ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഇടിവ്: നോമുറ
മുംബൈ: കോവിഡ് 19ന്‍റെ രണ്ടാം തരംഗം മഹാരാഷ്ട്രയ്ക്കപ്പുറത്തേക്ക് പടരുന്ന സാഹചര്യം യാത്രാ സംവിധാനങ്ങളെ ബാധിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയിലെ ബിസിനസ്സ് പ്രവര്‍ത്തനം കുറഞ്ഞുവെന്ന് ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറയുടെ വിലയിരുത്തല്‍. മാര്‍ച്ച് 21 ന് അവസാനിച്ച ആഴ്ചയില്‍ നോമുറ ഇന്ത്യ ബിസിനസ് പുനരാരംഭിക്കല്‍ സൂചിക (എന്‍ഐബിആര്‍ഐ) മുന്‍ ആഴ്ചയിലെ 95.4 ല്‍ നിന്ന് 95.1 ആയി കുറഞ്ഞു.
മൊബിലിറ്റി സൂചികകള്‍, തൊഴില്‍ പങ്കാളിത്ത നിരക്ക്, ഊര്‍ജ്ജ ആവശ്യകത തുടങ്ങിയ സൂചകങ്ങള്‍ കണക്കിലെടുക്കുന്ന സൂചിക ഫെബ്രുവരി 21 ന് 99.3 എന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു. അതില്‍ നിന്ന് കാര്യമായ ഇടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
മാര്‍ച്ച് പകുതിയോടെ, ഗൂഗിള്‍ വിവരങ്ങള്‍ പ്രകാരമുള്ള വര്‍ക്ക്പ്ലേസ് മൊബിലിറ്റി 3.7 ശതമാനം പോയിന്‍റ് ഇടിഞ്ഞു. അതിലെ റീട്ടെയില്‍, വിനോദ മൊബിലിറ്റി മുന്‍ ആഴ്ചയുമായുള്ള താരതമ്യത്തില്‍ 0.3 ശതമാനം പോയിന്‍റ് കുറഞ്ഞു. അതേസമയം കൂടുതല്‍ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ആപ്പിള്‍ ഡ്രൈവിംഗ് സൂചിക 2.6 ശതമാനം പോയിന്‍റ് കുറഞ്ഞുവെന്നും നോമുറയുടെ വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു.