കപ്പല്‍ ആക്രമണം: ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ആരോപണം തള്ളി ഇറാന്‍
ഒമാന്‍ ഉള്‍ക്കടലില്‍ ഇസ്രയേല്‍ ഉടമസ്ഥതയിലുള്ള കപ്പലിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു
ടെഹ്‌റാന്‍: ഒമാന്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ ഉടമസ്ഥതയിലുള്ള കപ്പലിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആരോപണം ഇറാന്‍ വിദേശകാര്യ മന്ത്രാലയം തള്ളി. ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന നെതന്യാഹുവിന്റെ ആരോപണം ശക്തമായി തള്ളിക്കളയുന്നതായി ഇറാന്‍ വിദേശകാര്യ വക്താവ് സയീദ് ഖതീബ്‌സദേഹ് പറഞ്ഞു. ആരോപണത്തിന്റെ ഉറവിടം തന്നെ അവരുടെ അവകാശവാദം എത്രത്തോളം ദുര്‍ബലമാണെന്ന് വ്യക്തമാക്കുന്നതായും സയീദ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഴ്ചയാണ് ഇസ്രയേല്‍ ഉടമസ്ഥതയിലുള്ള എംവി ഹീലിയസ് റേ എന്ന കപ്പല്‍ ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കപ്പലിന്റെ ഒരു വശത്ത് രണ്ട് ദ്വാരങ്ങള്‍ രൂപപ്പെട്ടിരുന്നു. ഇത് തീര്‍ച്ചയായും ഇറാന്റെ പ്രവൃത്തിയാണെന്നും അക്കാര്യം വ്യക്തമാണെന്നും നെതന്യാഹു ഇസ്രയേലിലെ പബ്ലിക് ബ്രോഡ്കാസ്റ്ററായ കാനിനോട് പറഞ്ഞിരുന്നു. ഇതാണ് ഇറാന്‍ തള്ളിയിരിക്കുന്നത്. നെതന്യാഹുവിന് ഇറാനെതിരെ ബാധ കയറിയിരിക്കുകയാണെന്നും ഇറാന്‍ വിദേശകാര്യ വക്താവ് ആരോപിച്ചു.
സൗദിയിലെ ദമാം തുറമുഖത്ത് നിന്നും സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന, വാഹനങ്ങള്‍ കൊണ്ടുപോകുന്ന എംവി ഹീലിയസ് റേയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടി്ല്ല. കപ്പലിന്റെ അടിഭാഗത്ത് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ജീവനക്കാര്‍ക്ക് ജീവഹാനിയോ എഞ്ചിന്‍ തകരാറോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കപ്പല്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ളതായതിനാല്‍ ഇറാന്റെയുംപ്രാദേശിക കൂട്ടാളികളുടെയും പ്രതിരോധസേന ആയിരിക്കാം ആക്രമണത്തിന് പിന്നിലെന്ന് ഇറാനിലെ തീവ്ര യാഥാസ്ഥിതിക ദിനപത്രമായ കയ്ഹാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമിക്കപ്പെട്ടത് ഒരു ചാരക്കപ്പലാണെന്നും റിപ്പോര്‍ട്ടില്‍ ആരോപണം ഉണ്ടായിരുന്നു.
ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് നിരന്തരമായി ആരോപണം ഉന്നയിക്കുന്ന രാജ്യമാണ് ഇസ്രയേല്‍.