ഇസ്രയേലുമായുള്ള ബന്ധം പുനഃസ്ഥാപിക്കല്‍: റിപ്പോര്‍ട്ടുകള്‍ തള്ളി ഖത്തറും സൗദി അറേബ്യയും
1 min readയുഎഇക്ക് ശേഷം പശ്ചിമേഷ്യയിലെ കൂടുതല്‍ രാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നായിരുന്നു നെതന്യാഹുവിന്റെ കണക്കുകൂട്ടല്‍
ദോഹ: തെരഞ്ഞെടുപ്പിന് മുമ്പായി പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഇസ്രയേലുമായുള്ള ബന്ധങ്ങള്‍ വീണ്ടെടുക്കാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് ഖത്തറും സൗദി അറേബ്യയും വ്യക്തമാക്കി. നാല് രാജ്യങ്ങള്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം സസ്ഥാപിക്കുന്നതിനുള്ള പദ്ധതിമധ്യേയാണെന്ന് കഴിഞ്ഞ ആഴ്ച നെതന്യാഹു പറഞ്ഞിരുന്നു. സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, നൈജര്‍ എന്നീ രാജ്യങ്ങളുമായാണ് ഇസ്രയേല്‍ ബന്ധം സ്ഥാപിക്കാനൊരുങ്ങുന്നതെന്ന് പിന്നീട് ഇസ്രയേലി ഇന്റെലിജന്‍സ് മന്ത്രി വെളിപ്പെടുത്തുകയും ചെയ്തു.
ഇസ്രയേലുമായുള്ള ബന്ധം വീണ്ടെടുക്കല്‍ പലസ്തീന്‍-ഇസ്രയേല്‍ പ്രശ്‌ന പരിഹാരത്തെ ആശ്രയിച്ചിരിക്കുമെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ സഹമന്ത്രി അദേല്‍ അല്‍-ജുബൈര്‍ പറഞ്ഞു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനും ഇതേ നിലപാട് ആവര്‍ത്തിച്ചു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നയതന്ത്രം കൂട്ടിക്കുഴയ്ക്കാനുള്ള നെതന്യാഹുവിന്റെ ശ്രമത്തിനെതിരെ കഴിഞ്ഞിടെ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ച ആദ്യ അറബ് രാഷ്ട്രമായ യുഎഇയും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴോ ഇനിമേലിലോ ഇസ്രയേലിന്റെ ആഭ്യന്തര തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ യുഎഇ ഒരു ഭാഗമാകാകുയില്ലെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവായ അന്‍വര്‍ ഗര്‍ഘാഷ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് അബുദാബി സന്ദര്‍ശിക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതി ജോര്‍ദാനുമായുള്ള പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിരുന്നു.
ഇസ്രയേലി പദ്ധതികളില്‍ യുഎഇ പത്ത് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന നെതന്യാഹുവിന്റെ അവകാശവാദവും യുഎഇ തള്ളി. ഇതുമായി ബന്ധപ്പെട്ട സാധ്യതാപഠനങ്ങള്‍ പ്രാരംഭദശയിലാണെന്നും നിക്ഷേപങ്ങള്‍ വാണിജ്യപരം മാത്രമായിരിക്കുമെന്നും രാഷ്ട്രീയവുമായി ഒരു ബന്ധവും ഉണ്ടായിരിക്കില്ലെന്നും യുഎഇയിലെ വാണിജ്യ, ആധുനിക സാങ്കേതികവിദ്യ വകുപ്പ് മന്ത്രി സുല്‍ത്താന്‍ അല്‍ ജബ്ബാര്‍ വ്യക്തമാക്കി.