ബിഎസ് 6 ബിഎംഡബ്ല്യു ആര്‍ നൈന്‍ ടി, ആര്‍ നൈന്‍ ടി സ്‌ക്രാംബ്ലര്‍ ഇന്ത്യയില്‍
സ്റ്റാന്‍ഡേഡ് മോഡലിന് 18.5 ലക്ഷം രൂപയും സ്‌ക്രാംബ്ലര്‍ വകഭേദത്തിന് 16.75 ലക്ഷം രൂപയുമാണ് ഇന്ത്യ എക്സ് ഷോറൂം വില
മുംബൈ: ബിഎസ് 6 പാലിക്കുന്ന ബിഎംഡബ്ല്യു ആര്‍ നൈന്‍ ടി, ആര്‍ നൈന്‍ ടി സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേഡ് മോഡലിന് 18.5 ലക്ഷം രൂപയും സ്‌ക്രാംബ്ലര്‍ വകഭേദത്തിന് 16.75 ലക്ഷം രൂപയുമാണ് ഇന്ത്യ എക്സ് ഷോറൂം വില. രണ്ട് ബൈക്കുകളും പൂര്‍ണമായി നിര്‍മിച്ചശേഷം (സിബിയു) ഇറക്കുമതി ചെയ്യുകയാണ്. അന്താരാഷ്ട്രതലത്തില്‍, പ്യുര്‍, അര്‍ബന്‍ ജി/എസ് എന്നീ മറ്റ് രണ്ട് വേരിയന്റുകളിലും ആര്‍ നൈന്‍ ടി ലഭ്യമാണ്.
2021 വര്‍ഷത്തേക്കായി മോട്ടോര്‍സൈക്കിളിന്റെ എന്‍ജിന്‍ പരിഷ്‌കരിച്ചു. യൂറോ 5 (ബിഎസ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് ഇപ്പോള്‍ 1,170 സിസി ബോക്സര്‍ എന്‍ജിന്‍. ഇതിനായി എയര്‍ ആന്‍ഡ് ഓയില്‍ കൂള്‍ഡ് എന്‍ജിനില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തി. ഇപ്പോള്‍ പുതിയ ടര്‍ബുലന്‍സ് സംവിധാനമുള്ള പുതിയ സിലിണ്ടര്‍ ഹെഡ് നല്‍കി.
പുതിയ ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിച്ചതോടെ എന്‍ജിന്‍ പുറപ്പെടുവിക്കുന്ന പരമാവധി കരുത്ത് ഒരു എച്ച്പി കുറഞ്ഞു. എന്‍ജിന്‍ ഇപ്പോള്‍ 7,250 ആര്‍പിഎമ്മില്‍ 109 എച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 116 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. ശക്തമായ മിഡ്റേഞ്ച് ലഭിക്കുന്നതിന്, പ്രത്യേകിച്ച് 4,000 ആര്‍പിഎമ്മിനും 6,000 ആര്‍പിഎമ്മിനും ഇടയില്‍, മോട്ടോര്‍ ട്യൂണ്‍ ചെയ്തതായി ബിഎംഡബ്ല്യു അറിയിച്ചു. കൂടാതെ, ആകര്‍ഷകമായ പുതിയ സിലിണ്ടര്‍ ഹെഡ് കവറുകളും നല്‍കി.
ബൈക്കുകളുടെ സ്‌റ്റൈലിംഗ് അതേപടി നിലനിര്‍ത്തി. രണ്ട് മോഡലുകള്‍ക്കും പുതുതായി രൂപകല്‍പ്പന ചെയ്ത വൃത്താകൃതിയുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിച്ചു. അനലോഗ് സ്പീഡോമീറ്റര്‍ ഡിസ്‌പ്ലേ, ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. ഹെഡ്ലൈറ്റ് ഇപ്പോള്‍ എല്‍ഇഡിയാണ്. ബാക്കിയെല്ലാം അതേപടി തുടരുന്നു.