ജനാധിപത്യം സംരക്ഷിക്കുന്നതിന് തുടര്‍ച്ചയായി പോരാടണം: വേണുഗോപാല്‍
ന്യൂഡെല്‍ഹി: രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിനെതിരെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് (ഐവൈസി) തുടര്‍ച്ചയായി പോരാടേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ അംഗവുമായ കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ഐവൈസിയുടെ രണ്ട് ദിവസത്തെ ദേശീയ എക്സിക്യൂട്ടീവിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
“ഇന്ന്, രാജ്യത്ത് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടം നടക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന് ഈ ജനവിരുദ്ധ സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ നിരന്തരം പോരാടേണ്ടിവരും, ജനങ്ങള്‍ക്കായി ഈ സമരം നടത്തേണ്ടിവരും’ വേണുഗോപാല്‍ പറഞ്ഞു.
താഴെത്തട്ടില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിലും ദരിദ്രരായ, പിന്നോക്ക,വിഭാഗത്തിലുള്ള തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലും ഐവൈസി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രണ്ട് ദിവസത്തെ യോഗത്തില്‍ സംഘടനയ്ക്ക് മുമ്പിലുള്ള വെല്ലുവിളികള്‍, അവ എങ്ങനെ മറികടക്കാം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നതായി ഐവൈസി മാധ്യമ ചുമതലയുള്ള രാഹുല്‍ റാവു പറഞ്ഞു. ഒപ്പം സംഘടനയുടെ അംഗത്വ കാമ്പെയ്നും മറ്റ് പ്രധാന പ്രശ്നങ്ങളും ചര്‍ച്ചയായി. തൊഴിലില്ലായ്മ, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, പുതുതായി പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ഐവൈസി ദേശീയ എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്തു.
രണ്ട് ദിവസത്തെ യോഗത്തില്‍ ഏഴ് പോയിന്‍റുള്ള പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചതായി റാവു പറഞ്ഞു. മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസിന്‍റെ ദേശീയ പ്രസിഡന്‍റാകണമെന്ന് ഐവൈസി ദേശീയ പ്രസിഡന്‍റ് ശ്രീനിവാസ് ബിവി ആവശ്യപ്പെട്ടു. അതിനായി യുവജന വിഭാഗം പ്രമേയം പാസാക്കി. പണപ്പെരുപ്പം, തൊഴിലില്ലായ്മ, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയവക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.