എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് ഇനി അരികിലെ ആളൊഴിഞ്ഞ സീറ്റും വാങ്ങാം
1 min readഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും ഇതിനുള്ള സൗകര്യം ലഭിക്കുക
ദുബായ്: എമിറേറ്റ്‌സ് വിമാനങ്ങളില്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ അരികിലായി മൂന്ന് ആളൊഴിഞ്ഞ സീറ്റികള്‍ വരെ വാങ്ങാം. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്ഥലവും സ്വകാര്യതയും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സൗകര്യം ഒരുക്കുന്നതെന്ന് വിമാനക്കമ്പനി അറിയിച്ചു. ഇക്കണോമി ക്ലാസില്‍ ടിക്കറ്റ് ഉറപ്പായവര്‍ക്കാണ് ഇതിനുള്ള അവസരം ഉണ്ടാകുക.
അതേസമയം ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി ആളൊഴിഞ്ഞ സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല. സീറ്റ് ലഭ്യതയ്ക്കനുസരിച്ച് വിമാനം പുറപ്പെടുന്നതിന് മുമ്പ് വിമാനത്താവളങ്ങളിലെ ചെക്ക്-ഇന്‍ കൊണ്ടറുകളില്‍ വെച്ചായിരിക്കും ആളൊഴിഞ്ഞ സീറ്റുകള്‍ വാങ്ങാനുള്ള അവസരം ലഭിക്കുക. 200 ദിര്‍ഹം മുതല്‍ 600 ദിര്‍ഹം വരെ ആയിരിക്കും ആളൊഴിഞ്ഞ സീറ്റുകള്‍ക്ക് എമിറേറ്റ്‌സ് ചാര്‍ജ് ഈടാക്കുക.
ഉപഭോക്താക്കളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് എമിറേറ്റ്‌സ് സീറ്റ് തെരഞ്ഞെടുപ്പില്‍ ഇത്തരമൊരു സൗകര്യം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇക്കണോമി ക്ലാസില്‍ ആണെങ്കില്‍ കൂടിയും കൂടുതല്‍ സ്വകാര്യതയും സ്ഥലവും പല ഉപഭോക്താക്കളും ആഗ്രഹിക്കുന്നതായാണ് ഇത് വ്യക്തമാക്കുന്നത്. പലപ്പോഴും ഭാര്യാഭര്‍ത്താക്കന്മാരും കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കളും തങ്ങള്‍ ഇരിക്കുന്ന നിരയിലെ മുഴുവന്‍ സീറ്റുകളും (പരമാവധി മൂന്ന് സീറ്റാണ് ഒരു നിരയില്‍) ഒഴിഞ്ഞ് കിടക്കണമെന്ന് താല്‍പ്പര്യപ്പെടുന്നവരാണ്. പകര്‍ച്ചവ്യാധിക്കാലത്ത് അടുത്തടുത്ത സീറ്റുകളിലിരിക്കുന്നത് രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് കരുതുന്നവരും ഉണ്ട്.
പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പലയിടങ്ങളിലും ഇപ്പോഴുമുള്ള യാത്രാ നിരോധങ്ങള്‍ മൂലം പ്രതിസന്ധി നേരിടുന്ന വ്യോമഗതാഗത മേഖല യാത്രക്കാരെ വിമാനയാത്രയിലേക്ക് മടക്കി കൊണ്ടുവരാനുള്ള പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കുകയാണ്. 2021ലും വ്യോമയാന വ്യവസായം സാമ്പത്തികമായി തിരിച്ചുകയറില്ലെന്നാണ് അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടന (അയാട്ട) അഭിപ്രായപ്പെടുന്നത്. അതിര്‍ത്തിക്കപ്പുറത്തേക്കുള്ള യാത്രയ്ക്ക് പല രാജ്യങ്ങളിലും ഇപ്പോഴും കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ കഠിനമായിരിക്കും വ്യോമയാന വ്യവസായ മേഖലയ്ക്ക് ഈ വര്‍ഷമെന്ന് അയാട്ടയുടെ ഡയറക്ടര്‍ ജനറലും സിഇഒയുമായ അലക്‌സാണ്ടര്‍ ജി ജുനിയാക് പറഞ്ഞിരുന്നു.