മാപ്‌സ് എഡിറ്റിംഗ് കൂടുതല്‍ എളുപ്പമാക്കാന്‍ ഗൂഗിള്‍
1 min readപുതിയ എഡിറ്റിംഗ് അനുഭവത്തെ ‘ഡ്രോയിംഗ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. മൈക്രോസോഫ്റ്റ് പെയിന്റിലെ ലൈന്‍ ടൂള്‍ ഉപയോഗിക്കുന്നതിന് സമാനമാണിത്
ഗൂഗിള്‍ ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, പുതിയ എഡിറ്റിംഗ് അനുഭവത്തെ ‘ഡ്രോയിംഗ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. മൈക്രോസോഫ്റ്റ് പെയിന്റിലെ ലൈന്‍ ടൂള്‍ ഉപയോഗിക്കുന്നതിന് സമാനമാണിത്. വരും മാസങ്ങളില്‍ എണ്‍പതിലധികം രാജ്യങ്ങളില്‍ പുതിയ പരിഷ്‌കരിച്ച ടൂള്‍ അവതരിപ്പിക്കും.
നിലവില്‍, മാപ്പില്‍ കാണാത്ത റോഡുകള്‍ ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രസ്തുത റോഡ് എവിടെയാണോ അവിടെ പിന്‍ ചെയ്യാന്‍ മാത്രമാണ് കഴിയുന്നത്. ഇവിടെ പാതയുടെ പേര് ടൈപ്പ് ചെയ്തശേഷം ആ വിവരം ഗൂഗിളിന് സമര്‍പ്പിക്കാം. ഈ പ്രക്രിയ കൂടുതല്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ടൂള്‍ കൊണ്ടുവരുന്നത്. മാപ്പില്‍ കാണാത്ത റോഡുകള്‍ ചേര്‍ക്കുക മാത്രമല്ല, പാതയുടെ പേര്, ദിശ എന്നിവ സംബന്ധിച്ച തിരുത്തലുകളും ഇനി എളുപ്പമായിരിക്കും.
മാപ്‌സ് ഉപയോക്താക്കളുടെ തിരുത്തലുകള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിന് ഗൂഗിള്‍ തീര്‍ച്ചയായും പരിശോധന നടത്തും. കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും ഗൂഗിളിന് സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ഗൂഗിള്‍ ഒരു സ്‌ക്രീന്‍ ഡിസ്‌പ്ലേ ചെയ്യും. ഒരു ബൈക്കിന് കടന്നുപോകാവുന്ന വഴി പാതയാണെന്ന് സമര്‍പ്പിക്കരുതെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കും. മറ്റുള്ളവരെ ദ്രോഹിക്കുന്നതിന് ഇല്ലാത്ത റോഡ് ഉണ്ടെന്ന് രേഖപ്പെടുത്തുകയും അരുത്. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ഗൂഗിള്‍ ഏഴ് ദിവസം വരെ എടുത്തേക്കാമെന്ന് ഇതേ സ്‌ക്രീനില്‍ അറിയിക്കും.
‘ഫോട്ടോ അപ്‌ഡേറ്റ്‌സ്’ എന്ന പുതിയ ഫീച്ചര്‍ കൂടി ഗൂഗിള്‍ മാപ്‌സിന് ലഭിക്കുമെന്ന് ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. വിശദമായ റിവ്യൂ എഴുതുന്നതിന് പകരം ഒരു സ്ഥലത്തിന്റെ ചെറിയ വിശദാംശങ്ങള്‍ പങ്കുവെയ്ക്കുന്നതിനാണ് ഈ ഫീച്ചര്‍ അവസരമൊരുക്കുന്നത്. ആപ്പില്‍ ഒരു ലൊക്കേഷന്റെ ചിത്രങ്ങള്‍ ചേര്‍ക്കുന്നത് കൂടാതെ, ചെറു കുറിപ്പുകളോടെ മറ്റുള്ളവര്‍ സമര്‍പ്പിച്ച ആ സ്ഥലത്തിന്റെ പുതിയ ഫോട്ടോകള്‍ കാണുന്നതിനും സാധിക്കും.