തമിഴ്പുലികള്‍ക്കെതിരായ വിലക്ക് നീക്കും: വൈക്കോ
ചെന്നൈ: തമിഴ്പുലികള്‍ക്കെതിരായ വിലക്ക് നീക്കുമെന്ന വാഗ്ദാനവുമായി വൈക്കോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെ. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാണ് എംഡിഎംകെ. ശ്രീലങ്കയില്‍ തമിഴരെ കൊന്നതിന് ഉത്തരവാദികളായവരുടെ അന്താരാഷ്ട്ര കോടതിയിലെ വിചാരണയ്ക്ക് അവര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എംഡികെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നിയമസഭയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം,സംസ്ഥാനത്തിന്‍റെ വരുമാനത്തിന്‍റെ 30 ശതമാനം പഞ്ചായത്തുകള്‍ക്ക് അനുവദിക്കുക എന്നിവയും ഉള്‍പ്പെടുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ തദ്ദേശവാസികള്‍ക്ക് 90 ശതമാനം സംവരണം നല്‍കുമെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്നും ആറ്റോമിക് പവര്‍ സ്റ്റേഷനുകള്‍ അടച്ചുപൂട്ടുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. മദ്യ നിരോധനത്തിനായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി വൈക്കോ തമിഴ്നാട്ടിലുടനീളം 3,000 കിലോമീറ്റര്‍ യാത്ര ഏറ്റെടുത്തതായും ഇതിലൂടെയുണ്ടാകുന്ന വരുമാനനഷ്ടം എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിക്കാമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
എല്ലാ ആണവ നിലയങ്ങളും ഇല്ലാതാക്കേണ്ടതിന്‍റെ ആവശ്യകത എംഡിഎംകെ ഊന്നിപ്പറയുന്നു. കൂടങ്കുളം ആണവ നിലയത്തിനെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ തമിഴ്നാടിനെ ആണവോര്‍ജ്ജ രഹിത സംസ്ഥാനമാക്കി മാറ്റാന്‍ കഠിനമായി പരിശ്രമിക്കുമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കി. തമിഴ്നാട്ടിലെ നദികളുടെ തീരങ്ങളില്‍ നിന്ന് അനധികൃതമായി മണല്‍ ഖനനം ചെയ്യുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പ്രകടനപത്രിക ചൂണ്ടിക്കാട്ടുന്നു. കാട്ടുപള്ളി തുറമുഖം സംബന്ധിച്ച എതിര്‍പ്പ് പാര്‍ട്ടി പ്രകടിപ്പിച്ചിട്ടുണ്ട്. തിരുനെല്‍വേലിയെ തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് ഒഴിവാക്കി പ്രത്യേക റെയില്‍വേ ഡിവിഷന്‍ സൃഷ്ടിക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു. തമിഴ്നാട്ടിലെ 12 ക്ഷേത്രങ്ങളെ ലോക പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെയുത്തുമെന്നും എംഡിഎംകെ പറയുന്നു.