പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 15 ബില്യണ്‍ ഡോളറിന്റെ വായ്പ കരാറില്‍ ഒപ്പുവെച്ചു
-
ഇടപാടില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 17 ബാങ്കുകള്‍
-
മുന്‍വര്‍ഷങ്ങളിലും പിഐഎഫ് ബാങ്ക് വായ്പകള്‍ എടുത്തിട്ടുണ്ട്
ദുബായ്: സൗദി അറേബ്യയിലെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 17 ബാങ്കുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പുമായി വിവിധ കറന്‍സികളിലുള്ള 15 ബില്യണ്‍ ഡോളറിന്റെ വായ്പ കരാറില്‍ ഒപ്പുവെച്ചു. ആവശ്യസമയത്ത് ഉപയോഗിക്കാവുന്ന തരത്തില്‍ അധിക മൂലധനം ഉറപ്പാക്കുകയാണ് വായ്പയിലൂടെ ലക്ഷ്യമിടുന്നതെന്ന് പിഐഎഫ് അറിയിച്ചു.
2018ലാണ് പിഐഎഫ് ആദ്യമായി ബാങ്ക് വായ്പയിലൂടെയുള്ള ധനസമാഹരണം ആരംഭിച്ചത്. 11 ബില്യണ്‍ ഡോളറിന്റെ വായ്പയാണ് അന്ന് പിഐഎഫ് എടുത്തത്. തുടര്‍ന്ന് 2019ല്‍ 10 ബില്യണ്‍ ഡോളറിന്റെ ബാങ്ക് വായ്പയും പിഐഎഫ് എടുത്തു. കഴിഞ്ഞ വര്‍ഷമാണ് ഇത് തിരിച്ചടച്ചത്. ഏഷ്യ, പശ്ചിമേഷ്യ, യൂറോപ്പ്, യുകെ, യുഎസ് എന്നിവിടങ്ങളിലുള്ള പതിനേഴ് ബാങ്കുകളാണ് പിഐഎഫിന് പുതിയതായി വായ്പ നല്‍കുന്നത്.
വന്‍കിട നിക്ഷേപങ്ങളിലൂടെ അന്താരാഷ്ട്ര പോര്‍ട്ട്‌ഫോളിയോ നിര്‍മിക്കുമ്പോള്‍ തന്നെ എണ്ണ വ്യപാരത്തിലുള്ള ആശ്രിതത്വം കുറയ്ക്കാന്‍ സൗദി അറേബ്യയെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ പാദേശിക പദ്ധതികളില്‍ നിക്ഷേപം നടത്തുകയും ചെയ്യുന്ന നിക്ഷേപ നയമാണ് പിഐഎഫിന്റേത്.