November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം: ഓപ്പറേഷന് അനുമതി നല്‍കിയത് സൗദി കിരാടാവകാശിയെന്ന് യുഎസ് റിപ്പോര്‍ട്ട് 

1 min read
  • റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

  • റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സൗദിനിഷേധിച്ചു

വാഷിംഗ്ടണ്‍: ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയെ തട്ടിക്കൊണ്ട് പോകാനോ കൊലപ്പെടുത്താനോ വേണ്ടി 2018ല്‍ നടന്ന ഓപ്പറേഷന് അനുമതി നല്‍കിയത് സൗദിയുടെ ഭാവി ഭരണാധികാരിയായ മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് അമേരിക്കയുടെ ഇന്റെലിജന്‍സ് റിപ്പോര്‍ട്ട്. കൃത്യത്തില്‍ പങ്കാളികളായ 76ഓളം പേര്‍ക്ക് ഖഷോഗ്ഗി ബാന്‍ എന്ന പേരില്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. അതേസമയം സൗദി-അമേരിക്ക ബന്ധം കണക്കിലെടുത്ത് എംബിഎസിനെതിരെ അമേരിക്ക നടപടികളൊന്നും എടുത്തിട്ടില്ല. കൃത്യത്തില്‍ എംബിഎസിന് യാതൊരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ച സൗദി അറേബ്യ അമേരിക്കയുടെ റിപ്പോര്‍ട്ട് തള്ളി.

എംബിഎസിന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ചിരുന്ന വാഷിംഗ്ടണ്‍ പോസ്റ്റ് ലേഖകന്‍ ജമാല്‍ ഖഷോഗ്ഗി 2018ലാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല ചെയ്യപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ഭൗതിക ശരീരം പല കഷ്ണങ്ങളായി മുറിച്ച് മറവ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സൗദി കിരീടാവകാശിയുമായി അടുത്ത ബന്ധമുള്ളവരാണ് ഖഷോഗ്ഗിയെ കൊലപ്പെടുത്തിയതെന്ന് നേരത്തെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച സൗദി അറേബ്യ യുഎസ് ഇന്റെലിജന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നിരാകരിച്ച് പ്രസ്താവന പുറത്തിറക്കി. ഒരു സംഘം ഹീനരായ ആളുകളാണ് ഖഷോഗ്ഗിയുടെ കൊലപാതകത്തിന് പിന്നിലെന്ന മുന്‍ നിലപാടും സൗദി ആവര്‍ത്തിച്ചു.

സൗദിയുടെ ശക്തനായ കിരീടാവകാശിയുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ട് തന്നെ രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന നിലപാട് അമേരിക്ക അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഖഷോഗ്ഗിയുടെ കൊലപാതകത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തിവിട്ടുകൊണ്ട് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്‍. നിയമങ്ങളും നയങ്ങളും മാറുകയാണെന്നും അമേരിക്കയുമായുള്ള ഇടപാടുകള്‍ക്ക് മുന്നോടിയായി സൗദി അറേബ്യ രാജ്യത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും സല്‍മാന്‍ രാജാവിനോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

ഖഷോഗ്ഗിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ മുന്‍ ഡെപ്യൂട്ടി ഇന്റെലിജന്‍സ് മേധാവി അടക്കമുള്ളവര്‍ക്കാണ് അമേരിക്ക വിസ നിരോധനം അടക്കമുള്ള ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഇവര്‍ക്കുള്ള ആസ്തികള്‍ മരവിപ്പിക്കാനും ഇവരുമായി ഇടപെടുന്നതില്‍ നിന്ന് അമേരിക്കന്‍ ജനതയെ വിലക്കാനും തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ആശങ്കകള്‍ മുന്‍നിര്‍ത്തി സൗദി അറേബ്യയുമായുള്ള ആയുധ ഇടപാട് വേണ്ടെന്ന് വെക്കാനും ഭാവി ഇടപാടുകള്‍ പ്രതിരോധ ആയുധങ്ങളില്‍ മാത്രമായി ചുരുക്കാനും ആലോചിക്കുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. യെമന്‍ യുദ്ധത്തില്‍ സൗദിക്കുള്ള പങ്ക് വീണ്ടും വിലയിരുത്തുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ സൗദിയുമായുള്ള ബന്ധത്തില്‍ പുനര്‍ചിന്തനം നടത്തുമെന്ന സൂചനയാണ് അമേരിക്കയുടെ വാക്കുകളില്‍ ഉള്ളത്.

സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ഗിയെ അപായപ്പെടുത്താനായി തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ഓപ്പറേഷന് അനുമതി നല്‍കിയത് സൗദി അറേബ്യയുടെ കിരാടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനാണെന്നാണ് തങ്ങള്‍ കരുതുന്നതെന്ന്് നാല് പേജുള്ള റിപ്പോര്‍ട്ടില്‍ അമേരിക്കയുടെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നു. നയപരമായ തീരുമാനമെടുക്കലില്‍ എംബിഎസിനുള്ള അധികാരവും എംബിഎസിന്റെ അടുത്ത ഉപദേശികളില്‍ ഒരാള്‍ക്ക് കൃത്യത്തില്‍ നേരിട്ടുള്ള പങ്കും, ഖഷോഗ്ഗി അടക്കം വിദേശങ്ങളിലുള്ള എതിരാളികളെ നിശബ്ദരാക്കുന്നതിനായി അക്രമത്തിന്റെ പാത തെരഞ്ഞടുക്കുന്നതിന് എംബിഎസ് നല്‍കുവ്വ പിന്തുണയുമാണ് ഈ നിഗമനത്തിലെത്താന്‍ ഇന്റെലിജന്‍സിനെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. 2017 മുതല്‍  രാജ്യത്തിന്റെ സുരക്ഷാകാര്യങ്ങളും ഇന്റെലിജന്‍സ് സംഘടനകളും പരിപൂര്‍ണമായി എംബിഎസിന് കീഴിലായിരുന്നുവെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഇത്തരമൊരു വലിയ ഓപ്പറേഷന്‍ അദ്ദേഹത്തിന്റെ അറിവില്ലാതെ നടക്കുക അസാധ്യമാണെന്നാണ് അമേരിക്ക കരുതുന്നത്.

എംബിഎസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് കൊണ്ട് മുന്‍ഗാമിയായ ഡൊണാള്‍ഡ് ട്രംപിന് വിരുദ്ധമായ നിലപാടാണ് ജോ ബൈഡന്‍ എടുത്തിരിക്കുന്നത്. നാളുകളായി ഈ റിപ്പോര്‍ട്ട് ഇവിടെയുണ്ടായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഭരണകൂടം അത് പുറത്തിറക്കാന്‍ പോലും തയ്യാറായില്ലെന്നും ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൈഡന്‍ കുറ്റപ്പെടുത്തി. എന്നാല്‍ താന്‍ അധികാരത്തിലെത്തിയ ഉടന്‍ റിപ്പോര്‍ട്ട് വായിക്കുകയും ഞട്ടിക്കുന്ന വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഉടന്‍ പുറത്ത് വിടാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നുവെന്ന് ബൈഡന്‍ വ്യക്തമാക്കി.

Maintained By : Studio3