ചൈനയുമായുള്ള വ്യാപാരം തുടരണമെന്ന് രാജീവ് ബജാജ്
ന്യൂഡെല്‍ഹി: ചൈനയുമായുള്ള വ്യാപാരം തുടരുന്നതിനെ അനുകൂലിക്കുന്നതായി ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ്. മത്സരാധിഷ്ഠിതമായി ലഭ്യമായ ഇടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങണം. വിദേശകാര്യ മന്ത്രാലയവും പൂനെ ഇന്‍റര്‍നാഷണല്‍ സെന്‍ററും സംയുക്തമായി വിളിച്ചുചേര്‍ത്ത മൂന്ന് ദിവസത്തെ വെര്‍ച്വല്‍ ഏഷ്യ ഇക്കണോമിക് ഡയലോഗ് 2021 ന്‍റെ രണ്ടാം ദിവസം ‘ബില്‍ഡിംഗ് റിലയബിള്‍ സപ്ലൈ ചെയിന്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസിയാന്‍ രാജ്യങ്ങളിലെ ബിസിനസ് അന്തരീക്ഷം ഇന്ത്യയുടേതിനേക്കാള്‍ മികച്ചതാണെന്നും ബജാജ് പറഞ്ഞു. ‘ഞങ്ങള്‍ ഒരു ആഗോള കമ്പനിയാണെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതിനാല്‍ ഇത് ഒരു സാംസ്കാരിക വീക്ഷണകോണില്‍ നിന്നും പ്രവര്‍ത്തനപരമായ വീക്ഷണകോണില്‍ നിന്നും കാണണം. ജീവനക്കാരുടെ ലിംഗഭേദത്തില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള വിതരണക്കാര്‍, ഡീലര്‍മാര്‍ എന്നിവരുടെ കാര്യത്തിലെല്ലാം ഉള്‍ച്ചേര്‍ക്കലിന്‍റെ സമീപനമാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അതുകൊണ്ടാണ് ചൈനയുമായി വ്യാപാരം തുടരണമെന്ന് വിശ്വസിക്കുന്നത്. കാരണം, ഇത്രയും വലിയൊരു രാജ്യത്തെ, ഇത്രയും വലിയ വിപണിയെ ഒഴിവാക്കിക്കൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, കാലക്രമേണ ഞങ്ങള്‍ അപൂര്‍ണ്ണരായിത്തീരും, “ബജാജ് പറഞ്ഞു