2019-20 ആരോഗ്യം, വിദ്യാഭ്യാസം, റെസ്റ്റോറന്‍റ് ചെലവിടലുകള്‍ വര്‍ധിച്ചു
1 min readവസ്ത്രം, ഡാറ്റ, മദ്യം എന്നിവയ്ക്കുള്ള ചെലവിടല്‍ കുറഞ്ഞു
ന്യൂഡെല്‍ഹി: മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 2019-20ല്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ ആരോഗ്യം, വിദ്യാഭ്യാസം, റെസ്റ്റോറന്‍റുകള്‍ എന്നിവയ്ക്കായി നടത്തിയ ചെലവിടല്‍ വര്‍ധിച്ചുവെന്ന് നാഷണല്‍ എക്കൗ ണ്ട്സ് സ്റ്റാറ്റിസ്റ്റിക്സ് (എന്‍എഎസ്) 2021 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പദ്ധതി നിര്‍വഹണ- സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഈ മൂന്നു മേഖലയിലും സ്വകാര്യ ഉപഭോക്താക്കളില്‍ നിന്നുള്ള അന്തിമ ചെലവിടല്‍ (പിഎഫ്സിഇ) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 9 ശതമാനം വര്‍ദ്ധിച്ചു. മൊത്തത്തില്‍ പിഎഫ്സിഇ 2018-19ലെ 79.27 ലക്ഷം കോടി രൂപയില്‍ നിന്ന് 5.61 ശതമാനം ഉയര്‍ന്ന് 83.72 ലക്ഷം കോടി രൂപയായി.
ലഹരിപാനീയങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവയ്ക്കുള്ള ചെലവിടലില്‍ ഇടിവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംഭവിച്ചിട്ടുള്ളത്. ആരോഗ്യമേഖലയിലെ പിഎഫ്സിഇ 9.45 ശതമാനം കുത്തനെ ഉയര്‍ന്ന് 3.8 ലക്ഷം കോടി രൂപയായി. വിദ്യാഭ്യാസ ചെലവില്‍ 9.19 ശതമാനം വര്‍ധനയും റെസ്റ്റോറന്‍റുകള്‍ക്കും ഹോട്ടലുകള്‍ക്കുമായുള്ള ചെലവില്‍ 8.73 ശതമാനം വളര്‍ച്ചയും ഉണ്ടായി.
അതേസമയം, ലഹരിപാനീയങ്ങളുടെ പിഎഫ്സിഇ 2019-20 ല്‍ 4.59 ശതമാനം ഇടിഞ്ഞ് 1.51 ലക്ഷം കോടി രൂപയായി. വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വിഭാഗത്തിലെ ചെലവിടല്‍ 3.45 ശതമാനം കുറഞ്ഞ് 4.39 ലക്ഷം കോടി രൂപയായി.
റൊട്ടി, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, മാംസം, മത്സ്യം, പാല്‍, മുട്ട, പഴം, പച്ചക്കറി എന്നിവയില്‍ ഉപഭോഗച്ചെലവ് ഉയര്‍ന്നുവെങ്കിലും പഞ്ചസാര, ജാം, ചോക്ലേറ്റ്, തേന്‍, മിഠായി എന്നിവയിലെ ചെലവിടല്‍ കുറഞ്ഞു. വാഹനങ്ങള്‍ വാങ്ങല്‍, ഫര്‍ണിഷിംഗ്, ഗാര്‍ഹിക ഉപകരണങ്ങള്‍, പതിവ് ഗാര്‍ഹിക പരിപാലനം എന്നിവയിലെ ചെലവിടലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞു.
നിക്ഷേപത്തിന്‍റെ സൂചകമായ മൊത്ത സ്ഥിര മൂലധന രൂപീകരണം (ജിഎഫ്സിഎഫ്) പ്രതിവര്‍ഷം 5.43 ശതമാനം വര്‍ധിച്ച് മൊത്തം 47.3 ലക്ഷം കോടി രൂപയായി. സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം മൂല്യവര്‍ദ്ധനവ് അല്ലെങ്കില്‍ ജിവിഎ ഗുജറാത്ത്, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2019-20ല്‍ കുറഞ്ഞു.