കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിച്ചുവെന്നതിന് ശരീരം നല്‍കുന്ന സൂചനകള്‍
1 min readകോവിഡ്-19 മൂലം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുമ്പോള്‍ രോഗിയുടെ നില വഷളാകുന്നു. കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നത് ശരീരം നല്‍കുന്ന ചില സൂചനകളിലൂടെ തിരിച്ചറിയാം.
പലരിലും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് കൊറോണ വൈറസ് സൃഷ്ടിക്കുന്നത്. ചിലരില്‍ അവര്‍ പോലും അറിയാതെ കോവിഡ്-19 വന്നുപോകും. എന്നാല്‍ മറ്റുചിലരെ ദിവസങ്ങളോളം തീവ്ര പരിചരണ വിഭാഗത്തില്‍ തളച്ചിടാനും ഈ സൂക്ഷ്മാണുവിന് കഴിയും. വൈറസ് ശ്വാസകോശത്തെ ബാധിക്കുമ്പോഴാണ് ശ്വാസമെടുക്കാന്‍ പോലും സാധിക്കാതെ രോഗി വെന്റിലേറ്ററിന്റെ സഹായം തേടുന്നത്. അത്തരത്തില്‍ കൊറോണ വൈറസ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ച് തുടങ്ങുമ്പോള്‍ ശരീരം പല സൂചനകളും നല്‍കും. എന്തെങ്കിലുമൊരു അപായ സൂചനകള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടുകയെന്നതാണ് രോഗം വഷളാകാതിരിക്കാനും ജീവന്‍ തന്നെ രക്ഷിക്കുന്നതിനും രോഗികള്‍ ചെയ്യേണ്ടത്.
കോവിഡ്-19 രോഗത്തിന്റെ തീവ്രത പ്രധാനമായും അഞ്ച് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ലക്ഷണങ്ങളില്ലാത്ത കേസുകള്‍, ചെറിയ തോതിലുള്ള രോഗാവസ്ഥ, മിതമായ തോതിലുള്ള രോഗാവസ്ഥ, ഗുരുതരമായ അവസ്ഥ, അതീവ ഗുരുതാരവസ്ഥ-അക്യൂട്ട് റെസ്പിരേറ്ററി ഡിസ്ട്രസ് സിന്‍ഡ്രം (എആര്‍ഡിഎസ്) എന്നിങ്ങനെ ആണവ. രോഗ തീവ്രതയ്ക്കനുസരിച്ച് രോഗമുക്തി നേടാന്‍ പൊതുവെ രണ്ടാഴ്ച മുതല്‍ ആറാഴ്ച വരെയാണ് സമയമെടുക്കുക. ആദ്യ മൂന്ന് വിഭാഗങ്ങളിലുള്ള കേസുകളിലും രോഗികള്‍ക്ക് വീട്ടിനുള്ളില്‍ തന്നെയുള്ള പരിചരണം മതിയാകും. എന്നാല്‍ ഗുരുതരം, അതീവ ഗുരുതരം എന്നീ വിഭാഗങ്ങളിലുള്ളവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടതായി വരും.
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതപ്പെടുപ്പെടുന്ന വുഹാനില്‍ 81 ശതമാനം കോവിഡ്-19 രോഗികള്‍ക്കും ചെറിയ തോതിലുള്ള രോഗാവസ്ഥയാണ് ഉണ്ടായിരുന്നത്. 14 ശതമാനം ആളുകള്‍ക്ക് ഗുരുതരമായ ന്യുമോണിയ പിടിപെട്ടു. 5 ശതമാനം ആളുകള്‍ക്ക് തീവ്ര പരിചരണം ആവശ്യമായി വന്നു. കോവിഡ്-19 മൂലം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുമ്പോള്‍ രോഗിയുടെ നില വഷളാകുന്നു. ഇത്തരത്തില്‍ കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നത് ശരീരം നല്‍കുന്ന ചില സൂചനകളിലൂടെ തിരിച്ചറിയാം.
1 കടുത്ത ചുമ അനുഭവപ്പെടുക
കോവിഡ്-19 പിടിപെടുന്ന 82 ശതമാനം രോഗികള്‍ക്കും ചുമ അനുഭവപ്പെടാറുണ്ട്. പൊതുവെ വരണ്ടതും കുത്തികുത്തിയുള്ളതുമായ ചുമയായിരിക്കും ഇത്. പ്രാരംഭഘട്ടത്തില്‍ ഒരു ദിവസത്തിനിടെ മൂന്നോ അതിലധികമോ തവണ ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന കഫിംഗ് എപ്പിസോഡുകള്‍ ഉണ്ടാകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശ്വാസനാളത്തിലെ അണുബാധ മൂലമാണ് ചുമയുണ്ടാകുന്നത്. വൈറസും ബാക്ടീരിയയും അടക്കമുള്ള അന്യവസ്തുക്കളെ പുറന്തള്ളുന്നതിന് ശരീരം സ്വീകരിക്കുന്ന മാര്‍ഗങ്ങളിലൊന്നാണിത്. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായാല്‍ ചിലപ്പോള്‍ ചുമയ്‌ക്കൊപ്പം കഫവും കോശാവശിഷ്ടങ്ങളും പുറന്തള്ളപ്പെടാം. എങ്കിലും പരിധി വിട്ടുള്ള ചുമ അസ്വസ്ഥതയുണ്ടാക്കും. മാത്രമല്ല ശ്വാസകോശത്തിലേക്കുള്ള ഓക്‌സിജന്‍ വിതരണത്തെയും അത് ബാധിക്കും. ചിലപ്പോഴൊക്കെ കഠിനമായ ചുമ മൂലം വാരിയെല്ലുകള്‍ പൊട്ടുകയോ തലച്ചോറില്‍ ചെറിയ ഹെമറേജുകള്‍ ഉണ്ടാകുകയോ ചെയ്യാറുണ്ട്.
2 ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട്
വുഹാനിലെ 31 ശതമാനം കോവിഡ്-19 രോഗികളും പ്രാരംഭദശയില്‍ ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് എത്രത്തോളം സങ്കീര്‍ണമാണെന്നത് രോഗത്തിന്റെ ഗുരുതരാവസ്ഥയുടെ സൂചനയാണ്. സാധാരണഗതിയില്‍ ഒരു മിനിട്ടില്‍ പ്രായപൂര്‍ത്തി ആ ഒരാള്‍ 12-18 തവണ ശ്വാസോച്ഛാസം നടത്തും. ഒരു മിനിട്ടില്‍ ഇരുപതിലേറെ തവണ ശ്വാസമെടുക്കുന്നതിനെ അധിവേഗത്തിലുള്ള ശ്വാസോച്ഛാസമെന്നാണ് പറയുന്നത്. കോവിഡ്-19 വഷളാകുന്നതിനനുസരിച്ച് ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് വര്‍ധിച്ച് വരും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകാത്ത വിധം ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നത് മോശം ലക്ഷണമാണ്. അത്തരം കേസുകളില്‍ നടക്കാനും പടികള്‍ കയറാനും സാധിക്കാത്ത അവസ്ഥയുണ്ടാകും. കഠിനമായ ശ്വാസ്വോച്ഛാസ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് നെഞ്ചിലും വയറിലും പുറത്തുമെല്ലാം സമ്മര്‍ദ്ദം അനുഭവപ്പെടും.
3 കടുത്ത ക്ഷീണം
ക്ഷീണം കോവിഡ്-19ന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്്. വുഹാനിലെ 70 ശതമാനം രോഗികളും ക്ഷീണം പ്രകടിപ്പിച്ചിരുന്നു. രോഗമുണ്ടാകുമ്പോള്‍ ക്ഷീണം വരുന്നത് സ്വാഭാവികമാണെങ്കിലും സ്വന്തമായി കുളിക്കാന്‍ പോലും സാധിക്കാതെ, കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നാത്ത വിധം ക്ഷീണമനുഭവപ്പെടുന്നത് രോഗ തീവ്രതയുടെ സൂചനയാണ്. ഇവര്‍ക്ക് ചിലപ്പോള്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പോലും കഴിഞ്ഞെന്ന് വരില്ല. ശരീരത്തിലെ അതിയായ വൈറസ് സാന്നിധ്യമാണ് കടുത്ത ക്ഷീണത്തിന്റെ കാരണം. ശരീരം പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമ്പോള്‍ പനി, വിയര്‍ക്കല്‍, ചുമ, എന്നിവയുണ്ടാകും. അതുമൂലം നിര്‍ജലീകരണവും സംഭവിക്കാം. ക്ഷീണം കടുക്കുമ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരും.
4 ചുണ്ടുകള്‍ക്ക് നീല നിറം
ചുണ്ട്, കൈകാല്‍ വിരലുകള്‍ എന്നിവയ്ക്ക് നീല നിറം ഉണ്ടാകുന്ന സയനോസിസ് എന്ന അവസ്ഥ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മോശമാകുന്നതിന്റെ സൂചനയാണ്. ഒരു വ്യക്തി ശ്വാസമെടുക്കുമ്പോള്‍ ശ്വാസകോശം ഹൃദയത്തിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കുന്നു. ശ്വാസം പുറത്തേക്ക്് വിടുമ്പോള്‍ ശ്വാസകോശം കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നു. കോവിഡ്-19 പോലുള്ള രോഗങ്ങള്‍ മൂലം കഠിനമായ ന്യുമോണിയ ഉണ്ടാകുന്ന ആളുകളില്‍ ശരീരത്തില്‍ ഓക്‌സിജന്റെ അഭാവമുണ്ടയേക്കാം. ഇവരുടെ ശ്വാസകോശത്തിന് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടാകും. രക്തത്തില്‍ നല്ല അളവില്‍ ഓക്‌സിജന്‍ ഉണ്ടെങ്കില്‍ ത്വക്കിന് ചുവന്ന അല്ലെങ്കില്‍ റോസ് നിറം ആയിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞാല്‍ കടുത്ത ചുവന്ന നിറമായിരിക്കും രക്തത്തിന് ഉണ്ടാകുക. ഇങ്ങനെയുള്ളവരുടെ ത്വക്കില്‍ പ്രകാശം പ്രതിഫലിക്കുമ്പോള്‍ നീലനിറമായി കാണപ്പെടും. ചുണ്ടുകളിലും വിരലുകളുടെ അറ്റത്തും നഖത്തിലുമെല്ലാം നീലനിറം കാണാനുള്ള കാരണം ഇതാണ്.
5 നെഞ്ച് വേദന
കോവിഡ്-19ന്റെ പ്രധാന രോഗ ലക്ഷണമായി നെഞ്ചുവേദന പറയപ്പെടാറില്ലെങ്കിലും ഏതെങ്കിലും രീതിയില്‍ ന്യുമോണിയ ഉണ്ടായാല്‍ നെഞ്ചുവേദന അനുഭവപ്പെടാറുണ്ട്. ശ്വാസകോശ കലയായ പ്ല്യൂറയെ ന്യുമോണിയ ബാധിച്ചാല്‍ പ്ലൂറസി എന്ന രോഗമുണ്ടാകും. ഈ രോഗാവസ്ഥയുള്ളവരില്‍ പൊതുവെ ശ്വാസമെടുക്കുമ്പോള്‍ വേദന അനുഭവപ്പെടാറുണ്ട്. ചിലപ്പോള്‍ അടിവയറ്റിലും കഴുത്തിലും തോളുകളിലും ഇതുമൂലമുള്ള വേദനയുണ്ടാകാം. ഇതുകൂടാതെ ചുമയ്ക്കുന്നത് കൊണ്ടും വാരിയെല്ലുകള്‍ക്കിടയിലെ ഇന്റെര്‍കോസ്റ്റല്‍ പേശികളുടെ സമ്മര്‍ദ്ദം മൂലവും നെഞ്ചുവേദനയുണ്ടാകാം.