ജിമെയിലില്‍ ഇമെയില്‍ അഡ്രസ് എളുപ്പം കോപ്പി, പേസ്റ്റ് ചെയ്യാം
1 min readആപ്പിലെ ‘കംപോസ് മെയില്‍’ സ്‌ക്രീനില്‍ പുതുതായി കോപ്പി, റിമൂവ് ബട്ടണ്‍ ചേര്‍ത്തിരിക്കുകയാണ് ഗൂഗിള്‍
ന്യൂഡെല്‍ഹി: ജിമെയില്‍ ആപ്പ് ഉപയോഗിക്കുന്ന ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഇനി ഇമെയില്‍ വിലാസങ്ങള്‍ കോപ്പി, പേസ്റ്റ് ചെയ്യുന്നത് എളുപ്പമായിരിക്കും. ആപ്പിലെ ‘കംപോസ് മെയില്‍’ സ്‌ക്രീനില്‍ പുതുതായി കോപ്പി, റിമൂവ് ബട്ടണ്‍ ചേര്‍ത്തിരിക്കുകയാണ് ഗൂഗിള്‍. ഇമെയില്‍ വിലാസങ്ങള്‍ കോപ്പി, പേസ്റ്റ് ചെയ്യുന്നതും അതുപോലെ തന്നെ റിമൂവ് ചെയ്യുന്നതും പുതിയ മാറ്റത്തോടെ എളുപ്പമായിരിക്കും. പുതിയ പരിഷ്‌കാരം സംബന്ധിച്ച് ഗൂഗിള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍ ആന്‍ഡ്രോയ്ഡ് ആപ്പില്‍ പുതിയ ഫീച്ചര്‍ പ്രകടമാണ്. പുതിയ ഫീച്ചര്‍ ഒരുപക്ഷേ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലായിരിക്കും. ഉപയോക്താക്കള്‍ക്ക് ഘട്ടംഘട്ടമായി ലഭ്യമാക്കും.
‘ആന്‍ഡ്രോയ്ഡ് പൊലീസാ’ണ് പുതിയ ഫീച്ചര്‍ ആദ്യം കണ്ടുപിടിച്ചത്. ജിമെയിലില്‍ ഇനി ഇമെയില്‍ കംപോസ് ചെയ്യുമ്പോള്‍ ഇമെയില്‍ അഡ്രസില്‍ ടാപ്പ് ചെയ്താല്‍ കോപ്പി, റിമൂവ് എന്നീ ഓപ്ഷനുകള്‍ മുന്നില്‍ വരും. നേരത്തെ ഇമെയില്‍ അഡ്രസില്‍ ദീര്‍ഘനേരം അമര്‍ത്തിയാല്‍ മാത്രമായിരുന്നു പോപ്-അപ്പ് മെനു കാണാന്‍ കഴിഞ്ഞിരുന്നത്.
2020 നവംബറില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കായി ജിമെയില്‍ ആപ്പ് പരിഷ്‌കരിച്ചിരുന്നു. ഐഒഎസ് 14 (അതിന് മുകളിലും) ഉപയോഗിക്കുന്നവര്‍ക്കായി ഒരു വിജറ്റ് പുതുതായി ചേര്‍ക്കുകയാണ് ചെയ്തത്. മെയില്‍ സെര്‍ച്ച് അല്ലെങ്കില്‍ കംപോസ് ചെയ്യുന്നതിന് ഇതുവഴി സൗകര്യമൊരുക്കി. ഇതേസമയത്ത്, ‘ഡ്രൈവി’നായി വിജറ്റ് ചേര്‍ക്കുകയാണ് ഗൂഗിള്‍ ചെയ്തത്. ഗൂഗിള്‍ ക്ലൗഡില്‍ ശേഖരിച്ച ഡോക്യുമെന്റുകള്‍ സെര്‍ച്ച് ചെയ്യുന്നതിന് ഇതിലൂടെ കഴിയും.
2020 നവംബറില്‍ ജിമെയില്‍ മറ്റൊരു പരിഷ്‌കാരം ഏറ്റുവാങ്ങിയിരുന്നു. ജിമെയിലിന് കോണ്‍ടാക്റ്റ്‌സ് ടാബ് നല്‍കുകയാണ് ഗൂഗിള്‍ ചെയ്തത്. ഈ മാറ്റത്തോടെ ഉപയോക്താക്കള്‍ക്ക് വിശദമായ ഇന്‍ഫര്‍മേഷന്‍ കാര്‍ഡ് കാണാന്‍ അവസരമൊരുക്കി. ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, ടീം, മാനേജര്‍, ഓഫീസ് ലൊക്കേഷന്‍ എന്നീ വിവരങ്ങളാണ് കാര്‍ഡില്‍ ഉള്‍പ്പെടുന്നത്.