ഫീസ് വരുമാനത്തിലുള്ള ഇടിവിനെ ജെംസ് ചിലവ് ചുരുക്കലിലൂടെ മറികടക്കണമെന്ന് മൂഡീസ്
1 min readഅടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ ഫീസ് വര്‍ധന മരവിപ്പിക്കാന്‍ യുഎഇ തീരുമാനിച്ചിരുന്നു
ദുബായ്: പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ ഫീസ് നിരക്ക് വര്‍ധന മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യുഎഇയിലെ പ്രമുഖ സ്‌കൂള്‍ നടത്തിപ്പുകാരായ ജെംസിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. വരുമാനവും ലാഭവും മെച്ചപ്പെടുത്തുന്നതിനായി ജെസ്, വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും സ്‌കൂളുകളുടെ യൂട്ടലൈസേഷന്‍ നിരക്കുകളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പക്ഷേ, കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങള്‍ നിലനില്‍ക്കുന്ന ഒരു പരിതസ്ഥിതിയില്‍ അത്തരം നയങ്ങള്‍ നടപ്പിലാക്കുക കടുപ്പമാണെന്നും മൂഡീസ് കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ ഫീസ് വര്‍ധന മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതീക്ഷിക്കപ്പെട്ടതാണെങ്കിലും അടുത്ത വര്‍ഷം വരുമാനം മെച്ചപ്പെടുത്താനുള്ള ജെംസിന്റെ ശേഷിയെ അത് സാരമായി ബാധിക്കുമെന്ന് മൂഡീസ് നിരീക്ഷിച്ചു. യുഎഇയില്‍ നിലവിലുള്ള ആരോഗ്യ പരിപാലന നിയന്ത്രണങ്ങളും മാക്രോ ഇക്കോണമിക് സാഹചര്യങ്ങളും ജെംസ് ബിസിനസിന് തുടര്‍ന്നും വെല്ലുവിളിയാകുമെന്നും ദുബായിലും അബുദാബിയിലുമുള്ള ജെംസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 75 ശതമാനം വരുമാനം മാത്രമേ നേടാനാകുകയുള്ളുവെന്നും മൂഡീസ് പ്രവചിച്ചു.
ഫീസ് വര്‍ധന മരവിപ്പിക്കാനുള്ള തീരുമാനത്തെ കാര്യക്ഷമമായ ചിലവ് ചുരുക്കല്‍ നടപടികളിലൂടെ മറികടക്കണമെന്നാണ ജെംസിന് മൂഡീസ് നല്‍കുന്ന ഉപദേശം. ജീവനക്കാരുടെ ശമ്പള വര്‍ധനയ്ക്ക് പരിധിയേര്‍പ്പെടുത്തുക, അനാവശ്യമായ ചിലവിടല്‍ വെട്ടിച്ചുരുക്കുക എന്നിവയാണ് മൂഡീസ് നിര്‍ദ്ദേശിക്കുന്ന ചിലവ് ചുരുക്കല്‍ നടപടികള്‍. ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് (2021 സെപ്റ്റംബര്‍) വളരെ മുമ്പ് തന്നെ പ്രഖ്യാപിച്ചതിനാല്‍ ഇത്തരം നടപടികള്‍ നടപ്പിലാക്കാന്‍ ജെംസിന് മുമ്പില്‍ ആവശ്യത്തിന് സമയമുണ്ടെന്നും മൂഡീസ് കൂട്ടിച്ചേര്‍ത്തു.
പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രങ്ങള്‍ മൂലം സ്‌കൂള്‍ ബസ് ഫീസുകളിലുണ്ടായ നഷ്ടം ജെംസ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് ബസ് സര്‍വീസ് കുറയുകയും യൂട്ടലൈസേഷന്‍, എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികള്‍ നിര്‍ത്തലാക്കുകയും ചെയ്തതോടെ കഴിഞ്ഞ വര്‍ഷം ജെംസിന്റെ വരുമാനം കുത്തനെ കുറഞ്ഞിരുന്നു.
നിലവിലുള്ള അനിശ്ചിതത്വങ്ങള്‍ മൂലം സമീപഭാവിയില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കേണ്ടെന്ന തീരുമാനത്തിലാണ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. തൊഴില്‍പരമായ അനിശ്ചിതത്വങ്ങളും വരുമാനത്തിലുള്ള ഇടിവും മൂലം യുഎഇയിലും ഗള്‍ഫിലെ മറ്റിടങ്ങളിലും ഉള്ള സ്‌കൂളുകളില്‍ പുതിയ അഡ്മിഷനുകള്‍ കുറയുന്ന സ്ഥിതിവിശേഷമുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത കുറച്ച് കാലത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായിരിക്കുമെന്നാണ് പ്രവചനം. അഡ്മിഷനിലും കുട്ടികളുടെ എണ്ണത്തിലുമുള്ള കുറവ് സ്‌കൂളുകളുടെ വരുമാനത്തെയും ലാഭത്തെയും ബാധിക്കുമെന്നും പുതിയ സ്‌കൂളുകളെന്ന ചിന്ത മാനേജ്‌മെന്റിന്റെ വിദൂര പ്രതീക്ഷകളില്‍ പോലും ഇല്ലെന്നും കണ്‍സള്‍ട്ടന്‍സിയായ ആല്‍ഫെന്‍ കാപ്പിറ്റല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കൃഷ്ണ ദനക് മുമ്പ് സൂചിപ്പിച്ചിരുന്നു.
അതേസമയം അടുത്ത കാലത്തൊന്നും പുതിയ സ്‌കൂളുകള്‍ ആരംഭിക്കാന്‍ ഇടയില്ലാത്തത് ജെംസിനെ പോലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേട്ടമാകുമെന്നും യുഎഇയിലും ഖത്തറിലുമുള്ള 20,000 സീറ്റുകള്‍ കണക്കിലെടുക്കുമ്പോള്‍ അവര്‍ക്ക് മുമ്പില്‍ സാമ്പത്തിക വീണ്ടെടുപ്പിന് വലിയ അവസരങ്ങള്‍ ഉണ്ടെന്നും മൂഡീസ് അഭിപ്രായപ്പെട്ടു.