സെപ്റ്റംബര്‍ 30 ഓടെ ചെക്കുകള്‍ ഏത് ബാങ്ക് ശാഖയിലും മാറ്റിയെടുക്കാം
1 min readന്യൂഡെല്‍ഹി: ഇമേജ് അധിഷ്ഠിത ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം (സിടിഎസ്) തങ്ങളുടെ എല്ലാ ശാഖകളിലേക്കും വ്യാപിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ബാങ്കുകളോട് ആവശ്യപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 30നകം ചെക്കുകള്‍ ഏത് ബാങ്ക് ശാഖകളിലും മാറ്റിയെടുക്കാനാകും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഫെബ്രുവരിയിലെ നയ അവലോകന യോഗത്തിലാണ് ഈ നടപടി ആദ്യം പ്രഖ്യാപിച്ചതെങ്കിലും മാര്‍ച്ചിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഇതു നടപ്പിലാക്കാന്‍ ഉചിതമെന്ന് തോന്നുന്ന ഒരു മാതൃക സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് റിസര്‍വ് ബാങ്ക് അറിയിപ്പില്‍ പറയുന്നു. എല്ലാ ശാഖകളിലും അനുയോജ്യമായ പശ്ചാത്തല വികസനം നടത്തുകയോ ഹബ് & സ്പോക്ക് മോഡല്‍ പിന്തുടരുകയോ ചെയ്യാം.
2010 മുതല്‍ സിടിഎസ് പ്രാബല്യത്തിലുണ്ട്. നിലവില്‍ 1,50,000 ശാഖകള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. എന്നിരുന്നാലും, സിടിഎസ് ക്ലിയറിംഗ് ക്രമീകരണത്തിന് പുറത്ത് 18,000 ശാഖകള്‍ ഇപ്പോഴും ഉണ്ട്. കൂടുതല്‍ സമയമെടുക്കുന്നതും ഉപഭോക്താക്കള്‍ അവതരിപ്പിക്കുന്ന ചെക്കുകള്‍ ശേഖരിക്കുന്നതിലെ ചെലവും കാരണം ഇത് ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്ന് റിസര്‍വ് ബാങ്ക് വിജ്ഞാപനത്തില്‍ അറിയിച്ചു.