സുരക്ഷയില്‍ കേമന്‍ : എതിരാളികളെ വെല്ലുവിളിച്ച് ടാറ്റ അള്‍ട്രോസ്
മാരുതി സുസുകി ബലേനോ, ഹ്യുണ്ടായ് ഐ20 മോഡലുകളെ പരിഹസിച്ചാണ് ടാറ്റ അള്‍ട്രോസ് രംഗത്തെത്തിയത്
മുംബൈ: സുരക്ഷയില്‍ ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെയാണ് കുറച്ചുകാലമായി ടാറ്റ മോട്ടോഴ്‌സ് പുതിയ കാറുകളെല്ലാം വിപണിയിലെത്തിക്കുന്നത്. ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമിന്റെ (എന്‍കാപ്) ഭാഗമായി നടത്തുന്ന ഇടി പരിശോധനകളില്‍ സ്വന്തം മോഡലുകള്‍ ഉയര്‍ന്ന റേറ്റിംഗ് നേടുന്നതിന്റെ അഭിമാനത്തിലുമാണ് കമ്പനി. ഗ്ലോബല്‍ എന്‍കാപ് നടത്തിയ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ മോഡലാണ് ടാറ്റ അള്‍ട്രോസ്. ഇതിന്റെ പേരില്‍ സെഗ്‌മെന്റിലെ സ്വന്തം എതിരാളികളെ വെല്ലുവിളിച്ചിരിക്കുകയാണ് അള്‍ട്രോസ്.
വാലന്‍ന്റൈന്‍ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയിലാണ് മാരുതി സുസുകി ബലേനോ, ഹ്യുണ്ടായ് ഐ20 മോഡലുകളെ പരിഹസിച്ച് ടാറ്റ അള്‍ട്രോസ് രംഗത്തെത്തിയത്. വാലന്‍ന്റൈന്‍ ദിനത്തില്‍ രണ്ട് എതിരാളികളോടും സ്‌നേഹം പ്രകടിപ്പിച്ച അള്‍ട്രോസ് തുടര്‍ന്ന് ക്രാഷ്‌ഡേറ്റ് നിശ്ചയിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. ഹേയ് ബായ് ലെനോ, ഹായ് 20 എന്നിങ്ങനെയാണ് രണ്ട് എതിരാളികളെയും ടാറ്റ അള്‍ട്രോസ് അഭിസംബോധന ചെയ്തത്.
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കിന്റെ എതിരാളികളെ ഇതാദ്യമായല്ല അങ്കത്തിന് ക്ഷണിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫാദേഴ്‌സ് ഡേയില്‍ പുറത്തിറക്കിയ വീഡിയോയില്‍ മാരുതി സുസുകി ബലേനോ, ഹ്യുണ്ടായ് ഐ20, ടൊയോട്ട ഗ്ലാന്‍സ മോഡലുകളെയാണ് വെല്ലുവിളിച്ചത്.