പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കി ബജാജ് പള്‍സര്‍ എന്‍എസ്200
രാജ്യത്തെ ഏറ്റവും വേഗമേറിയ ക്വാര്‍ട്ടര്‍ മൈല്‍ വീലി എന്ന റെക്കോര്‍ഡ് ബജാജ് പള്‍സര്‍ എന്‍എസ്200 മോട്ടോര്‍സൈക്കിള്‍ ഉപയോഗിച്ച് ഋഷികേശ് മാണ്ട്‌കെ കരസ്ഥമാക്കി
മുംബൈ: ഏറ്റവും വേഗമേറിയ ക്വാര്‍ട്ടര്‍ മൈല്‍ വീലി എന്ന പുതിയ ദേശീയ റെക്കോര്‍ഡ് ബജാജ് പള്‍സര്‍ എന്‍എസ്200 കരസ്ഥമാക്കി. ഇതോടെ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, എഫ്എംഎസ്‌സിഐ ഇന്ത്യന്‍ നാഷണല്‍ റെക്കോര്‍ഡ് പുസ്തകങ്ങളില്‍ ബജാജ് പള്‍സര്‍ എന്‍എസ്200 കയറിപ്പറ്റി. ഋഷികേശ് മാണ്ട്‌കെയാണ് വീലി അവതരിപ്പിച്ചത്. ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്‌സ് ഓഫ് ഇന്ത്യ (എഫ്എംഎസ്‌സിഐ) പ്രതിനിധിയുടെയും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് വിധികര്‍ത്താവിന്റെയും സാന്നിധ്യത്തിലായിരുന്നു ഈ റെക്കോര്‍ഡ് പ്രകടനം. 23.68 സെക്കന്‍ഡ് മാത്രം സമയമെടുത്താണ് ക്വാര്‍ട്ടര്‍ മൈല്‍ വീലി കാഴ്ച്ചവെച്ചത്. വിമാനങ്ങളുടെ വരവും പോക്കും നിര്‍ത്തിവെച്ചശേഷം രാജ്യത്തെ ഒരു വിമാനത്താവളത്തിന്റെ റണ്‍വേയിലായിരുന്നു പ്രകടനം. ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുത്തിരുന്നു.
ആവശ്യമായ എല്ലാ സുരക്ഷാ ഉപകരണങ്ങളും ഗിയറുകളും ഉപയോഗിച്ചാണ് ഋഷികേശ് മാണ്ട്‌കെ റെക്കോര്‍ഡ് പ്രകടനം കാഴ്ച്ചവെച്ചത്. ഷോറൂം സ്‌റ്റോക്ക് നിലവാരമുള്ള ബജാജ് പള്‍സര്‍ എന്‍എസ്200 മോട്ടോര്‍സൈക്കിളാണ് ഉപയോഗിച്ചത്. വീലി നടത്തുമ്പോള്‍ ടാര്‍മാക്കില്‍ ഉരയുന്നത് ഒഴിവാക്കാനായി നമ്പര്‍ പ്ലേറ്റുകളും പിറകിലെ മഡ്ഗാര്‍ഡും മാത്രം നീക്കം ചെയ്തു. 199.5 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ബജാജ് പള്‍സര്‍ എന്‍എസ്200 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 24.5 എച്ച്പി കരുത്തും 18.5 എന്‍എം ടോര്‍ക്കും ുപരമാവധി ഉല്‍പ്പാദിപ്പിക്കുന്നു.
ആദ്യ തലമുറ ബജാജ് പള്‍സറിലാണ് സ്റ്റണ്ട് പഠിച്ചതെന്നും പള്‍സര്‍ എന്‍എസ്200 ഉപയോഗിച്ച് വീലി നടത്തി റെക്കോര്‍ഡ് ബുക്കുകളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഋഷികേശ് മാണ്ട്‌കെ പ്രതികരിച്ചു. അസാധാരണ മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ടുകള്‍ നടത്തുന്നതിന് പെര്‍ഫോമന്‍സിന്റെയും സുരക്ഷയുടെയും കാര്യത്തില്‍ പള്‍സറിനെ എപ്പോഴും വിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നിര്‍മിത ബൈക്കുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ സ്റ്റണ്ട് റൈഡര്‍മാര്‍ ഇപ്പോള്‍ റെക്കോര്‍ഡ് ബുക്കുകളില്‍ കയറിക്കൂടുന്നതായി മാണ്ട്‌കെ ചൂണ്ടിക്കാട്ടി. ബജാജ് പള്‍സറിന്റെ യൂട്യൂബ് ചാനലില്‍ ഈ റെക്കോര്‍ഡ് പ്രകടനത്തിന്റെ വീഡിയോ കാണാന്‍ കഴിയും.