വിദ്യാഭ്യാസ മന്ത്രാലയത്തിലെ 148 പ്രവാസികളെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ്
1 min readപൊതുമേഖലയില്‍ നൂറ് ശതമാനം സ്വദേശിവല്‍ക്കരണമാണ് കുവൈറ്റ് ലക്ഷ്യമിടുന്നത്
കുവൈറ്റ് സിറ്റി: പൊതുമേഖലയില്‍ നിന്നും കുവൈറ്റുകാരല്ലാത്ത ഉദ്യോഗസ്ഥരെ പുറത്താക്കുന്നതിന്റ ഭാഗമായി വിദ്യാഭ്യാസ മമന്ത്രാലയത്തിന് കീഴിലുള്ള 148 പ്രവാസികളുടെ തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ കുവൈറ്റ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 2020-2021 അധ്യയന വര്‍ഷത്തിന്റെ അവസാനത്തോട് കൂടി പിരിച്ചുവിടേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഭരണവിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി രജ്ജാ ബൗറകി മന്ത്രാലയത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പൊതു മേഖലയില്‍ സമ്പൂര്‍ണ കുവൈറ്റിവല്‍ക്കരണം നടപ്പിലാക്കാനുള്ള 2017ലെ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് ഈ നീക്കം. നൂറ് ശതമാനം കുവൈറ്റ് ഉദ്യോഗസ്ഥ വൃന്ദത്തെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസികള്‍ക്കും തൊഴില്‍ നഷ്ടപ്പെടും.
പൊതുമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം കുറയ്ക്കണമെന്ന് സിവില്‍ സര്‍വ്വീസ് ബ്യൂറോ റിപ്പോര്‍ട്ട് തയ്യാറാക്കിയതായി ജനുവരിയില്‍ കുവൈറ്റിലെ വ്യാപാര വാണിജ്യ വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസ മേഖലയില്‍ 97 ശതമാനം കുവൈറ്റിവല്‍ക്കരണം നടപ്പിലാക്കണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. റിപ്പോര്‍ട്ട് പുറത്തിറങ്ങുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് വിദേശത്ത് കുടുങ്ങിയിരിക്കുന്ന, താമസ രേഖയുടെ കാലാവധി കഴിഞ്ഞ കുവൈറ്റുകാരല്ലാത്ത അധ്യാപകരില്‍ 54 ശതമാനം പേരെ പിരിച്ചുവിട്ടേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സൂചന നല്‍കിയിരുന്നു. റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന 693 അധ്യാപകര്‍ യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്ന് കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ വിദേശങ്ങളില്‍ കുടുങ്ങിയിരുന്നു.