5 നിക്ഷേപകരില്‍ നിന്ന് 1,800 കോടി സമാഹരിച്ച് സൊമാറ്റോ
1 min readന്യുഡെല്‍ഹി: ഫുഡ് ടെക് യൂണികോണ്‍ സോമാറ്റോ അഞ്ച് വ്യത്യസ്ത നിക്ഷേപകരില്‍ നിന്നായി 250 മില്യണ്‍ ഡോളര്‍ (ഏകദേശം 1,800 കോടി രൂപ) സമാഹരിച്ചു. 5.4 ബില്യണ്‍ ഡോളറിന്‍റെ പോസ്റ്റ്-മണി മൂല്യനിര്‍ണ്ണയത്തിലാണ് ഇടപാടുകള്‍ നടന്നതെന്ന് സൊമാറ്റോയിലെ നിക്ഷേപകരായ ഇന്‍ഫോ എഡ്ജ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് സമര്‍പ്പിച്ച ഫയലിംഗില്‍ വെളിപ്പെടുത്തുന്നു. ഡിസംബറിലെ ഫണ്ടിംഗില്‍ 3.9 ബില്യണ്‍ ഡോളറായിരുന്നു സോമാറ്റോയുടെ മൂല്യനിര്‍ണയം.
കോറ (115 മില്യണ്‍ ഡോളര്‍), ഫിഡിലിറ്റി (55 മില്യണ്‍ ഡോളര്‍), ടൈഗര്‍ ഗ്ലോബല്‍ (50 മില്യണ്‍ ഡോളര്‍), ബോ വേവ് (20 മില്യണ്‍ ഡോളര്‍), ഡ്രാഗോണിയര്‍ (10 മില്യണ്‍ ഡോളര്‍) എന്നിവയാണ് പുതിയ റൗണ്ടില്‍ നിക്ഷേപം നടത്തിയിട്ടുള്ള അഞ്ച് നിക്ഷേപകര്‍.660 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് പൂര്‍ത്തിയാക്കി രണ്ട് മാസങ്ങള്‍ക്കുളളിലാണ് പുതിയ ഫണ്ടിംഗ് ഘട്ടം സോമാറ്റോ നടപ്പാക്കിയിരിക്കുന്നത്.
ഈ വര്‍ഷം അവസാനം ഐപിഒയ്ക്കായി തയ്യാറെടുക്കുന്ന സൊമാറ്റോയില്‍ നിക്ഷേപകര്‍ക്കുള്ള ശക്തമായ ആത്മവിശ്വാസം വ്യക്തമാക്കുന്നതാണ് പുതിയ റൗണ്ട്. കോവിഡ് -19 നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം ഒരു പരിധിവരെ ബാധിക്കപ്പെട്ട സോമാറ്റോയുടെ ബിസിനസ്സില്‍ നിക്ഷേപകര്‍ വിശ്വാസമര്‍പ്പിക്കുന്നു എന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.