ലോകത്തിലെ ഏറ്റവും മികച്ച ആറ് ഡ്രൈവ് ഇന്‍ ബീച്ചുകളിലൊന്നാണ് മുഴപ്പിലങ്ങാടെന്ന് ബിബിസി
1 min readകണ്ണൂരിന്‍റെ മുഖച്ഛായ മാറ്റാന്‍ മുഴപ്പിലങ്ങാട് ബീച്ച്
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും മികച്ച ആറ് ഡ്രൈവ് ഇന്‍ ബീച്ചുകളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ച് എന്ന് ബിബിസി വിശേഷിപ്പിക്കുന്നു. ഇതോടൊപ്പം ധര്‍മ്മടം ബീച്ചും ധര്‍മ്മടം ദ്വീപും സഞ്ചാരികളുടെ പ്രിയ ഇടങ്ങളായി മാറുന്നു. നാല് കിലോമീറ്റര്‍ ദൈര്‍ഘ്യം വരെ മുഴപ്പിലങ്ങാട് കടല്‍ത്തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച് യാത്രചെയ്യാന്‍ (ഡ്രൈവ്-ഇന്‍-ബീച്ച്) കഴിയും.
ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഡ്രൈവ് ഇന്‍ ബീച്ചും ഇതാണ്. ഇവിടെ കടലിന് താരതമ്യേന ആഴം കുറവാണ്. അതിനാല്‍ അപകടസാധ്യത തീരെ കുറവാണ്. കടല്‍ത്തീരത്ത് വാഹനങ്ങളുടെ ടയറുകള്‍ താഴ്ന്നു പോകാറുമില്ല. ഇതോടനുബന്ധിച്ച് കണ്ണൂരിനെ വടക്കന്‍ കേരളത്തിന്‍റെ ടൂറിസം ഹബ്ബാക്കാനുള്ള ഒരു പദ്ധതി അണിയറയില്‍ തയ്യാറായി വരികയാണ്. മുഴപ്പിലങ്ങാടിനുതന്നെ വടക്കന്‍കേരളത്തിന്‍റെ മുഖച്ഛായ മാറ്റാന്‍ കഴിയുമെന്ന് അധികൃതര്‍ വിശ്വസിക്കുന്നു.
മുഴപ്പിലങ്ങാടും ധര്‍മ്മടത്തുമായി 233.72 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ടൂറിസം രംഗത്ത് പ്രധാന ഘടകമാണ്. ഈ പദ്ധതികളിലൂടെ കണ്ണൂരിനെ ലോക ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്താന്‍ വളരെയധികം സാധ്യതയുണ്ടെന്ന് ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ പറയുന്നു. മലബാര്‍ മേഖലയിലെ വിനോദ സഞ്ചാരത്തിന് ഈ പദ്ധതി കുതിപ്പേകുമെന്നും അദ്ദേഹം പറയുന്നു.മൂന്ന് വശത്ത് നദികളും ഒരു വശത്ത് അറേബ്യന്‍ കടലും ധര്‍മ്മടത്തിന് ചുറ്റുമുണ്ട്. അഞ്ചരക്കണ്ടി, തലശ്ശേരി നദികളുടെ സംഗമസ്ഥാനത്താണ് ഈ ദ്വീപ്.
എല്ലാ ശൈത്യകാലത്തും പെക്ടറല്‍ സാന്‍ഡ്പൈപ്പര്‍, കാസ്പിയന്‍ പ്ലോവര്‍ എന്നിവയുള്‍പ്പെടെ മുപ്പതിലധികം ഇനം ദേശാടന പക്ഷികള്‍ സന്ദര്‍ശിക്കുന്ന ഇടമാണ് മുഴപ്പിലങ്ങാട്. ഒരു പ്രധാന ബുദ്ധമത കേന്ദ്രമായി അറിയപ്പെട്ടിരുന്ന ധര്‍മ്മടം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 27 കിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഥിതിചെയ്യുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇവിടേക്കെത്താന്‍ 30 മിന്ിട്ടുമാത്രം മതിയാകും. ഈ ഗതാഗത സൗകര്യങ്ങള്‍ പ്രദേശത്തെ വളരെ വേഗം എത്തിപ്പെടാവുന്ന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു.
ഇവിടെ നടപ്പാക്കുന്ന വികസന പദ്ധതികള്‍ മുഴപ്പിലങ്ങാടേക്കും ധര്‍മ്മടത്തേക്കും ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കും. പ്രതിവര്‍ഷം രണ്ട് ദശലക്ഷം സന്ദര്‍ശകര്‍ ഇവിടെയെത്തുമെന്നാണ് കണക്കാക്കുന്നതെന്ന് ടൂറിസം മന്ത്രി പറയുന്നു. ഇത് സംസ്ഥാനത്തിന്‍റെ ജിഡിപിയെ വര്‍ദ്ധിപ്പിക്കും. കൂടാതെ ഈ സ്ഥലത്തെ മികച്ച ടൂറിസം കേന്ദ്രമാക്കാനും അതുവഴി മേഖലയിലെ മറ്റ് ബിസിനസുകള്‍ക്കും വ്യവസായങ്ങള്‍ക്കും വികസന അവസരങ്ങള്‍ നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
കണ്ണൂരില്‍ ഒരു പുതിയ അന്താരാഷ്ട്ര വിമാനത്താവളം ഉള്ളതിനാല്‍, ഈ മൂന്ന് ടൂറിസം കേന്ദ്രങ്ങളിലേക്കും ഇപ്പോള്‍ ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അനായാസം എത്താനുമാകും.
നിലവില്‍, മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച്, മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മ്മടം ബീച്ച്, ധര്‍മ്മടം ദ്വീപ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായാണ് പദ്ധതിയെ വിഭജിച്ചിരിക്കുന്നത്.ഈ മൂന്ന് ടൂറിസ്റ്റ് സൈറ്റുകളും കാര്യക്ഷമമായി പരസ്പരം ബന്ധിപ്പിച്ചിട്ടില്ല. അതിനാല്‍ അതിനാല്‍ മൂന്ന് ലക്ഷ്യസ്ഥാനങ്ങളില്‍ ഏതെങ്കിലും ഒന്ന് സന്ദര്‍ശിക്കുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് മറ്റ് സൈറ്റുകള്‍ക്ക് കഴിയാതെ വരുന്നു. മാത്രമല്ല, ഉയര്‍ന്ന വേലിയേറ്റ സമയത്ത് ധര്‍മ്മടം ദ്വീപ് അപ്രാപ്യമാണ്. രണ്ട് കാല്‍നടയ്ക്കായുള്ള പാലം നിര്‍മിച്ച് മൂന്ന് സൈറ്റുകളെയും ബന്ധിപ്പിക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് പറയുന്നു.
‘സൈറ്റിന്‍റെ വലിപ്പം ഗണ്യമായതിനാല്‍, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ അവിടെ സാധ്യമാണ്. ഇത് വിനോദ സഞ്ചാരസാധ്യതയെ വര്‍ധിപ്പിക്കുന്നു. ചുരുക്കത്തില്‍ മലബാര്‍ മേഖലയുടെ ഉഖച്ഛായ മാറ്റാന്‍ ഈ കൊച്ചു പ്രദേശത്തിനു കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡാണ് ഈ പദ്ധതിക്ക് ധനസഹായം നല്‍കുന്നത്.