മാര്‍ച്ചിലെ പ്രതീക്ഷ : മൊത്തം 25,000 കോടിക്ക് മുകളില്‍ ലക്ഷ്യമിട്ട് 16 ഐപിഒകള്‍
1 min readകല്യാണ്‍ ജുവല്ലേഴ്സ്, ഇസാഫ് എന്നിവയുടേത് ഉള്‍പ്പടെ 11 ഐപിഒകള്‍ക്ക് സെബി അനുമതി നല്‍കി
ന്യൂഡെല്‍ഹി: ഈ വര്‍ഷം പ്രഥമ ഓഹരി വില്‍പ്പനകളുടെ (ഐപിഒ) ഒരു നീണ്ട പട്ടിക തന്നെ നിക്ഷേപകരെ കാത്തിരിക്കുന്നുണ്ട്. മാര്‍ച്ചില്‍ തന്നെ 16 ഐപിഒകള്‍ വിപണിയിലെത്താനുള്ള സാധ്യതയാണ് മുന്നിലുള്ളത്. മൊത്തം 25,000 കോടി രൂപയുടെ സമാഹരണമാണ് ഈ ഐപിഒകള്‍ ലക്ഷ്യം വെക്കുന്നത്.
വരാനിരിക്കുന്ന ഐപിഒകളുടെ പട്ടികയില്‍ എംടിഎആര്‍ ടെക്നോളജീസ്, കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യ, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ , അനുപം രസായന്‍, ലക്ഷ്മി ഓര്‍ഗാനിക് ഇന്‍ഡസ്ട്രീസ്, സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍, ബാര്‍ബിക്യൂ നാഷണല്‍ ഹോസ്പിറ്റാലിറ്റി, നസറ ടെക്നോളജീസ്, ആധാര്‍ ഹൗസിംഗ് ഫിനാന്‍സ്, ഇന്ത്യ പെസ്റ്റിസൈഡ്സ് എന്നിവ ഉള്‍പ്പെടുന്നു.
എംടിഎആര്‍ ടെക്നോളജീസ്, ഈസി ട്രിപ്പ് പ്ലാനേര്‍സ്, പുരാണിക് ബില്‍ഡേഴ്സ്, എപീജയ് സുരേന്ദ്ര പാര്‍ക്ക് ഹോട്ടലുകള്‍, ലക്ഷ്മി ഓര്‍ഗാനിക് ഇന്‍ഡസ്ട്രീസ്, സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ക്രാഫ്റ്റ്സ്മാന്‍ ഓട്ടോമേഷന്‍, ബാര്‍ബിക്യൂ നാഷണല്‍ ഹോസ്പിറ്റാലിറ്റി, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യ എന്നിവ ലിസ്റ്റിംഗിനായി വിപണി നിയന്ത്രകരായ സെബിയില്‍ നിന്ന് അനുമതി സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ വിപണികളിലെ ശക്തമായ റാലി പ്രയോജനപ്പെടുത്തുന്നതിന് വ്യത്യസ്ത മേഖലകളിലെ കമ്പനികള്‍ ഐപിഒകള്‍ക്ക് തയാറെടുക്കുകയാണ്. 2021 ന്‍റെ ആദ്യ രണ്ട് മാസങ്ങളില്‍ എട്ട് കമ്പനികള്‍ ഐപിഒകളിലൂടെ 12,720 കോടി രൂപ സമാഹരിച്ചു. ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍, റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഇന്‍ഡിഗോ പെയിന്‍റ്സ്, ഹോം ഫസ്റ്റ് ഫിനാന്‍സ് കമ്പനി, ന്യൂറേക്ക, സ്റ്റീല്‍ ക്രാഫ്റ്റ്, ബ്രൂക്ക്ഫീല്‍ഡ് ഇന്ത്യ ആര്‍ഇഐടി, ഹെരന്‍ബ ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഈ വര്‍ഷം ഐപിഒ നടത്തിക്കഴിഞ്ഞ കമ്പനികള്‍. 2020ല്‍ മൊത്തമായി 43,800 കോടി രൂപയുടെ സമാഹരമാണ് ഐപിഒകളിലൂടെ കമ്പനികള്‍ നടത്തിയിരുന്നത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രിസിഷന്‍ എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ് കമ്പനി എംടിഎആര്‍ ടെക്നോളജീസിന്‍റെ 600 കോടി രൂപയുടെ ഐപിഒ ഇന്ന് തുടങ്ങും. മാര്‍ച്ച് 5 ന് അവസാനിക്കുന്ന മൂന്ന് ദിവസത്തെ ഐപിഒയുടെ പ്രൈസ് ബാന്‍ഡ് ഒരു ഓഹരിക്ക് 574-575 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഐപിഒയുടെ ഇഷ്യു വലുപ്പം 1,03,72,419 ഓഹരികളുടേതാണ്.
1,750 കോടി രൂപയുടെ ഐപിഒയ്ക്കുള്ള ഡ്രാഫ്റ്റ് പ്രോസ്പെക്ടസാണ് കല്യാണ്‍ ജുവല്ലേഴ്സ് സമര്‍പ്പിച്ചിട്ടുള്ളത്. 1,000 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രൊമോട്ടര്‍ ടി. എസ്. കല്യാണരാമനും വാര്‍ബര്‍ഗ് പിന്‍കസും യഥാക്രമം 250 കോടി രൂപയുടെയും 500 കോടി രൂപയുടെയും മൂല്യമുള്ള ഓഹരികള്‍ വില്‍ക്കും. ഐപിഒയുടെ കൃത്യമായ സമയം, ഇഷ്യു വലുപ്പം, പ്രൈസ് ബാന്‍ഡ് എന്നിവ തീരുമാനിച്ചിട്ടില്ല.
976 കോടി രൂപയുടെ ഐപിഒ നടത്താനാണ് കേരളം ആസ്ഥാനമായുള്ള ചെറുകിട ധനകാര്യ ബാങ്ക് ഇസാഫിന് അനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ 800 കോടി രൂപയുടെ പുതിയ ഇഷ്യുവും 176.2 കോടി രൂപ വരെ മൊത്തം ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നു.