പേമെന്‍റ് ആപ്പുകളില്‍ ആധിപത്യം തുടര്‍ന്ന് ഫോണ്‍പേ
യുപിഐ ഫെബ്രുവരിയില്‍ 4.25 ട്രില്യണ്‍ രൂപയുടെ മൊത്തം മൂല്യമുള്ള 2.29 ബില്യണ്‍ ഇടപാടുകള്‍ രേഖപ്പെടുത്തി
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും മികച്ച യുപിഐ ആപ്ലിക്കേഷനായി ഫോണ്‍പേ തുടരുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ പ്രോസസ്സ് ചെയ്ത പേമെന്‍റ് ആപ്ലിക്കേഷന്‍ ഫോണ്‍പേ ആണ് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഈ മേഖലയില്‍ അതിവേഗം വളരുമെന്ന പ്രതീക്ഷ ഫലവത്തായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഫെബ്രുവരിയില്‍ 32.41 കോടി രൂപയുടെ മൊത്തം മൂല്യമുള്ള 0.55 ദശലക്ഷം ഇടപാടുകള്‍ വാട്സ്ആപ്പ് പ്രോസസ്സ് ചെയ്തു. 29.72 കോടി രൂപയുടെ 0.81 ദശലക്ഷം ഇടപാടുകള്‍ പ്രോസസ്സ് ചെയ്ത ഡിസംബര്‍ മുതല്‍ ഇടപാടുകളുടെ എണ്ണം വാട്ട്സാപ്പില്‍ കുറയുകയാണ്. കഴിഞ്ഞ നവംബറിലെ പരിമിതമായ ലോഞ്ച് മുതല്‍, ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് 2.23 ദശലക്ഷം ഇടപാടുകള്‍ പ്രോസസ്സ് ചെയ്തു. ഇക്കാലയളവില്‍ മൊത്തം 9.04 ബില്യണ്‍ ഇടപാടുകള്‍ യുപിഐ പ്ലാറ്റ്ഫോമില്‍ നടന്ന സ്ഥാനത്താണിത്. വിപുലമായ പ്രവര്‍ത്തനം ആരംഭിക്കും മുന്‍പ് ഉപഭോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നതിനാല്‍ വാട്സ്ആപ്പ് ബോധപൂര്‍വം മന്ദഗതിയില്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഫെബ്രുവരിയില്‍ 1.89 ട്രില്യണ്‍ രൂപയുടെ മൊത്തം മൂല്യമുള്ള 975.53 ദശലക്ഷം ഇടപാടുകള്‍ വാള്‍മാര്‍ട്ടിന്‍റെ പിന്തുണയുള്ള ഫോണ്‍പേ പ്രോസസ്സ് ചെയ്തു. 1.91 ട്രില്യണ്‍ രൂപയുടെ 968.72 ദശലക്ഷം ഇടപാടുകള്‍ ജനുവരിയില്‍ പ്രോസസ്സ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഗൂഗിള്‍ പേ ഇടപാട് അളവില്‍ കുറവുണ്ടായി. നവംബറില്‍ 960 ദശലക്ഷം ഇടപാടുകള്‍ പ്രോസസ്സ് ചെയ്ത സ്ഥാനത്ത് ഫെബ്രുവരിയില്‍ 1.74 ട്രില്യണ്‍ രൂപയുടെ മൊത്തം മൂല്യമുള്ള 827.86 ദശലക്ഷം ഇടപാടുകളിലേക്ക് ഇത് കുറഞ്ഞു.
ഫെബ്രുവരിയില്‍ യുപിഐ വിപണിയിലെ ഇടപാടുകളുടെ എണ്ണത്തിന്‍റെ 78 ശതമാനത്തിലധികം ഫോണ്‍പേയും ഗൂഗിള്‍ പേയും ചേര്‍ന്ന് കൈയാളുന്നു.
ഇടപാടുകളുടെ മൂല്യത്തിന്‍റെ 85 ശതമാനം ഈ കമ്പനികളുടെ കൈവശമാണ്.
നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) മുന്‍നിര പേയ്മെന്‍റ് ഇന്‍റര്‍ഫേസായ യുപിഐ ഫെബ്രുവരിയില്‍ 4.25 ട്രില്യണ്‍ രൂപയുടെ മൊത്തം മൂല്യമുള്ള 2.29 ബില്യണ്‍ ഇടപാടുകള്‍ രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ ദിവസങ്ങള്‍ കുറവായതിനാല്‍ ജനുവരിയെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണം 0.42 ശതമാനവും മൂല്യം 1.39 ശതമാനവും കുറഞ്ഞു. എന്നിരുന്നാലും, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടപാടുകളുടെ അളവ് 73 ശതമാനവും മൂല്യം 90 ശതമാനത്തിലധികവും ഉയര്‍ന്നു.