അന്താരാഷ്ട്ര വിമാന സര്‍വ്വീസ് മേയ് 17ന് പുനഃരാരംഭിക്കുമെന്ന് സൗദി അറേബ്യ
1 min readമാര്‍ച്ച് 31ന് അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിക്കുമെന്നായിരുന്നു ജനുവരിയില്‍ സൗദി അറിയിച്ചിരുന്നത്
ജിദ്ദ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വ്വീസ് മേയ് പതിനേഴിനേ പുനഃരാരംഭിക്കുകയുള്ളുവെന്ന് സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ അതോറിട്ടി. പ്രാദേശിക വിമാനത്താവളങ്ങള്‍ക്ക് അയച്ച പ്രസ്താവനയിലാണ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിനും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുന്നതിനുമുള്ള തീയ്യതി മാര്‍ച്ച് 31ല്‍ നിന്നും മേയ് 17 ആയി നീട്ടിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിട്ടി വ്യക്തമാക്കിയത്.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി രൂക്ഷമായിട്ടുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുന്നത് തുടരുമെന്നും അതോറിട്ടി അറിയിച്ചിട്ടുണ്ട്. അതേസമയം മേഖലയിലെ മറ്റ് എതിരാളികളെ അപേക്ഷിച്ച് സൗദിയിലെ ആഭ്യന്തര വിമാനക്കമ്പനികള്‍ വളരെ പെട്ടന്ന് പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. അയല്‍രാജ്യങ്ങളിലെ വ്യോമയാന മേഖലകള്‍ക്ക് വിരുദ്ധമായി സൗദിയിലെ ആഭ്യന്തര വ്യോമയാന മേഖല വളരെ ശക്തമായ തിരിച്ചുവരവ് നടത്തുന്നുവെന്ന് കാപ്പ ലൈവ് എന്ന വ്യോമയാന പരിപാടിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
പൊതുവെ ദുര്‍ബലമായ ആഭ്യന്തര വിപണികളുള്ള പശ്ചിമേഷ്യയാണ് ആഗോളതലത്തില്‍ വ്യോമയാന മേഖലയ്ക്കുണ്ടായ മാന്ദ്യത്തില്‍ ഏറ്റവുമധികം തിരിച്ചടികള്‍ ഏറ്റുവാങ്ങിയത്. എന്നാല്‍ സൗദി അറേബ്യയില്‍ ആഭ്യന്തര വിപണിയില്‍ തിരിച്ചുവരവ് സംബന്ധിച്ച ശുഭസൂചനകള്‍ കണ്ട് തുടങ്ങിയതായി കാപ അനലിസ്റ്റായ റിച്ചാര്‍ഡ് മസ്ലെന്‍ അഭിപ്രായപ്പെട്ടു. സൗദിയില്‍ ആഴ്ച തോറുമുള്ള ആഭ്യന്തര വിമാന സര്‍വ്വീസ് 3,000ത്തിനടുത്തെത്തി. കോവിഡ്-19 യാത്രാ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പുള്ള കഴിഞ്ഞ വര്‍ഷം ആദ്യ രണ്ട് മാസത്തെ അപേക്ഷിച്ച് ആഭ്യന്തര സര്‍വ്വീസുകളില്‍ കേവലം 23 ശതമാനത്തിന്റെ ഇടിവാണ് ഇപ്പോഴുള്ളത്.