ഇന്ത്യയില്‍ വീണ്ടും കോവിഡ് കേസുകള്‍ കൂടുന്നു
1 min readരാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 10,963,394 പിന്നിട്ടു; മരണസംഖ്യ 1,56,111
ന്യൂഡെല്‍ഹി:ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കോവിഡ്-19 കേസുകളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. പുതിയതായി 13,193 പേരില്‍ കൂടി രോഗബാധ കണ്ടെത്തിയതോടെ (ഇന്നലെ രാവിലെ വരെയുള്ള കണക്കനുസരിച്ച് )രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 10,963,394 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം ബാധിച്ച് 97 പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1,56,111 ആയി.
ഒരു മാസമായി 15,000ത്തില്‍ താഴെ പ്രതിദിന കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല ഭാഗങ്ങളിലും കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ പെട്ടന്നുള്ള വര്‍ധന രേഖപ്പെടുത്തി. ഫെബ്രുവരി 15,16,17 തീയതികളില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം യഥാക്രമം 11,649, 9,121,11,610 എന്നിങ്ങനെ ആയിരുന്നെങ്കില്‍ വ്യാഴാഴ്ച പുതിയതായി രോഗം കണ്ടെത്തിയവരുടെ എണ്ണം 12,881ല്‍ എത്തി. ഈ മാസം ഒന്‍പതാം തീയ്യതിയ രേഖപ്പെടുത്തിയ 9,110 ആണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഈ വര്‍ഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സംഖ്യ.
കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ പ്രതിദിനം പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ശരാശരി 9,000ത്തിനും 12,000ത്തിനും ഇടയിലാണെന്നും മരണസംഖ്യ 78നും 120 ഇടയിലാണെന്നും നേരത്തെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് നിലവില്‍ 1,39,542 ആക്ടീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഇതുവരെ 1,06,67,741 പേര്‍ രോഗമുക്തി നേടി. കോവിഡ്-19 രോഗമുക്തി നിരക്ക് 97.30 ശതമാനവും മരണനിരക്ക് 1.42 ശതമാനവുമാണ്.
ജനുവരി 26ന് വാക്‌സിന്‍ വിതരണം ആരംഭിച്ച ശേഷം ഇതുവരെ രാജ്യത്ത് 10 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകത്ത് ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ വിതരണം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.