പ്രൊഡക്ഷന്‍ സ്‌പെക് ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ മാര്‍ച്ച് 31 ന്
1 min readഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമായി പുറത്തിറക്കുന്ന ഉല്‍പ്പന്നമാണ് ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍
ന്യൂഡെല്‍ഹി: പ്രൊഡക്ഷന്‍ സ്‌പെക് ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ എസ്‌യുവി ഈ മാസം 31 ന് അനാവരണം ചെയ്യും. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമായി ജര്‍മന്‍ ബ്രാന്‍ഡ് പുറത്തിറക്കുന്ന ഉല്‍പ്പന്നമാണ് ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍. സണ്‍റൂഫ്, 10 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ ഉണ്ടായിരിക്കും.
കണ്‍സെപ്റ്റ് രൂപത്തിന് ഏറെക്കുറേ സമാനമായിരിക്കും ഉല്‍പ്പാദനത്തിന് തയ്യാറെടുക്കുന്ന ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍. കഴിഞ്ഞ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയിലാണ് കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശിപ്പിച്ചത്. ഫോക്‌സ്‌വാഗണ്‍ കാറുകളില്‍ കണ്ടുപരിചയിച്ച സ്റ്റൈലിംഗ് ലഭിക്കും. അതായത്, ടിഗ്വാന്‍ പോലുള്ള വലിയ ഫോക്‌സ്‌വാഗണ്‍ എസ്‌യുവികളുമായി സാമ്യം കാണാനാകും. ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ച എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്‌ഫോമിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ നിര്‍മിക്കുന്നത്. ഏകദേശം 4.2 മീറ്റര്‍ നീളം, 2.6 മീറ്റര്‍ വീല്‍ബേസ് എന്നിവ ഉണ്ടായിരിക്കും. വീല്‍ബേസിന്റെ നീളം പരിഗണിക്കുമ്പോള്‍ മിക്ക എതിരാളികളേക്കാളും കൂടുതലാണ്.
115 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 150 എച്ച്പി പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. ഭാവിയില്‍ ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമായി കൂടുതല്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് കാറുകള്‍ ഇതേ എന്‍ജിനുകള്‍ ഉപയോഗിക്കും. രണ്ട് എന്‍ജിനുകള്‍ക്കും 6 സ്പീഡ് മാന്വല്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായി ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനുകളായിരിക്കും.
ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ്, വരാനിരിക്കുന്ന സ്‌കോഡ കുശാക്ക് എന്നിവയായിരിക്കും എതിരാളികള്‍. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമായി തന്നെയാണ് സ്‌കോഡ കുശാക്ക് വരുന്നത്. മാത്രമല്ല, ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ പോലെ എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു.