വിദ്യാര്‍ത്ഥികള്‍ക്കായി ടാബ്‌ലറ്റുകള്‍ പുറത്തിറക്കി ലാവ
ലാവ മാഗ്നം എക്‌സ്എല്‍, ലാവ ഓറ, ലാവ ഐവറി എന്നീ മൂന്ന് മോഡലുകളാണ് അവതരിപ്പിച്ചത്
കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ പഠനം കുറേക്കൂടി എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചതെന്ന് ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ സുനില്‍ റെയ്‌ന പറഞ്ഞു. വീട്ടിലിരുന്നുകൊണ്ടുള്ള പഠനം ഇനി കൂടുതല്‍ എളുപ്പമാകുമെന്നും മണിക്കൂറുകളോളം പഠിക്കുന്നതിന് വലിയ ബാറ്ററി ശേഷിയോടെയാണ് ടാബ്‌ലറ്റുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ക്ലാസ് കഴിയുമ്പോഴും ഡിവൈസ് ചാര്‍ജ് ചെയ്യേണ്ട ആവശ്യം വരില്ല.
10.1 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീന്‍ നല്‍കിയാണ് ലാവ മാഗ്നം എക്‌സ്എല്‍ പുറത്തിറക്കിയത്. 6,100 എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്നു. ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ നല്‍കി. പരമാവധി ബ്രൈറ്റ്‌നസ് 390 നിറ്റ്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ പഠനസമയങ്ങളില്‍ കുട്ടികളുടെ കണ്ണുകള്‍ക്ക് വലിയ പ്രയാസം അനുഭവിക്കേണ്ടിവരില്ല. മുന്നില്‍ 2 എംപി കാമറ, പിന്നില്‍ 5 എംപി കാമറ ലഭിച്ചു. മീഡിയടെക് 2 ഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രൊസസറാണ് കരുത്തേകുന്നത്. 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് ലഭിച്ചു. 256 ജിബി വരെ വര്‍ധിപ്പിക്കാം.
8 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ് ലാവ ഓറ ടാബ്‌ലറ്റിന് ലഭിച്ചത്. 5,100 എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്നു. പിന്നില്‍ 8 എംപി കാമറ, മുന്നില്‍ 5 എംപി കാമറ ലഭിച്ചു. മെറ്റാലിക് ഫിനിഷ് നല്‍കി. മീഡിയടെക് 2 ഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രൊസസറാണ് കരുത്തേകുന്നത്. 7 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീന്‍ നല്‍കിയാണ് ലാവ ഐവറി വിപണിയിലെത്തിച്ചത്. 5 എംപി പ്രൈമറി കാമറ, 2 എംപി സെല്‍ഫി കാമറ ലഭിച്ചു. പിറകില്‍ ഹെയര്‍ബ്രഷ് ഫിനിഷ് നല്‍കി.
ഇതോടൊപ്പം, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോഴ്‌സുകള്‍ ലഭ്യമാക്കുന്നതിന് എജ്യുസാക്ഷവുമായി പങ്കാളിത്തം സ്ഥാപിച്ചതായി ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് പ്രഖ്യാപിച്ചു.