November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ മെഴ്‌സേഡസ് ബെന്‍സ് ഇ ക്ലാസ് ഇന്ത്യയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 63.60 ലക്ഷം മുതല്‍ 80.90 ലക്ഷം രൂപ വരെ 
ഫേസ്‌ലിഫ്റ്റ് ചെയ്ത മെഴ്‌സേഡസ് ബെന്‍സ് ഇ ക്ലാസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 63.60 ലക്ഷം മുതല്‍ 80.90 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. അകത്തും പുറത്തും നിരവധി പരിഷ്‌കാരങ്ങളോടെയാണ് 2021 മെഴ്‌സേഡസ് ബെന്‍സ് ഇ ക്ലാസ് വരുന്നത്. ആറ് മാസം മുമ്പ് 2020 ബെയ്ജിംഗ് മോട്ടോര്‍ ഷോയിലാണ് പരിഷ്‌കരിച്ച ഇ ക്ലാസ് ആഗോള അരങ്ങേറ്റം നടത്തിയത്.

2017 ലാണ് എക്‌സ്‌റ്റെന്‍ഡഡ് വീല്‍ബേസ് ഇ ക്ലാസ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇ ക്ലാസ് എല്‍ഡബ്ല്യുബി വില്‍ക്കുന്ന ലോകത്തെ ഒരേയൊരു റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വിപണിയാണ് ഇന്ത്യ. സ്റ്റാന്‍ഡേഡ് വേര്‍ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇ ക്ലാസ് എല്‍ഡബ്ല്യുബി വകഭേദത്തിന് വീല്‍ബേസ് 140 എംഎം കൂടുതലാണ്. അതായത്, 2,939 മില്ലിമീറ്റര്‍. അതേസമയം, വീതിയിലും ഉയരത്തിലും മാറ്റമില്ല.

2021 മെഴ്‌സേഡസ് ബെന്‍സ് ഇ ക്ലാസിന് നവീകരിച്ച എക്സ്റ്റീരിയര്‍ ലഭിച്ചു. ആഡംബര സെഡാന്റെ മുന്‍ഭാഗം റീസ്റ്റൈല്‍ ചെയ്തു. ചേര്‍ത്തുവെച്ച ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ പുതുതായി മള്‍ട്ടി ബീം ഹെഡ്‌ലൈറ്റ് ക്ലസ്റ്റര്‍, റീഡിസൈന്‍ ചെയ്ത ബംപര്‍, വിസ്തൃതമായ ക്രോം ഗ്രില്‍ എന്നിവ കാണാം. പുതുതായി ഡിസൈന്‍ ചെയ്ത ചക്രങ്ങള്‍, നവീകരിച്ച ബൂട്ട് ലിഡ്, പുതുക്കിയ റിയര്‍ ബംപര്‍, പുതിയ റാപ്പ്എറൗണ്ട് എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ എന്നിവയാണ് മറ്റ് ഡിസൈന്‍ സവിശേഷതകള്‍.

പരിഷ്‌കരിച്ച കാബിനില്‍, വിവിധ കണ്‍ട്രോളുകള്‍ സഹിതം പൂര്‍ണമായും പുതിയ സ്റ്റിയറിംഗ് വളയം, ഓള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയ്ക്കായി 10.25 ഇഞ്ച് വലുപ്പമുള്ള രണ്ട് വലിയ ഡിസ്‌പ്ലേകള്‍ എന്നിവ കാണാം. ഏറ്റവും പുതിയ എംബിയുഎക്‌സ് മള്‍ട്ടിമീഡിയ ടെക് ലഭിച്ചു. പിന്‍ നിരയിലെ സീറ്റുകളിലെ ഇരിപ്പുസുഖം മെച്ചപ്പെടുത്തിയതായി ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ അറിയിച്ചു. പിന്‍ നിരയില്‍ നടുവില്‍ പുതുതായി ടച്ച്‌സ്‌ക്രീന്‍ കണ്‍സോള്‍, ഇരട്ട യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവ നല്‍കി.

പവര്‍ട്രെയ്‌നുകളില്‍ മാറ്റങ്ങളില്ല. 2.0 ലിറ്റര്‍, ഇന്‍ലൈന്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 194 എച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 2.0 ലിറ്റര്‍, ഇന്‍ലൈന്‍ 4 സിലിണ്ടര്‍ ഡീസല്‍ മോട്ടോര്‍ 192 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് രണ്ട് എന്‍ജിനുകളുടെയും കൂട്ട്. ബിഎംഡബ്ല്യു 5 സീരീസ്, ഔഡി എ6, ജാഗ്വാര്‍ എക്‌സ്എഫ് എന്നിവയാണ് എതിരാളികള്‍.

ഇ200 എക്‌സ്‌പ്രെഷന്‍ 63.60 ലക്ഷം രൂപ  

ഇ220ഡി എക്‌സ്‌പ്രെഷന്‍ 64.80 ലക്ഷം രൂപ  

ഇ200 എക്‌സ്‌ക്ലുസീവ് 67.20 ലക്ഷം രൂപ  

ഇ220ഡി എക്‌സ്‌ക്ലുസീവ് 68.30 ലക്ഷം രൂപ  

ഇ350ഡി 80.90 ലക്ഷം രൂപ

Maintained By : Studio3