December 30, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒറ്റപ്പെടല്‍ കൗമാര പ്രായക്കാരെ ഇന്റെര്‍നെറ്റുമായി അടുപ്പിക്കും

പകര്‍ച്ചവ്യാധിക്കാലത്ത് കൗമാര പ്രായക്കാര്‍ക്കിടയില്‍ ഒറ്റപ്പെടല്‍ വര്‍ധിച്ചതോടെ ഇന്റെര്‍നെറ്റ് ഉപയോഗവും കൂടി

കൗമാരപ്രായക്കാരെ നിരന്തരമായ ഇന്റെര്‍നെറ്റ് ഉപയോഗത്തിലേക്ക് തള്ളിവിടുന്ന അപകടകരമായ ഒരവസ്ഥയാണ് ഒറ്റപ്പെടല്‍. കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കാലത്ത് കൗമാര പ്രായക്കാര്‍ക്കിടയില്‍ ഒറ്റപ്പെടല്‍ വര്‍ധിച്ചതോടെ ഇന്റെര്‍നെറ്റ് ഉപയോഗവും കൂടി. ഒരു ദിവസത്തില്‍ മണിക്കൂറുകളോളം അവര്‍ ഓണ്‍ലൈന്‍ ലോകത്തായി.

16,17,18 വയസുള്ള 1,750 കുട്ടികളുടെ ഇന്റെര്‍നെറ്റ് ഉപയോഗം സംബന്ധിച്ച് ഫിന്‍ലന്‍ഡില്‍ നടത്തിയ പഠനം ഇന്റെര്‍നെറ്റ് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചാണ് പറയുന്നത്. കൗമാര പ്രായക്കാരുടെ ഇന്റെര്‍നെറ്റ് ഉപയോഗം ഇരുതല മൂര്‍ച്ചയുള്ള ഒരു വാളാണെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. മിതമായ തോതിലുള്ള ഇന്റെര്‍നെറ്റ് ഉപയോഗം ഗുണപരമാണെങ്കിലും നിര്‍ബന്ധ ബുദ്ധിയോടെയുള്ള ഇന്റെര്‍നെറ്റ് ഉപയോഗം ഹാനികരമാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. ഗെയിമുകളോടുള്ള ആസക്തി, സോഷ്യല്‍ മീഡിയയില്‍ ലഭിച്ച ലൈക്കുകള്‍ നിരന്തരമായി നിരീക്ഷിക്കുന്നത്, മറ്റുള്ളവരുമായുള്ള താരതമ്യം തുടങ്ങിയവയാണ് നിര്‍ബുദ്ധ ബുദ്ധിയോടെയുള്ള ഇന്റെര്‍നെറ്റ് ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍.

പതിനാറ് വയസുള്ള കുട്ടികള്‍ക്കിടയിലാണ് പ്രശ്‌നകാരണമാകുന്ന ഇന്റെര്‍നെറ്റ് ഉപയോഗം അധികമായി കാണപ്പെടുന്നതെന്നും ആണ്‍കുട്ടികളിലാണ് ഈ പ്രശ്‌നം കൂടുതലെന്നും പഠനം പറയുന്നു. ചിലരില്‍ മുതിര്‍ന്നതിന് ശേഷവും ഇതിന്റെ ദോഷഫലങ്ങള്‍ നിലനില്‍ക്കും. എന്നാല്‍ മറ്റുള്ളവരില്‍ വലുതാകുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ കുറയും. വലുതാകുന്നതിനനുസരിച്ച് സ്വയം നിയന്ത്രിക്കാനുള്ള ശേഷിയും അച്ചടക്കവും മെച്ചപ്പെട്ട്, വിദ്യാഭ്യാസത്തിലേക്കും മറ്റ് കാര്യങ്ങളിലേക്കും ശ്രദ്ധ തിരിയുമ്പോഴാണ് നിര്‍ബന്ധ ബുദ്ധിയോടെയുള്ള ഇന്റെര്‍നെറ്റ് ഉപയോഗം കുറയുന്നത്.

പ്രശ്‌നകാരണമാകുന്ന ഇന്റെര്‍നെറ്റ് ഉപയോഗം സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറുമെന്നതും കൗമാരപ്രായം കഴിയുന്നതോടെ കുറയുമെന്നതും ആശ്വാസം നല്‍കുന്ന കാര്യമാണെന്ന് ഹെല്‍സിങ്കി സര്‍വ്വകലാശാലയിലെ പ്രഫസര്‍ കാതറീന സല്‍മെല്ല അറോ പറയുന്നു. ഒറ്റപ്പെടല്‍ എന്ന അവസ്ഥയില്‍ മാറ്റമുണ്ടാകുന്നതും കൗരമാര പ്രായക്കാരുടെ ഇന്റെര്‍നെറ്റ് ഉപയോഗം കുറയ്ക്കുമെന്ന് സല്‍മെല്ല അഭിപ്രായപ്പെട്ടു. വീട്ടിലെ അന്തരീക്ഷവും മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുന്ന രീതിയുമെല്ലാം ഇന്റെര്‍നെറ്റ് ഉപയോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മാതാപിതാക്കള്‍ അകന്നു കഴിയുമ്പോള്‍ കുട്ടികള്‍ ഹാനികരമായ ഇന്റെര്‍നെറ്റ് ഉപയോഗത്തിലേക്ക് വഴുതിവീഴുന്നത് പതിവ് കാഴ്ചയാണ്. കൗമാരപ്രായക്കാരുടെ ജീവിതത്തിലും അവരുടെ കാര്യങ്ങളിലും മാതാപിതാക്കള്‍ ശ്രദ്ധ കൊടുക്കാതിരിക്കുന്നതും അവരെ ഇന്റെര്‍നെറ്റുമായി അടുപ്പിക്കും.

നിര്‍ബന്ധ ബുദ്ധിയോടെയുള്ള ഇന്റെര്‍നെറ്റ് ഉപയോഗം ഡിപ്രഷന് കാരണമാകുന്നതായും പഠനം പറയുന്നുണ്ട്. ഡിപ്രഷന്‍ മൂലം പ്രശ്‌നകാരണമായ ഇന്റെര്‍നെറ്റ് ഉപയോഗവും തിരിച്ച്, പ്രശ്‌നകാരണമായ ഇന്റെര്‍നെറ്റ് ഉപയോഗം മൂലം ഡിപ്രഷനും ഉണ്ടാകാം. മാത്രമല്ല പഠനത്തില്‍ മോശമാകുന്നതും അമിത ഇന്റെര്‍നെറ്റ് ഉപയോഗത്തിന്റെ മറ്റൊരു ദൂഷ്യഫലമാണ്. പഠനകാര്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ട സമയമാണ് ഇന്റെര്‍നെറ്റില്‍ പാഴായിപ്പോകുന്നത്. മാത്രമല്ല ഒരുപാട് സമയം ഓണ്‍ലൈനില്‍ ചിലവഴിക്കുന്നത് കുട്ടികളുടെ ഉറക്കത്തെയും ജീവിത താളത്തെയും ബാധിക്കും.

Maintained By : Studio3