പകര്‍ച്ചവ്യാധി മുന്‍നിര്‍ത്തി നവജാത ശിശുക്കളെ അമ്മമാരില്‍ നിന്ന് അടര്‍ത്തി മാറ്റരുതെന്ന് ലോകാരോഗ്യ സംഘടന
1 min readമാതാപിതാക്കളുടെ സാമീപ്യം നവജാത ശിശുക്കളുടെ അതിജീവനത്തില്‍ നിര്‍ണായകമാണെന്നും അത് അവരുടെ അവകാശമാണെന്നും ലോകാരോഗ്യ സംഘടനയിലെ മാതൃ-ശിശുരോഗ വിഭാഗം വിദഗ്ധ അന്‍ഷു ബാനര്‍ജി
കോവിഡ്-19 പകര്‍ച്ചവ്യാധി മുന്‍നിര്‍ത്തി നവജാത ശിശുക്കളെ അമ്മമാരില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് അസുഖമുള്ളവരും പൂര്‍ണവളര്‍ച്ചയെത്താത്തവരുമായ നവജാത ശിശുക്കളുടെ പരിചരണത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഇത്തരത്തില്‍ അനാവശ്യമായി കുഞ്ഞുങ്ങളെ അമ്മമാരില്‍ നിന്ന് അടര്‍ത്തി മാറ്റുന്നത് അവരെ മരണത്തിലേക്കും ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
കോവിഡ്-19 രോഗ ബാധിതരോ അല്ലെങ്കില്‍ രോഗബാധ സംശയിക്കുന്നവരോ ആയ അമ്മമാരെ അവരുടെ നവജാത ശിശുക്കളുമായി അടുത്തിടപഴകാനും ശരീരത്തോട് ചേര്‍ത്ത് പിടിച്ച് പരിചരിക്കാനും അനുവദിക്കാത്ത സ്ഥിതിവിശേഷമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട രണ്ട് പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇവരില്‍ മൂന്നിലൊരു വിഭാഗം അമ്മമാരെ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ പോലും ആരോഗ്യ പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മമാരെയും കുഞ്ഞുങ്ങളെയും ഒരുമിച്ചിരിക്കാന്‍ അനുവദിക്കുകയും ജനിച്ചത് മുതല്‍ കുഞ്ഞുങ്ങള്‍ക്ക് അമ്മമാരുടെ സാമീപ്യവും പരിചരണം ലഭ്യമാക്കുകയും ചെയ്താല്‍ 125,000ത്തിലധികം ജീവനുകള്‍ രക്ഷിക്കാനാകുമെന്ന് ലാന്‍സെറ്റ് ഇക്ലിനിക്കല്‍മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെവിടെയുമുള്ള നവജാത ശിശുക്കള്‍ക്ക് അവരുടെ അതിജീവനത്തില്‍ നിര്‍ണായകമായ മാതാപിതാക്കളുടെ സാമീപ്യത്തിന് അവകാശമുണ്ടെന്നും കോവിഡ്-19 പകര്‍ച്ചവ്യാധി കാരണം ഇത് നിഷേധിക്കപ്പെടരുതെന്നും ലോകാരോഗ്യ സംഘടനയിലെ മാതൃ, ശിശുവിഭാഗം വിദഗ്ധ അന്‍ഷു ബാനര്‍ജി പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കുഞ്ഞുങ്ങളെ അമ്മമാരില്‍ നിന്നും അടര്‍ത്തിമാറ്റുന്ന പ്രവണതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ശിശുമരണം കുറയ്ക്കുന്നതിനായി ദശാബ്ദങ്ങളായി ലോകം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വൃഥാവിലാകുമെന്നും അവര്‍ പറഞ്ഞു.
അമ്മാമാര്‍ക്ക് കോവിഡ്-19 സംശയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്താല്‍ പോലും ജനനം മുതല്‍ കുഞ്ഞും അമ്മയും ഒരേ മുറിയില്‍ തന്നെ കഴിയണമെന്നും കുഞ്ഞുങ്ങളെ മുലയൂട്ടാനും തൊട്ട് പരിചരിക്കാനുമുള്ള അവസരം അമ്മയ്ക്ക് ഉണ്ടാകണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. എന്നാല്‍ ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലെ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം 1,120 ആരോഗ്യ പ്രവര്‍ത്തകരില്‍ മൂന്നില്‍ രണ്ട് വിഭാഗക്കാരും അമ്മമാര്‍ക്ക് കോവിഡ്-19 സംശയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്താല്‍ ഇരുവരെയും തമ്മില്‍ വേര്‍പിരിക്കുമെന്നാണ് പറഞ്ഞത്. ഇവരില്‍ 85 ശതമാനം ആരോഗ്യ പ്രവര്‍ത്തകരും സ്വന്തം ആരോഗ്യ സുരക്ഷയും മാനസിക സമ്മര്‍ദ്ദവും സുരക്ഷയുമാണ് ഇതിനുള്ള കാരണമായി പറഞ്ഞത്. ചില ആശുപത്രികളില്‍ നവജാത ശിശുക്കള്‍ക്കുള്ള വാര്‍ഡുകളില്‍ നിന്നും ഓക്‌സിജന്‍ സിലണ്ടര്‍ അടക്കമുള്ള അടിയന്തര ഉപകരണങ്ങള്‍ കോവിഡ്-19 വാര്ഡുകളിലേക്ക് മാറ്റുന്ന സ്ഥിതിയുണ്ടെന്നും ചിലപ്പോള്‍ നവജാത ശിശു വാര്‍ഡിലെ ജീവനക്കാരെ പോലും കോവിഡ്-19 വാര്‍ഡുകളിലേക്ക് നിയോഗിക്കുന്നുണ്ടെന്നും സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.