വാക്‌സിനെടുക്കൂ, അല്ലെങ്കില്‍ കോവഡ്-19 പരിശോധനകള്‍ക്ക് പണം മുടക്കൂ; ജീവനക്കാരോട് എമിറേറ്റ്‌സ്
1 min readകഴിഞ്ഞ ജനുവരി മുതല്‍ ജീവനക്കാര്‍ക്ക് എമിറേറ്റ്‌സ് ഫൈസര്‍, സിനോഫാം വാക്‌സിനുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്.
ദുബായ്: കൊറോണ വൈറസിനെതിരായ സൗജന്യ വാക്‌സിന്‍ സ്വീകരിക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് ദുബായിലെ എമിറേറ്റ്‌സ് വിമാനക്കമ്പനി. വാക്‌സിന്‍ എടുക്കാത്തവര്‍ രോഗമില്ലെന്ന് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകള്‍ക്ക് പണം മുടക്കേണ്ടി വരുമെന്നും എമിറേറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രശ്‌നം സൃഷ്ടിക്കുമെന്നാണ് എമിറേറ്റ്‌സ് പറയുന്നത്.
മാര്‍ച്ച് 15 മുതല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പായി രോഗമില്ലെന്ന തെളിയിക്കുന്ന പരിശോധനയ്ക്ക് പണം നല്‍കണമെന്നാണ് കാബിന്‍ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ എമിറേറ്റ്‌സ് വ്യക്തമാക്കിയിരിക്കുന്നത്. ഭാവിയില്‍ വാക്‌സിന്‍ എടുത്തവര്‍ അല്ലാത്തവര്‍ എന്ന് തരംതിരിച്ച് ചില രാജ്യങ്ങള്‍ പ്രവേശന മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ഇടയുണ്ട്. അതിനാല്‍, ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് മാത്രമല്ല കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും പ്രതിരോധ കുത്തിവെപ്പ് എടുത്ത ഉദ്യോഗസ്ഥ വൃന്ദം അനിവാര്യമാണെന്ന് ഇ-മെയിലില്‍ എമിറേറ്റ്‌സ് പറയുന്നു.
വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുക്കാന്‍ കാത്ത് നില്‍ക്കുന്നവര്‍, ആദ്യ ഡോസിനായി രജിസ്റ്റര്‍ ചെയ്തവര്‍, വ്യക്തമായ ആരോഗ്യ കാരണങ്ങള്‍ ഉള്ളവര്‍, സമീപകാലത്ത് കോവിഡ്-19 പിടിപെട്ടവര്‍ എന്നിവരെ പുതിയ തീരുമാനത്തില്‍ നിന്നും ഒഴിവാക്കിയതായി എമിറേറ്റ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയിലുള്ള എല്ലാ എമിറേറ്റ്‌സ് ജീവനക്കാര്‍ക്കും തീരുമാനം ബാധകമാണെന്ന് കമ്പനി വക്താവ് അറിയിച്ചു.
കഴിഞ്ഞ ജനുവരി മുതല്‍ ജീവനക്കാര്‍ക്ക് എമിറേറ്റ്‌സ് ഫൈസര്‍, സിനോഫാം വാക്‌സിനുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്. ദുൂബായ് ക്ലിനിക്കുകളില്‍ കോവിഡ്-19 പരിശോധനയ്ക്ക് 150 ദിര്‍ഹമാണ് ചിലവ്. എമിറേറ്റ്‌സിന്റെ കാബിന്‍ ജീവനക്കാരില്‍ 60 ശതമാനം പേരും പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ സ്വീകരിച്ചവരും വാക്‌സിനേഷന് വേണ്ടി പേര് രജിസ്റ്റര്‍ ചെയ്തുവരുമാണെന്ന് ഇ-മെയിലില്‍ എമിറേറ്റ്‌സ് വ്യക്തമാക്കുന്നു.