ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെ വന്‍കുടലിലെ അര്‍ബുദ സാധ്യത കുറയ്ക്കാം
പൊതുവെ അറുപത് വയസ് കഴിഞ്ഞവരിലാണ് വന്‍കുടലിലെ അര്‍ബുദം കണ്ടുവരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുവാക്കളിലും ഈ അര്‍ബുദം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജീവിതശൈലിയിലെ പാളിച്ചകളും, ഭക്ഷണശീലങ്ങളും, പൊണ്ണത്തടിയും, വ്യായാമക്കുറവും ആണ് അതിനുള്ള പ്രധാന കാരണം.
ഇന്ത്യയിലും ലോകത്തും പുരുഷന്മാരില്‍ ഏറ്റവുമധികം കാണപ്പെടുന്ന മൂന്നാമത്തെ അര്‍ബുദമാണ് വന്‍കുടലിലെ അര്‍ബുദം. അടിക്കടി റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ച് അര്‍ബുദങ്ങളില്‍ ഒന്നുമാണ് ഇത്. അര്‍ബുദ കോശങ്ങളുടെ സാന്നിധ്യം എവിടെയാണെന്നതിനെ അടിസ്ഥാനപ്പെടുത്തി കോളണ്‍ കാന്‍സര്‍ എന്നും ബവല്‍ കാന്‍സര്‍ എന്നും റെക്ടല്‍ കാന്‍സര്‍ എന്നും ഇവയെ വിളിക്കാറുണ്ട്. പൊതുവെ വന്‍കുടലിനെയും മലാശയത്തെയുമാണ് ഇവ ബാധിക്കുന്നത്.
മാര്‍ച്ച് വന്‍കുടല്‍ അര്‍ബുദ ബോധവല്‍ക്കരണ മാസമായാണ് ആചരിക്കുന്നത്. ഈ അര്‍ബുദം പുരുഷന്മാര്‍ക്കും സത്രീകള്‍ക്കും വരാമെന്നും പ്രാരംഭ ദശയില്‍ തന്നെ ഇവയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുക പ്രയാസമാണെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാര്‍ച്ച് വന്‍കുട ബോധവല്‍ക്കരണ മാസമായി ആചരിക്കുന്നത്. ഈ അര്‍ബുദം വരാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കാമെന്നും വന്നാല്‍ എത്തരത്തില്‍ കൈകാര്യം ചെയ്യാമെന്നും എന്തൊക്കെ ചികിത്സകള്‍ ലഭ്യമാണെന്നും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
ലക്ഷണങ്ങള്‍
വന്‍കുടലിലുണ്ടാകുന്ന അര്‍ബുദം ലക്ഷണങ്ങളിലൂടെ തിരിച്ചറിയുക വളരെ പ്രയാസമാണെന്നതിനാല്‍ പല കേസുകളും തിരിച്ചറിയപ്പെടാതെ പോകുന്നത് സാധാരണമാണ്. ഇടക്കിടെയുള്ള പരിശോധനകളും രോഗനിര്‍ണയവും വന്‍കുടലിലെ അര്‍ബുദം കണ്ടെത്തുന്നതില്‍ പ്രധാനമാണ്. മലബന്ധം, അതിസാരം, മലത്തിന്റെ നിറ വ്യത്യാസം, മലത്തിലെ രക്തസാന്നിധ്യം, മലദ്വാരത്തിലൂടെയുള്ള രക്തസ്രാവം, അമിതമായ വായുശല്യം, അടിവയറ്റില്‍ വേദന എന്നിവ വന്‍കുടലിലെ അര്‍ബുദത്തിന്റെ ചില ലക്ഷണങ്ങളാണ്.
ചികിത്സ
അടുത്തകാലത്തായി വന്‍കുടലിലെ അര്‍ബുദം കണ്ടെത്തുന്നതിനായി പല രോഗ നിര്‍ണയ രീതികളും ചികിത്സകളും കണ്ടുപിടിച്ചിട്ടുണ്ട്. പൊതുവായുള്ള ചികിത്സരീതികളില്‍ നിന്നും വ്യക്തിഗതമായ ചികിത്സയിലേക്കുള്ള മാറ്റം രോഗിയുടെ ക്ഷേമത്തിനും വേഗത്തിലുള്ള രോഗമുക്തിക്കും ആണ് ഊന്നല്‍ നല്‍കുന്നത്. ശസത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി എന്നിവ സമന്വയിപ്പിച്ചുള്ള ചികിത്സാ സമീപനമാണ് വന്‍കുടലിലെ അര്‍ബുദത്തിനെതിരെ നിലവിലുള്ളത്. എന്നാല്‍ രോഗിയുടെ അവസ്ഥ, അര്‍ബുദത്തിന്റെ സ്ഥാനം, ഘട്ടം, മറ്റ് ആരോഗ്യസ്ഥിതികള്‍ എന്നിവയെ അടിസ്ഥാനമാക്കിയാകും ചികിത്സ തീരുമാനിക്കുകയെന്നത് ഓര്‍ത്തിരിക്കേണ്ടത് ആവശ്യമാണ്.
എഫ്ഒബിടി, കോളണോസ്‌കോപ്പി എന്നിവ വന്‍കുടലിലെ അര്‍ബുദം കണ്ടെത്തുന്നതിനുള്ള രണ്ട് പരിശോധനകളാണ്. പ്രാരംഭ ദശയില്‍ തന്നെ കണ്ടെത്തിയാല്‍ കോളണോസ്‌കോപ്പിക്കിടയില്‍ തന്നെ ട്യൂമര്‍ മുഴുവനായും നീക്കം ചെയ്യാന്‍ കഴിയും. അല്‍പ്പം കൂടി കഴിഞ്ഞിട്ടാണ് അര്‍ബുദം കണ്ടെത്തുന്നതെങ്കില്‍ കുടല്‍ ഭാഗികമായി മുറിച്ചുമാറ്റുന്ന കോളെക്ടമി, ഓസടമി എന്നീ ശസ്ത്രക്രിയകളാണ് സാധാരണയായി ചെയ്യുന്നത്. ശസ്ത്രക്രിയ കഴിഞ്ഞാല്‍ കീമോതെറാപ്പി, റേഡിയേഷന്‍, അര്‍ബുദ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ജീനുകളെയും പ്രോട്ടീനുകളെയും ലക്ഷ്യമിട്ടുള്ള ട്രാര്‍ഗെറ്റഡ് ഡ്രഗ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നീ തുടര്‍ചികിത്സകള്‍ ഉണ്ടാകും. പ്രായമുള്ളവര്‍ക്ക് പാലയേറ്റീവ് കെയറും ചികിത്സയുടെ ഭാഗമായി നിര്‍ദ്ദേശിക്കാറുണ്ട്.
വരാതിരിക്കാന്‍ എന്ത് ചെയ്യാം
പൊതുവെ അറുപത് വയസ് കഴിഞ്ഞവരിലാണ് വന്‍കുടലിലെ അര്‍ബുദം കണ്ടുവരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുവാക്കളിലും ഈ അര്‍ബുദം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജീവിതശൈലിയിലെ പാളിച്ചകളും, ഭക്ഷണശീലങ്ങളും, പൊ്ണ്ണത്തടിയും, വ്യായാമക്കുറവും ആണ് അതിനുള്ള പ്രധാന കാരണം. 45 വയസ് മുതല്‍ കൃത്യമായി രോഗ പരിശോധനകള്‍ നടത്തുക എന്നതാണ് വന്‍കുടലിലെ അര്‍ബുദത്തെ ലളിതമായി ഒഴിവാക്കുള്ള ഏറ്റവും മികച്ച മാര്‍ഗം. കുടലിലോ മലാശയത്തിലോ പ്രീകാന്‍സറസ് പോളിപ്‌സ് (അടിവയറ്റില്‍ കാണപ്പെടുന്ന ട്യൂമര്‍) ആയിട്ടാണ് വന്‍കിടലിലെ അര്‍ബുദം തുടങ്ങുക. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുക വഴി ഇവയെ പ്രാരംഭദശയില്‍ തന്നെ കണ്ടെത്താനാകും. കൃത്യസമയത്തുള്ള ഇടപെടല്‍ രോഗം വഷളാകാതെ സഹായിക്കും.
പുകവലി നിര്‍ത്തുകയും മദ്യപാനം കുറയ്ക്കുകയും ചെയ്യുന്നത് രോഗസാധ്യത കുറയ്ക്കും. പുകവലിയും അമിത മദ്യപാനവും വന്‍കുടലിലെ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കും. ആരോഗ്യദായകമായ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് രോഗത്തെ ചെറുക്കാനുള്ള മറ്റൊരു മാര്‍ഗം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ധാരാളമായി അടങ്ങിയ ഡയറ്റ് ശീലമാക്കുക. റെഡ് മീറ്റും പ്രൊസസ്ഡ് മീറ്റും കഴിവതും ഒഴിവാക്കുക. ദിവസേന വ്യായാമം ചെയ്യുന്നതും രോഗസാധ്യത കുറയ്ക്കും. അമിതവണ്ണം രോഗസാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്തുക.