വീണ്ടുമൊരു മഹാമാരി ?ഡിസീസ് എക്സ് മുന്നറിയിപ്പുമായി ശാസ്ത്രലോകം; കൊറോണയേക്കാൾ മാരകം
1 min readകൊറോണയ്ക്ക് മുമ്പിൽ പകച്ചുനിൽക്കുന്ന ലോകജനതയ്ക്ക് ആശ്വസിക്കാൻ വകയുള്ളതല്ല ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പുതിയ വാർത്ത. കൊറോണയേക്കാൾ വിനാശകാരികളായ നിരവധി മാരക വൈറസുകളെ കരുതിയിരിക്കണമെന്നാണ് വൈദ്യശാസ്ത്ര മേഖലയിൽ നിന്നുള്ള പുതിയ നിർദ്ദേശം. ഇവയിൽതന്നെ ഡിസീസ് എക്സ് എന്ന് പേരിട്ടിരിക്കുന്ന വൈറസ് ലോകത്തെയൊന്നാകെ വീണ്ടും മുൾമുനയിൽ നിർത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. 1976ൽ എബോള വൈറസ് കണ്ടെത്താൻ സഹായിച്ച പ്രൊഫസർ ജീൻ ജാക്വസ് മ്യൂയുമ്പെ താംഫം എന്ന ശാസ്ത്രജ്ഞനാണ് മനുഷ്യരാശിക്ക് ഭീഷണിയായ വൈറസ്ജന്യ മഹാമാരികളെ കരുതിയിരിക്കണമെന്ന ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. എബോളയ്ക്ക് സമാനമായ ഡിസീസ് എക്സിനെതിരെ ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ആഫ്രിക്കൻ രാജ്യമായ കോംഗോ റിപ്പബ്ലിക്കിൽ കഴിഞ്ഞ മാസം ഒരു സ്ത്രീക്ക് എബോളയ്ക്ക് സമാനമായ രോഗം പിടപെട്ട സാഹചര്യത്തിലാണ് പുതിയ ജാഗ്രതാ നിർദ്ദേശം. എബോള ടെസ്റ്റും സമാന ലക്ഷണങ്ങളുള്ള മറ്റ് രോഗങ്ങൾക്കുള്ള ടെസ്റ്റുകളും നടത്തിയെങ്കിലും പുതിയ രോഗത്തിന് ഹേതുവായ രോഗാണു ഏതാണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. എബോളയേക്കാൾ 50-90 ശതമാനം വരെ മാരകവും കോവിഡ്-19യേക്കാൾ വലിയ പകർച്ചവ്യാധിയായി മാറാൻ ശേഷിയുള്ളതുമായ ഒരു പുതിയ രോഗാണു മൂലമുള്ള ഡിസീസ് എക്സ് എന്ന രോഗമാണോ ഇവർക്ക് പിടിപെട്ടതെന്നുള്ള സംശയത്തിലാണ് ശാസ്ത്രജ്ഞർ. ലോകാരോഗ്യ സംഘടനയുടെ 2018ലെ പകർച്ചവ്യാധികൾ സംബന്ധിച്ച ഗവേഷണ, വികസന നയരേഖകളിൽ ഡിസീസ് എക്സും ഇടം നേടിയിരുന്നു. കോവിഡ്-19, എബോള വൈറസ് രോഗം, ലാസ്സ വൈറസ് രോഗം തുടങ്ങി കൃത്യമായ മരുന്നോ ഫലപ്രദമായ വാക്സിനുകളോ ഇല്ലാത്ത ഒമ്പത് രോഗങ്ങളുടെ പേരുകളാണ് ഈ രേഖയിൽ ഉണ്ടായിരുന്നത്.
ഡിസീസ് എക്സ്
ഡിസീസ് എക്സിലെ എക്സ് എന്നത് അപ്രതീക്ഷിതം, വിശദീകരിക്കാൻ സാധിക്കാത്തത് എന്നാണ് അർത്ഥമാക്കുന്നത്. നിലവിൽ മനുഷ്യരിൽ ഒരു രോഗത്തിന് കാരണമാകുമോയെന്ന് കണ്ടെത്തിയിട്ടില്ലാത്ത രോഗാണു മാരകവും ഗുരുതരവുമായ പകർച്ചവ്യാധി ലോകത്തിൽ ഉണ്ടാക്കിയേക്കുമെന്ന അറിവാണ് ഡിസീസ് എക്സ് എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നു. അതായത് ഭാവിയിൽ ലോകമൊന്നാകെ പിടിപെടാനിടയുള്ളതെന്ന് ശാസ്ത്രജ്ഞരും ആരോദ്യ വിദഗ്ധരും ഭയക്കുന്ന, എന്നാൽ നിലവിൽ ഒരു സാങ്കൽപ്പത്തിൽ മാത്രമുള്ള ഒരു രോഗമാണ് ഡിസീസ് എക്സ്. അതേസമയം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് എത്താനിടയുള്ള (സൂണോറ്റിക് രോഗങ്ങൾ) നിരവധി രോഗങ്ങൾ ഭാവിയിൽ ഉണ്ടായേക്കുമെന്ന് ജീൻ ജാക്വസ് മ്യൂയുമ്പെ താംഫം പറയുന്നു. യെല്ലോ ഫീവർ, റാബിസ്, ബ്രൂസെല്ലോസിസ്, ലൈം തുടങ്ങിയ രോഗങ്ങൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്ന് പകർച്ചവ്യാധിക്ക് കാരണമായത് നാം കണ്ടതാണ്. ചിമ്പാൻസിയിൽ നിന്നും മനുഷ്യരിലേക്ക് എത്തി ജനിതകമാറ്റം വന്ന് ലോകത്തിൽ വലിയ നാശം വിതച്ച എച്ച്ഐവിയും, സാർസും മേഴ്സുമെല്ലാം മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് എത്തിയത്