 20.66 ശതമാനം ഇടിവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്.