പുതിയ സ്‌കോഡ ഒക്ടാവിയ അടുത്ത മാസം
സ്‌കോഡ ഓട്ടോ ഇന്ത്യ വില്‍പ്പന, സര്‍വീസ്, വിപണന വിഭാഗം ഡയറക്റ്റര്‍ സാക്ക് ഹോളിസ് ഇക്കാര്യം സ്ഥിരീകരിച്ചു
ന്യൂഡെല്‍ഹി: നാലാം തലമുറ സ്‌കോഡ ഒക്ടാവിയ സെഡാന്‍ അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 2020 ഏപ്രില്‍ ഒന്നിന് ബിഎസ് 6 പ്രാബല്യത്തില്‍ വന്നതോടെ സ്‌കോഡ ഒക്ടാവിയ മോഡലിന്റെ ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിച്ചിരുന്നു. ഇതിനിടെ പുതു തലമുറ ഒക്ടാവിയ ആഗോളതലത്തില്‍ അവതരിപ്പിച്ചതിനാല്‍ നിലവിലെ മോഡല്‍ ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റുന്നതിന് പകരം പുതിയ ഒക്ടാവിയ ഇന്ത്യയില്‍ കൊണ്ടുവരാനാണ് ചെക്ക് കാര്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. ഡിസൈന്‍ പരിഷ്‌കാരം, അധിക ഫീച്ചറുകള്‍ എന്നിവ പുതിയ സ്‌കോഡ ഒക്ടാവിയ ഏറ്റുവാങ്ങും.
ഏപ്രില്‍ അവസാന വാരത്തില്‍ പുതു തലമുറ സ്‌കോഡ ഒക്ടാവിയ ഇന്ത്യയിലെത്തും. സ്‌കോഡ ഓട്ടോ ഇന്ത്യ വില്‍പ്പന, സര്‍വീസ്, വിപണന വിഭാഗം ഡയറക്റ്റര്‍ സാക്ക് ഹോളിസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് മെയ് അവസാനത്തോടെ ഡെലിവറി ആരംഭിക്കും. പുതു തലമുറ സ്‌കോഡ ഒക്ടാവിയ സെഡാന്റെ വില 17 ലക്ഷം രൂപയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായ് ഇലാന്‍ട്ര ആയിരിക്കും പ്രധാന എതിരാളി. പുതു തലമുറ സ്‌കോഡ ഒക്ടാവിയ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
ഇന്ത്യയില്‍ 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഉപയോഗിക്കുന്നത് എന്ന് പ്രതീക്ഷിക്കുന്നു. ഈ മോട്ടോര്‍ 190 പിഎസ് കരുത്തും 320 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. മാന്വല്‍ ഗിയര്‍ബോക്‌സ് നല്‍കില്ലെന്ന് പ്രതീക്ഷിക്കുന്നു. പകരം സ്റ്റാന്‍ഡേഡായി 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് നല്‍കും. പിന്നീടൊരു ഘട്ടത്തില്‍ 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ച് 1.5 ലിറ്റര്‍, ടിഎസ്‌ഐ എന്‍ജിന്‍ ഓപ്ഷന്‍ നല്‍കിയേക്കാം.