അടുത്ത സാമ്പത്തിക വര്‍ഷം പശ്ചാത്തല വികസനം സംബന്ധിച്ച കാഴ്ചപ്പാട് ‘സുസ്ഥിരം’: ഇന്ത്യാ റേറ്റിംഗ്സ്
1 min readഹൈബ്രിഡ് ആന്വിറ്റി റോഡ് പദ്ധതികളെ കുറിച്ചുള്ള വീക്ഷണം സുസ്ഥിരം എന്നതില്‍ നിന്ന് പോസിറ്റിവ് ആക്കി ഉയര്‍ത്തി
ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യ മേഖല സംബന്ധിച്ച കാഴ്ചപ്പാട് ‘സുസ്ഥിരം’ എന്നതിലേക്ക് ഉയര്‍ത്തുന്നതായി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യാ റേറ്റിംഗ്സ് & റിസര്‍ച്ച്. മുന്‍ വര്‍ഷത്തെ നെഗറ്റിവ് എന്ന കാഴ്ചപ്പാടാണ് റേറ്റിംഗ് ഏജന്‍സി തിരുത്തിയിട്ടുള്ളത്. കരാറുകളിലൂടെയുള്ള വരുമാനങ്ങള്‍, കരാര്‍ കാലയളവുകള്‍ മെച്ചപ്പെടുന്നത് എന്നിവ ധന സ്ഥിതി മെച്ചപ്പെടുത്തുന്നു. ആളുകളുടെ ഗതാഗതവും ചരക്കുനീക്കവും മെച്ചപ്പെടുന്നുണ്ട്. 2021-22ലെ സാമ്പത്തിക വീണ്ടെടുക്കല്‍ പ്രതീക്ഷകള്‍ ശക്തമാണെന്നും ഇന്ത്യാ റേറ്റിംഗ്സ് ചൂണ്ടിക്കാണിക്കുന്നു.
എയര്‍പോര്‍ട്ടുകള്‍, വിന്‍ഡ് പവര്‍, വൈദ്യുതി തുടങ്ങിയ ചില മേഖലകള്‍ നെഗറ്റീവ് വീക്ഷണത്തോടെ തുടരുമെന്ന് ഏജന്‍സി അറിയിച്ചു. അടിസ്ഥാന സൗകര്യ മേഖലയിലെ പദ്ധതികള്‍ ഒരു നീണ്ട പ്രവര്‍ത്തന കാലയളവിലേക്ക് വേണ്ടിയുള്ളതാണെങ്കിലും പണമൊഴുക്കിലെ പ്രശ്നങ്ങള്‍ വിമാനത്താവളങ്ങള്‍, മെട്രോ റെയില്‍, വിന്‍ഡ് പവര്‍ എന്നീവ പദ്ധതികളെ ഹ്രസ്വകാലത്തേക്ക് ബാധിക്കുമെന്ന് റേറ്റിംഗ് ഏജന്‍സി വിലയിരുത്തുന്നു.
“ഇന്ത്യന്‍, വിദേശ വിപണികളില്‍ ആസ്തികളുടെ ശേഖരണം അനുകൂലമാണ്.
പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ മേഖലയിലെ പദ്ധതികളിലും ടോള്‍ പദ്ധതികളിലും എല്ലാം അപകടസാധ്യത പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗ്ഗമായി വൈവിധ്യവത്കരണം മാറിയിരിക്കുന്നു. ഇന്‍വിറ്റ് (ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ്സ്) പോലുള്ള മാര്‍ഗങ്ങളിലൂടെയുള്ള സമാഹരണം റോഡ് പദ്ധതികളിലൂടെ ഏകദേശം 850 ബില്യണ്‍ രൂപയും ഊര്‍ജ്ജ മേഖലയിലൂടെ ഏകദേശം 1,000,000 ബില്യണ്‍ രൂപയും ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു,’ ഇന്ത്യാ റേറ്റിംഗ്സിന്‍റെ അസോസിയേറ്റ് ഡയറക്ടര്‍ വിശാല്‍ കൊടേച്ച പറയുന്നു.
സൗരോജ്ജ മേഖല സുസ്ഥിരം എന്ന കാഴ്ചപ്പാടില്‍ തന്നെ തുടരുകയാണ്. സര്‍ക്കാര്‍ തലത്തിലെ പദ്ധതികളും സമീപവര്‍ഷങ്ങളില്‍ സ്വീകാര്യത വര്‍ദ്ധിച്ചതുമെല്ലാം ഇതിന് കാരണമാണ്. താപനിലയുടെ കാര്യത്തിലും കാഴ്ചപ്പാട് മികച്ച നിലയിലാണ്. ടോള്‍ റോഡുകള്‍ സംബന്ധിച്ച കാഴ്ചപ്പാട് നെഗറ്റീവില്‍ നിന്നും സുസ്ഥിരം എന്നതിലേക്ക് മാറ്റിയിട്ടുണ്ട്. 2020 ഒക്ടോബര്‍, നവംബര്‍ മാസങ്ങളോടു കൂടി ടോളുകളിലെ കളക്ഷന്‍ കൊറോണയ്ക്ക് മുമ്പുള്ള തലത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഹൈബ്രിഡ് ആന്വിറ്റി റോഡ് പദ്ധതികളെ കുറിച്ചുള്ള വീക്ഷണം സുസ്ഥിരം എന്നതില്‍ നിന്ന് പോസിറ്റിവ് ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്. കാരണം നിരവധി പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണ്.