അതിര്‍ത്തി സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യാ-ചൈന സൈനിക ചര്‍ച്ച
ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്ര, ഡെപ്സാംഗ് എന്നിവിടങ്ങളില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്ന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിനും മേഖലയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനുമായി ഇന്ത്യയും ചൈനയും മറ്റൊരു സൈനിക ചര്‍ച്ച നടത്തി. കരാറിന്‍റെ ഭാഗമായി പാംഗോങ് തടാക പ്രദേശങ്ങളിലെ വടക്ക്, തെക്ക് തീരങ്ങളില്‍ നിന്ന് സൈനികരും ആയുധങ്ങളും മറ്റ് സന്നാഹങ്ങളും പിന്‍വലിക്കുന്നത് ഇരുവിഭാഗങ്ങളിലെയും സൈനികര്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് രണ്ട്ദിവസത്തിനുശേഷമാണ് കോര്‍പ്സ് കമാന്‍ഡര്‍ ലെവല്‍ ചര്‍ച്ചയുടെ പത്താം റൗണ്ട് നടക്കുന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോ അതിര്‍ത്തി പോയിന്‍റിലായിരുന്നു ചര്‍ച്ച.
ഒന്‍പത് മാസത്തിലേറെയായി രണ്ട് സൈനികരും തമ്മില്‍ ശക്തമായ സംഘര്‍ഷമുണ്ടായ മേഖലയാണിത്. ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്ര, ഡെപ്സാങ് തുടങ്ങിയ അവശേഷിക്കുന്ന പ്രദേശങ്ങളില്‍നിന്ന് വേഗത്തില്‍ സൈനിക പിന്മാറ്റം നടത്താന്‍ ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. സൈനിക പിന്മാറ്റം തന്നെയാണ് ചര്‍ച്ചയുടെ കാതല്‍ എന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു.
ലേ ആസ്ഥാനമായുള്ള 14 കോര്‍പ്സിന്‍റെ കമാന്‍ഡര്‍ ലഫ്റ്റനന്‍റ് ജനറല്‍ പിജികെ മേനോനാണ് ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) സൗത്ത് സിന്‍ജിയാങ് മിലിട്ടറി ഡിസ്ട്രിക്റ്റിന്‍റെ കമാന്‍ഡറായ മജ് ജനറല്‍ ലിയു ലിനാണ് ചൈനീസ് ടീമിനെ നയിച്ചത്. പാംഗോങിലെ തടാക പ്രദേശങ്ങളില്‍ നിന്ന് സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കിയ ശേഷം 48 മണിക്കൂറിനുള്ളില്‍ ഇരുവിഭാഗങ്ങളിലെയും മുതിര്‍ന്ന കമാന്‍ഡര്‍മാരുടെ അടുത്ത യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് നേരത്തെ പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് പാര്‍ലമെന്‍റിലെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം മെയ് അഞ്ചിനാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ പാംഗോങ് തടാക പ്രദേശങ്ങളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. തുടര്‍ന്ന് ഇരുവിഭാഗവും പതിനായിരക്കണക്കിന് സൈനികരെയും വിനാശകാരികളായ ആയുധങ്ങളും പ്രദേശത്ത് വിന്യസിച്ചു. ഇത് പിന്നീട് വര്‍ധിപ്പിക്കുകയും ചെയ്തു.
ഒന്‍പത് സൈനിക ചര്‍ച്ചകളില്‍, പാംഗോങ് തടാകത്തിന്‍റെ വടക്കന്‍ തീരത്ത് ഫിംഗര്‍ 4 ല്‍ നിന്ന് ഫിംഗര്‍ 8 ലേക്ക് ചൈനീസ് സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. തടാകത്തിന്‍റെ തെക്കേ തീരത്തുള്ള നിരവധി തന്ത്രപ്രധാനമായ കൊടുമുടികളില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെയും പിന്‍വലിക്കണമെന്നായിരുന്നു മറുപക്ഷത്തിന്‍റെ ആവശ്യം. ചൈന ഭീഷണി സൃഷ്ടിച്ച സാഹചര്യത്തില്‍ തെക്കന്‍ കരയ്ക്ക് ചുറ്റുമുള്ള മുഖ്പാരി, റെചിന്‍ ലാ, മഗര്‍ കുന്നിന്‍പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈനികര്‍ നിരവധി തന്ത്രപരമായ ഉയരങ്ങള്‍ കൈവശപ്പെടുത്തിയിരുന്നു.