ലണ്ടനില്‍ ഒന്നര ലക്ഷത്തോളം പേര്‍ മാസങ്ങളോളം കോവിഡ് ലക്ഷണങ്ങള്‍ അനുഭവിക്കുന്നു
1 min readദീര്‍ഘകാല പ്രത്യാഘാതങ്ങളെ നേരിടാന്‍ ആരോഗ്യ മേഖല സജ്ജമാകണമെന്ന ആവശ്യം ശക്തമാകുന്നു
ലണ്ടന്‍: ലണ്ടനില്‍ 140,000ത്തോളം പേരില്‍ കോവിഡ്-19 വന്നതിന് ശേഷം ദീര്‍ഘകാലം രോഗലക്ഷണങ്ങള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. രോഗികള്‍ക്ക് മതിയായ ആരോഗ്യ സേവനം ലഭ്യമാക്കുന്നതില്‍ ബ്രിട്ടനിലെ ആരോഗ്യമേഖലയിലുള്ള പരിമിതികളെ കുറിച്ച് മുന്നറിയിപ്പുകള്‍ ഉയരുന്ന ഘട്ടത്തിലാണ് മതിയായ ആരോഗ്യസേവനം ലഭിക്കാതെ നിരവധി പേര്‍ ദീര്‍ഘകാലം രോഗലക്ഷണങ്ങളുമായി കഴിച്ചുകൂട്ടുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
പകര്‍ച്ചവ്യാധിയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെ നേരിടാന്‍ ബ്രിട്ടന്റെ തലസ്ഥാന നഗരിയിലെ ആരോഗ്യ സംവിധാനത്തിന് ശേഷിയുണ്ടെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ലണ്ടന്‍ അസംബ്ലി, മേയര്‍ സാദിഖ് ഖാന് അയച്ച കത്തിന് പിന്നാലെയാണ് നഗരത്തില്‍ ദീര്‍ഘകാല കോവിഡ്-19 ലക്ഷണങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. പ്രാദേശിക മാധ്യമമായ ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡ് ദിനപത്രമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ലണ്ടനില്‍ കോവിഡ്-19 ബാധിച്ച അഞ്ചില്‍ ഒരാള്‍ ക്ഷീണം, ശ്വാസതടസ്സം, ചിന്താകുഴപ്പങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പന്ത്രണ്ടോ അതിലധികമോ ആഴ്ചകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. യുവാക്കളിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട തരത്തിലുള്ള ഗുരുതരമായ രോഗാവസ്ഥ ഇല്ലാത്തവരിലുമാണ് ഇത്തരത്തില്‍ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതെന്ന് മുന്‍കാല ഗവേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ഇതുവരെ ലണ്ടനില്‍ 698,405 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 139,681 ആളുകള്‍ ആഴ്ചകളോളം രോഗലക്ഷണങ്ങള്‍ അനുഭവിക്കുന്നു.
ആരോഗ്യ സേവനങ്ങളിലെ വിടവ് കോവിഡ് ദീര്‍ഘകാല കോവിഡ് പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന രോഗികളുടെ എണ്ണം കൂടാന്‍ ഇടയാക്കുമെന്നാണ് മേയര്‍ക്ക് അയച്ച കത്തില്‍ ലണ്ടന്‍ അംസബ്ലി മുന്നറിയിപ്പ് നല്‍കുന്നത്. കൂടുതല്‍ കാലം രോഗലക്ഷണങ്ങള്‍ അനുഭവിക്കുന്ന നിരവധി പേര്‍ക്ക് ഇടവേള എടുക്കാതെ ജോലി ചെയ്യാനോ പത്ത് മീറ്റര്‍ പോലും നടക്കാനോ പറ്റാത്ത സ്ഥിതിയുണ്ട്. ഇത്തരത്തില്‍ ദീര്‍ഘകാല ലക്ഷണങ്ങള്‍ നേരിടുന്നവരെ ചികിത്സിക്കാന്‍ നഗരത്തിലെ ആരോഗ്യ സംവിധാനം തയ്യാറെടുക്കേണ്ടതുണ്ടെന്ന് കത്തില്‍ അസംബ്ലിയുടെ ആരോഗ്യ കമ്മിറ്റി അധ്യക്ഷനായ ഓങ്കാര്‍ സഹോത ആവശ്യപ്പെട്ടു.
യൂണിവേഴ്‌സിറ്റി കോളെജ് ലണ്ടന്‍ ഹോസ്പിറ്റല്‍, ഇംപീരിയല്‍ കോളെജ് ഹെല്‍ത്ത്‌കെയര്‍, സെന്റ് ജോര്‍ജ് എന്നിവിടങ്ങളില്‍ ഉള്‍പ്പടെ കോവിഡ്-19യുടെ ദീര്‍ഘകാല ലക്ഷണങ്ങള്‍ ചികിത്സിക്കുന്നതിനായി പത്തോളം ക്ലിനിക്കുകള്‍ ലണ്ടനില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.