ഫ്രാന്‍സിസ് മാര്‍പാപ്പ ആയത്തുല്ല അലി സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി
1 min readഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു
ബാഗ്ദാദ്: ചരിത്ര സന്ദര്‍ശനത്തിനായി ഇറാഖിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെ ഷിയ ആത്മീയാചാര്യന്‍ ആയത്തുല്ല അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി. വിശുദ്ധ നഗരമായ നജാഫിലായിരുന്നു കൂടിക്കാഴ്ച.
വളരെ അപൂര്‍വ്വമായി മാത്രം മറ്റുള്ളവരുമായി കൂടിക്കാഴ്ചകള്‍ നടത്തുന്ന സിസ്താനി ആദ്യമായി ഇറാഖ് സന്ദര്‍ശിക്കുന്ന മാര്‍പാപ്പ എന്ന നിലയ്ക്കാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. നജാഫില്‍ അല്‍ സിസ്താനിയുടെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. സിസ്താനി-മാര്‍പാപ്പ കൂടിക്കാഴ്ചയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു. എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് വത്തിക്കാനും ആയത്തുല്ലയുടെ ഓഫീസും കൂടിക്കാഴ്ചയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.
വെള്ളിയാഴ്ച ഇറാഖിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വന്‍ വരവേല്‍പ്പാണ് രാജ്യം നല്‍കിയത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍-ഖാഥിമി വിമാനത്താവളത്തില്‍ മാര്‍പാപ്പയെ സ്വീകരിച്ചു. പ്രസിഡന്റ് ബര്‍ഹാം സാലിഹുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ഐഎസ്‌ഐഎസ് ഭീകരര്‍ തകര്‍ത്ത മൊസൂള്‍ അടക്കം ആറ് നഗരങ്ങളാണ് ഇറാഖില്‍ മാര്‍പാപ്പ സന്ദര്‍ശിക്കുക. നസിറിയയിലെ സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കുന്ന മാര്‍പാപ്പ ബാഗ്ദാദിലെയും ഇര്‍ബിലിലെയും ക്രൈസ്തവ ആരാധനാലയങ്ങളില്‍ കുര്‍ബാന അര്‍പ്പിക്കും.