മ്യാന്‍മാര്‍ അഭയാര്‍ത്ഥികള്‍: കേന്ദ്രവും മിസോറാമും രണ്ടുതട്ടില്‍
ന്യൂഡെല്‍ഹി: മ്യാന്‍മാറിലെ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ കേന്ദ്രവും മിസോറാം സംസ്ഥാന സര്‍ക്കാരും രണ്ടുതട്ടില്‍. ഫെബ്രുവരി ഒന്നിന് സൈനിക അട്ടിമറി നടന്നതിനെത്തുടര്‍ന്നാണ് മിസോറാമിലേക്ക് അഭയാര്‍ത്ഥി പ്രവാഹമുണ്ടായത്. മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും സൗകര്യമൊരുക്കുന്നതിനായി മിസോറം സര്‍ക്കാര്‍ വാതിലുകള്‍ തുറക്കുകയും ഇത് സംബന്ധിച്ച് ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) പുറപ്പെടുവിക്കുകയും ചെയ്തു. സൈനിക ആക്രമണം ഭയന്ന് അയല്‍രാജ്യത്തുനിന്നുള്ള പോലീസുകാരും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് പൗരന്മാരാണ് മിസോറാമിലേക്ക് പലായനം ചെയ്തത്. അട്ടിമറിക്ക് ശേഷം മ്യാന്‍മാര്‍ സൈന്യം രാജ്യഭരണം ഏറ്റെടുക്കുകയും തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെ ജയിലിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇന്ത്യയും മ്യാന്‍മറും 1,643 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയാണ് പങ്കിടുന്നത്. ഇരുവശത്തുമുള്ള ആളുകള്‍ക്ക് കുടുംബബന്ധവുമുണ്ട്.
അഭയാര്‍ഥികള്‍ക്കായി മിസോറം സര്‍ക്കാര്‍ പുറപ്പെടുവിച്ച എസ്ഒപി ഉടന്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മ്യാന്‍മാറില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരെയും ചുമതലപ്പെടുത്തിയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് എസ്ഒപി പുറത്തിറക്കിയത്. ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ വകുപ്പ് എല്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. “ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ആവശ്യമെങ്കില്‍ വില്ലേജ് കൗണ്‍സില്‍ അംഗങ്ങളുമായും എന്‍ജിഒകളുമായും സഹകരിച്ച് വിവരങ്ങള്‍ ഏകോപിപ്പിക്കും.’ സംസ്ഥാന ആഭ്യന്തര വകുപ്പ് പറയുന്നു. രാഷ്ട്രീയവും സംഘടനാപരവുമായ ബന്ധങ്ങള്‍ മൂലം ഭീഷണി നേരിടുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗകര്യമൊരുക്കുകയും അഭയാര്‍ഥികളായി കണക്കാക്കുകയും ചെയ്യുമെന്ന് ഭരണകൂടം വ്യക്തമാക്കി.
‘ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ ബന്ധപ്പെട്ട വില്ലേജ് കൗണ്‍സിലുമായി പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ഗ്രാമം തിരിച്ചുള്ള ഒരു രജിസ്റ്റര്‍ സ്ഥാപിക്കുകയും ചെയ്യും. കൂടാതെ, വിദേശ പൗരന്മാരെ അഭയാര്‍ത്ഥികളായി കണ്ടെത്തി അംഗീകരിച്ചതിന് ശേഷം ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും.’ വൈദ്യസഹായം, ദുരിതാശ്വാസഹായം, പുനരധിവാസം, സുരക്ഷ എന്നിവ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശമുണ്ട്.
മ്യാന്‍മാര്‍ വിഷയത്തില്‍ മിസോറാം സ്വീകരിച്ച ഈ നിലപാടില്‍ തുടര്‍ന്ന് കേന്ദ്ര ര്‍ക്കാര്‍ അതൃപ്തി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അതിനുശേഷം സംസ്ഥാന ആഭ്യന്തര വകുപ്പ് എസ്ഒപി റദ്ദാക്കി. മാര്‍ച്ച് 10 ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നോര്‍ത്ത് ഈസ്റ്റ് ഡിവിഷന്‍ മ്യാന്‍മാറില്‍നിന്നുള്ള അനധികൃത അഭയാര്‍ത്ഥി പ്രവാഹത്തെക്കുറിച്ച് മിസോറം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ ചീഫ് സെക്രട്ടറിമാര്‍ക്കും അസം റൈഫിള്‍സ് ഡയറക്ടര്‍ ജനറലിനും ഒരു കത്ത് നല്‍കി. മ്യാന്‍മാറില്‍ നിന്ന് അഭയാര്‍ത്ഥികളെ അനുവദിക്കരുതെന്നും നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം കത്തില്‍ നിര്‍ദ്ദേശിക്കുന്നു. ഒരു വിദേശിക്കും അഭയാര്‍ത്ഥി പദവി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്നും 1951 ലെ യുഎന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷനിലും 1967 ലെ പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പിട്ടതല്ലെന്നും ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടുന്നു. മ്യാന്‍മാറിലെ നിലവിലെ ആഭ്യന്തര സാഹചര്യം കാരണം അതിര്‍ത്തിയിലൂടെ ഇന്ത്യന്‍ പ്രദേശത്തേക്ക് വന്‍തോതില്‍ അനധികൃതമായി കടന്നുകയറാന്‍ സാധ്യതയുണ്ടെന്ന് കത്തില്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഇനിയും അഭയാര്‍ത്ഥി പ്രവാഹമുണ്ടായാല്‍ തടയാനാണ് കേന്ദ്രനിര്‍ദേശം. അതിര്‍ത്തിരക്ഷാസേനയ്ക്കും ഇത് സംബന്ധിച്ച നിര്‍ദേശം ലഭിച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനും നാടുകടത്തല്‍ നടപടികള്‍ വേഗത്തിലും കാലതാമസവുമില്ലാതെ ആരംഭിക്കുന്നതിനും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.