2021ല്‍ 6%നു മുകളില്‍ വളര്‍ച്ച ലക്ഷ്യമിട്ട് ചൈന
1 min readഅന്താരാഷ്ട്ര നാണയ നിധി ഈ വര്‍ഷം ചൈനീസ് സമ്പദ്വ്യവസ്ഥ 8.1 ശതമാനം വളര്‍ച്ച നേടുമെന്നാണ് വിലയിരുത്തിയിരുന്നത്
ബെയ്ജിംഗ്: കഴിഞ്ഞ വര്‍ഷം നേരിട്ട വളര്‍ച്ചാ മാന്ദ്യത്തിന് ശേഷം 2021ല്‍ ചൈന ലക്ഷ്യം വെക്കുന്നത് 6 ശതമാനത്തിന് മുകളിലുള്ള സാമ്പത്തിക വളര്‍ച്ചാ നിരക്ക്. ഈ വര്‍ഷത്തെ ദേശീയ പീപ്പിള്‍സ് കോണ്‍ഗ്രസിന്‍റെ ഉദ്ഘാടന വേളയിലാണ് ചൈനീസ് പ്രധാനമന്ത്രി ലി കെ ക്വിങ് വെള്ളിയാഴ്ച ലക്ഷ്യം പ്രഖ്യാപിച്ചത്. കോവിഡ് -19ന്‍റെ ആഘാതങ്ങളില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് ചൈന ലക്ഷ്യം വെക്കുന്നത്.
കഴിഞ്ഞ വര്‍ഷം ചൈനയുടെ സമ്പദ്വ്യവസ്ഥ വളര്‍ന്നുവെങ്കിലും 2.3 ശതമാനം വളര്‍ച്ച മാത്രമാണ് നേടിയത്, പതിറ്റാണ്ടുകളിലെ ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയാണിത്. എങ്കിലും പ്രധാന സമ്പദ് വ്യവസ്ഥകളില്‍ ചൈനയ്ക്ക് മാത്രമാണ് കഴിഞ്ഞ വര്‍ഷം വളര്‍ച്ച രേഖപ്പെടുത്താനായത്. 2020 ആദ്യ പാദത്തില്‍ കൊറോണയെ നേരിടാനുള്ള അടച്ചുപൂട്ടല്‍ മൂലം 6.8 ശതമാനം ഇടിവ് പ്രകടമാക്കിയ ശേഷമാണ് രണ്ടാം പാദത്തില്‍ സമ്പദ് വ്യവസ്ഥ വീണ്ടെടുപ്പ് പ്രകടമാക്കിയത്.
ഇപ്പോള്‍ ആ തിരിച്ചുവരവ് തുടരുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. “6 ശതമാനത്തിലധികമുള്ള ലക്ഷ്യം നിശ്ചയിക്കുന്നതിലൂടെ പരിഷ്കരണം, നവീകരണം, ഉയര്‍ന്ന നിലവാരമുള്ള വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് മുഴുവന്‍ ഊര്‍ജ്ജവും ചെലവഴിക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാകുകയാണ്,” ലി കെ ക്വിങ് പറഞ്ഞു.
അന്താരാഷ്ട്ര നാണയ നിധി ഈ വര്‍ഷം ചൈനീസ് സമ്പദ്വ്യവസ്ഥ 8.1 ശതമാനം വളര്‍ച്ച നേടുമെന്നാണ് വിലയിരുത്തിയിരുന്നത്. അതിനെ അപേക്ഷിച്ച് മിതമായ ലക്ഷ്യമാണ് ചൈന നിശ്ചയിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. വളര്‍ച്ചയുടെ അളവിനേക്കാള്‍ ഗുണനിലവാരത്തില്‍ ഊന്നാന്‍ ചൈനീസ് ഭരണകൂടം ശ്രമിക്കുന്നതിനാലാണ് ഇതെന്നാണ് ചൈനയിലെ സാമ്പത്തിക വിദഗ്ധര്‍ വിശദീകരിക്കുന്നത്.
നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 5.5 ശതമാനത്തിലേക്ക് പരിമിതപ്പെടുത്താനുള്ള ലക്ഷ്യവും ലി മുന്നോട്ടുവെച്ചിട്ടുണ്ട്. 11 മില്യണ്‍ പുതിയ തൊഴിലുകള്‍ ഈ വര്‍ഷം നഗരങ്ങളില്‍ സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം 9 മില്യണ്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ട സ്ഥാനത്താണിത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ 3.2 ശതമാനമായ ബജറ്റ് കമ്മി പരിമിതപ്പെടുത്താനും ചൈന ലക്ഷ്യംവെക്കുന്നു.