ടാറ്റ കമ്മ്യൂണിക്കേഷനില്‍ നിന്ന് പുറത്തുകടന്നെന്ന് സര്‍ക്കാര്‍
ന്യൂഡെല്‍ഹി: ടാറ്റാ കമ്മ്യൂണിക്കേഷനില്‍ നിന്നുള്ള പുറത്തുകടക്കല്‍ പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ടാറ്റാ സണ്‍സിന്‍റെ വിഭാഗമായ പനാറ്റോണ്‍ ഫിന്‍വെസ്റ്റിന് 10 ശതമാനം ഓഹരി വിറ്റഴിച്ചതോടെയാണ് സര്‍ക്കാര്‍ പുറത്തുകടക്കുന്നത്. നേരത്തേ ഇന്ത്യാ ഗവണ്‍മെന്‍റിന് 26.12 ശതമാനം ഓഹരികളും പനാറ്റോണ്‍ ഫിന്‍വെസ്റ്റിന് 34.80 ശതമാനവും ടാറ്റാ സണ്‍സിന് 14.07 ശതമാനവും ഓഹരികള്‍ ടാറ്റാ കമ്മ്യൂണിക്കേഷന്‍സില്‍ ഉണ്ടായിരുന്നു. ബാക്കി 25.01 ശതമാനം പൊതുജനങ്ങളുടെ കൈവശമായിരുന്നു.
കമ്പനിയില്‍ നിന്നു പുറത്തുപോകുന്നതിന്‍റെ ഭാഗമായി റീട്ടെയില്‍, റീട്ടെയില്‍ ഇതര നിക്ഷേപകര്‍ക്ക് 16.12 ശതമാനം ഓഹരി സര്‍ക്കാര്‍ വിറ്റഴിച്ചു. ഇക്വിറ്റിക്ക് 1,161 രൂപ നിരക്കിലായിരുന്നു വില്‍പ്പന. ബാക്കി 10 ശതമാനം ഓഹരി പനറ്റോണ്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡിന് വിറ്റെന്ന് റെഗുലേറ്ററി ഫയലിംഗ് വ്യക്തമാക്കുന്നു.
മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമായി ഓഫര്‍ ഷെയറിന്‍റെ ചുരുങ്ങിയത് 25 ശതമാനം നീക്കിവെച്ചിരുന്നു. 10 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കമായും മാറ്റിവെച്ചു. ഓഫര്‍ ഫോര്‍ സെയ്ല്‍ 1.33 തവണ സബ്സ്ക്രൈബ് ചെയ്യപ്പെട്ടു.
1986 ല്‍ സര്‍ക്കാര്‍ രൂപീകരിച്ച വിദേഷ് സഞ്ചാര്‍ നിഗം ലിമിറ്റഡില്‍ 2002 ല്‍ ടാറ്റ ഗ്രൂപ്പ് ഓഹരി സ്വന്തമാക്കിയ ശേഷമാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍സ് രൂപീകരിച്ചത്.